Breaking News

മരണം 321 ആയി: ശ്രീലങ്കയിലെ ഭീകരതയ്‌ക്ക് പിന്നില്‍ ഐസിസ്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്‌ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഉണ്ടായ സ്‌ഫോടന പരമ്ബരയുടെ ഉത്തരവാദിത്തം ഭീകരസഘടനയായ ഐസിസ് ഏറ്റെടുത്തു. ഐസിസിന്റെ തന്നെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല. സ്ഫോടനങ്ങളില്‍ മരണം 321 ആയി ഉയര്‍ന്നിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിരുന്നില്ല. നാഷണല്‍ തൗഹീത് ജമാഅത്ത് എന്ന ഭീകര ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളി ആക്രമിച്ചതിന്റെ പ്രതികാരമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ശ്രീലങ്കന്‍ പ്രതിരോധമന്ത്രി റുവാന്‍ വിജെവര്‍ദ്ധനെ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി.

നാഷണല്‍ തൗഹീത് ജമാഅത്ത് (എന്‍.ടി.ജെ ) ഗ്രൂപ്പിലെ ഏഴ് ലങ്കന്‍ ചാവേറുകളാണ് സ്ഫോടനപരമ്ബര നടത്തിയതെന്നു ശ്രീലങ്കന്‍ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനാരത്ന വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ജമാ അത്തുള്‍ മിലാത്ത് ഇബ്രാഹിം (ജെ.എം.ഐ) എന്ന സംഘടനയുടെ പങ്കും സംശയിക്കുന്നതായി റുവാന്‍ വിജെവര്‍ദ്ധനെ പറഞ്ഞു. താരതമ്യേന ചെറിയ സംഘടനകളായ ഇവര്‍ക്ക് രാജ്യാന്തര സംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണ ഭീഷണി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍വന്നു. ശ്രീലങ്കന്‍ പൊലീസിനൊപ്പം ഇന്റര്‍പോളും ചേര്‍ന്നതോടെ മറ്റൊരു ഭീകരസംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദീന്റെ നേര്‍ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

മാര്‍ച്ച്‌ 15 ന് വെള്ളിയാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ അക്രമി വെടിവെയ്പ് നടത്തിയത്. വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ അക്രമി ഫേസ്ബുക്കില്‍ ലൈവായി നല്‍കിയിരുന്നു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലര്‍ മരിച്ചതോടെയാണ് മരണം 321 ആയത്. 500ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30ഓളം വിദേശികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ക്കായി ഇന്നലെ രാവിലെ രാജ്യം മൂന്നു മിനിട്ട് മൗനപ്രാര്‍ത്ഥന നടത്തി. ആദ്യ സ്‌ഫോടനമുണ്ടായ 8.30നാണ് പ്രാര്‍ത്ഥന തുടങ്ങിയത്.സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആഭ്യന്തര യുദ്ധത്തിന് ശേഷം ഏറ്റവും ആള്‍നാശമുണ്ടായ ആക്രമണമാണ് ശ്രീലങ്കയില്‍ ഞായറാഴ്ചയുണ്ടായത്.

No comments