വാരണാസിയില്‍ പ്രിയങ്കയ്ക്ക് എസ്.പി-ബി.എസ്.പി പിന്തുണ, സുരക്ഷിത മണ്ഡലം തേടി മോദി ഡല്‍ഹിയിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ അങ്കത്തിന് കളമൊരുക്കി കോണ്‍ഗ്രസ് നേതൃത്വം. മോദിക്കെതിരെ പ്രതിപക്ഷത്ത് പൊതു സ്ഥനാര്‍ത്ഥിയായി പ്രിയങ്കയെ നിറുത്താനായി കോണ്‍ഗ്രസ് എസ്.പി- ബി.എസ്.പി പാര്‍ട്ടികളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രിയങ്ക മത്സരിച്ചാല്‍ മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തില്ലെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇരുപാര്‍ട്ടികളുടെയും പിന്തുണ പ്രിയങ്കയ്ക്ക് ലഭിച്ചാല്‍ ശക്തമായ മത്സരത്തിനായിരിക്കും വാരാണസി കളമൊരുങ്ങുക.
അതേസമയം, പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷിത മണ്ഡലം തേടുന്നതായി റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് ന്യൂഡല്‍ഹി മണ്ഡലം പരിഗണനയിലാണെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. മോദി മത്സരിക്കുന്നത് ഡല്‍ഹിയിലെ മുഴുവന്‍ സീറ്റുകളിലും ഗുണം ചെയ്യുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ഡല്‍ഹിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തത് അഭ്യൂഹങ്ങള്‍ക്കു ശക്തി പകര്‍ന്നിട്ടുണ്ട്. എന്നാല്‍, മോദി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നാലെ എ.എ.പി-കോണ്‍ഗ്രസ് സഖ്യം ഭിന്നതകള്‍ മറന്ന് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും കൂടി ചെയ്താല്‍ തീപാറുന്ന പോരാട്ടത്തിനാവും ന്യൂഡല്‍ഹി മണ്ഡലം വേദിയാവുക. ഡല്‍ഹിയില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകില്ല.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി ഇന്നലെ അറിയിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനെത്തിയ പ്രിയങ്ക മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
എന്നാല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയുടെ മത്സരകാര്യത്തില്‍ അനുകൂലമായ തീരുമാനമാകും ഹൈക്കമാന്‍ഡ് സ്വീകരിക്കുകയെന്നാണ് സൂചന. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചാല്‍ മറ്റിടങ്ങളിലെ പ്രചാരണത്തെ അത് ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.

No comments