Breaking News

രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ 16 മുതല്‍ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍..

ലോക്സഭാ തിരഞ്ഞെടുപ്പില്‍ 16 മുതല്‍ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
20 ലോക്സഭാ മണ്ഡലം കമ്മിറ്റികളില്‍ നിന്നും നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

പാലക്കാട്, ആറ്റിങ്ങല്‍ സീറ്റുകളൊഴികെ 18 ലും വിജയസാധ്യതയുണ്ടെന്നാണു നേതൃത്വത്തിന്റെ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏകോപന ക്കുറവുണ്ടായെന്നാണു വിലയിരുത്തല്‍.

മറ്റൊരു ഇടതുകോട്ടയായ ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് വിള്ളലുണ്ടാക്കിയെന്നതില്‍ തര്‍ക്കമില്ല. അതേസമയം അതു വിജയത്തിലേക്ക് എത്തുമോയെന്നതാണു സംശയം.

രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതിയും ലഭിച്ചിട്ടുണ്ട്.

ഇടതിന്റെ ശക്തി ദുര്‍ഗങ്ങളായ ആലത്തൂരിലും കാസര്‍കോട്ടും വന്‍മുന്നേറ്റം നടത്തിയെന്നാണു കോണ്‍ഗ്രസ് നിഗമനം.
ആലത്തൂരില്‍ ഇടതു വോട്ടുകള്‍ വരെ രമ്യ ഹരിദാസ് നേടിയതായും അവകാശവാദമുണ്ട്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ തീവ്രമായ മത്സരം നടന്നു.
ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ് തുടക്കത്തില്‍ നേടിയ വ്യക്തമായ മേല്‍ക്കൈ അവസാനമായപ്പോള്‍ യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ മറികടന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തീവ്രമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ സിറ്റിങ് എംപി ആന്റോ ആന്റണി കടന്നു കൂടുമെന്നാണു പ്രതീക്ഷയെങ്കിലും വിവിധ ഘടകങ്ങള്‍ പ്രവചനാതീതമായ നിലയുണ്ടാക്കിയെന്ന വിശകലനം നേതൃത്വം പൂര്‍ണമായും തള്ളുന്നില്ല.
തിരുവനന്തപുരത്തും ഇതേ ആകാംക്ഷ ഉണ്ടായെങ്കിലും പോളിങ് ദിനത്തിലെ ന്യൂനപക്ഷ കേന്ദ്രീകരണം ശശി തരൂരിന്റെ ജയമുറപ്പിച്ചുവെന്ന റിപ്പോര്‍ട്ടാണുള്ളത്.
മലപ്പുറവും പൊന്നാനിയുടെ കോട്ടയവും ഘടക കക്ഷികൾക്ക് ഉറച്ച പ്രതീക്ഷയാണ് നൽകുന്നത്. കൊല്ലത്തും പ്രേമചന്ദ്രന്റെ വ്യക്തി പ്രഭാവം വോട്ടായി മാറും. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടും, യുവ രക്തങ്ങൾ മത്സരിക്കുന്ന എറണാകുളത്തും ഇടുക്കിയിലും  ഉറച്ച പ്രതീക്ഷയാണ്. 

No comments