Breaking News

ഹര്‍ത്താലും ശബരിമല പ്രതിഷേധവും: വിയ്യൂര്‍ ജയില്‍ ഹൗസ് ഫുള്ളായി


തൃശൂര്‍: ശബരിമല വിഷയത്തിന്റെ മറവില്‍ അക്രമം പെരുകിയതോടെ തടവുകാരാല്‍ നിറഞ്ഞ് നിറഞ്ഞ് വിയ്യൂര്‍ ജയില്‍. ശേഷിയേക്കാളേറെ അന്തേവാസികളുമായി വീര്‍പ്പുമുട്ടുകയാണ് വിയ്യൂര്‍. പ്രതികളുടെ എണ്ണം ദിനേന വര്‍ധിക്കുമ്ബോള്‍ മതിയായ ജീവനക്കാരില്ലെന്നതും ജയിലിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ട്. ശബരിമല വിഷയുമായുള്ള അക്രമസംഭവങ്ങള്‍ കൂടിയായപ്പോള്‍ ദിവസവും നൂറോളം പേരെയാണ് ജയിലിലെത്തിക്കുന്നത്. ഇതാണ് സുരക്ഷയെ ബാധിക്കുന്നതും. നാല് ബ്ലോക്കുകളിലായി നാല്‍പ്പത്തിനാല് സെല്ലുകളാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്.

കണക്കനുസരിച്ച്‌ സെന്‍ട്രല്‍ ജയിലില്‍ 560 പേരാണ് പാര്‍പ്പിക്കാവുന്ന ശേഷിയെന്നിരിക്കെ 830 പേരാണുള്ളത്. ജില്ലാ ജയിലില്‍ 121 പേരാണ് ശേഷി, 278 പേരാണുള്ളത്.

സബ് ജയിലില്‍ 50 പേരാണ് ശേഷിയെന്നിരിക്കെ 130 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്തുവെങ്കിലും ഇപ്പോഴും പ്രവൃത്തികള്‍ ഇഴഞ്ഞ് നീങ്ങുന്ന അതി സുരക്ഷാ ജയില്‍ തൊട്ടടുത്ത് തന്നെയുള്ളപ്പോഴാണ് തടവുകാരുടെ എണ്ണത്താല്‍ താങ്ങാനാവാതെ ജയില്‍ തിങ്ങുന്നത്.

ശിക്ഷ ലഭിച്ചവരേക്കാള്‍ കൂടുതല്‍ വിചാരണ തടവുകാരാണ് ജയിലില്‍ ഏറെയും. സംസ്ഥാനത്തെ ജയിലുകളിലെല്ലാം കൂടി 6217 പേരെയാണ് പാര്‍പ്പിക്കാനാവുകയെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ നിലവില്‍ കഴിയുന്നത് എണ്ണായിരത്തോളം പേരാണ്. ഇതില്‍ 2715 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടവരുള്ളു. മുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ജീവനക്കാര്‍ വേണ്ടിടത്ത് വിയ്യൂരിലുള്ളത് നൂറില്‍ താഴെ ജീവനക്കാര്‍ മാത്രം. ഉള്‍ക്കൊള്ളാനാവുന്നതിലധികം തടവുകാരും എത്തിയതോടെ ക്രമീകരണങ്ങള്‍ താളംതെറ്റുകയാണ്. ജയില്‍ ചട്ടപ്രകാരം 1:6 എന്ന അനുപാതത്തിലാണ് വാര്‍ഡന്‍മാരെ നിയമിക്കേണ്ടത്.

ജയിലുകളുടെ സ്ഥിതിപഠിക്കാന്‍ നിയോഗിച്ച നിയമസഭാ ഉപസമിതി അടിയന്തിരമായി ജയില്‍ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും കാര്യമായ പരിഗണന നല്‍കിയിട്ടില്ല. ജയില്‍ പ്രവര്‍ത്തനം അവതാളത്തിലായതു മാത്രമല്ല തടവുകാരെ ചികിത്സയ്ക്കു കൊണ്ടുപോകുന്നതിനടക്കം തടസം നേരിടുകയാണ്. ജീവനക്കാരുടെ അഭാവം മൂലം ചികിത്സ ലഭിക്കാതെ തടവുകാര്‍ മരിക്കുന്നതും കോടതികളില്‍ വിചാരണക്ക് ഹാജരാക്കാത്തതും പരാതിയായി തുടരുകയാണ്.

No comments