ഗോ വധത്തിനെതിരെ കര്‍ശന നടപടിയെന്ന് ആദിത്യനാഥ്; പോലീസുകാരന്റെ കൊലയില്‍ നിശബ്ദത..
ഗോവധം നടത്തിയവർക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകി ഉത്തർപ്രദേശ്മു ഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുലന്ദ്ശഹറിലുണ്ടായ കലാപത്തിൽ പോലീസ് ഇൻസ്പെക്ടർ അടക്കം രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ നിശബ്ദത തുടരുമ്പോഴാണ് പശുക്കളെ കശാപ്പ് ചെയ്തവർക്കെതിരെ നടപടിക്ക് നിർദേശം നൽകിയിരിക്കുന്നത്. ബുലന്ദ്ശഹറിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. പശുക്കളെ കശാപ്പ് നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിപോലീസിന് നിർദേശം നൽകിയതായി യോഗത്തിൽ പങ്കെടുത്ത മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവിനിഷ് അവാസ്തി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും പിന്നിൽ പ്രവർത്തിച്ചവരെ നിർബന്ധമായും സമയബന്ധിതമായി അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ, കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിങ് തലയിൽ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോ പരാമർശങ്ങളൊന്നും നടത്തിയില്ലെന്നാണ് റിപ്പോർട്ട്.

No comments