Breaking News

മുന്നറിയിപ്പു ലഭിച്ചിട്ടും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട ശ്രീലങ്ക സര്‍ക്കാര്‍ ക്ഷമാപണം നടത്തി

ആഴ്ചകള്‍ക്കു മുന്‍പേ ഇന്റിലിജന്‍സ് മുന്നറിയിപ്പു ലഭിച്ചിട്ടും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ട ശ്രീലങ്ക സര്‍ക്കാര്‍ ക്ഷമാപണം നടത്തി. കുടുംബങ്ങളോടും സ്ഥാപനങ്ങളോടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തുന്നതായി ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്നെ പറഞ്ഞു. അതേ സമയം, ഭീകരാക്രമണം തടയാന്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പൊലീസ്, സുരക്ഷാസേനകളുടെ തലവന്‍മാരെ 24 മണിക്കൂറിനകം നീക്കുമെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. വിദേശരാജ്യത്തുനിന്നു ലഭിച്ച മുന്നറിയിപ്പു വിവരം തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്‍ടിജെ പള്ളികള്‍ അടക്കം ലക്ഷ്യമിട്ടു ഭീകരാക്രമണം നടത്തുമെന്നാണ് ഏപ്രില്‍ 11ന് ഇന്റിലിജന്‍സ് ഏജന്‍സി മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് കൈമാറിയില്ല. ഇന്ത്യന്‍ ഏജന്‍സികളും മുന്നറിയിപ്പു നല്‍കിയിരുന്നു. ഭീകരാക്രമണം എന്‍ടിജെ ഒറ്റയ്ക്കു നടത്തിയതാണെന്നു വിശ്വസിക്കുന്നില്ലെന്നും രാജ്യാന്തര ബന്ധങ്ങള്‍ അന്വേഷിക്കുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.

പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള ശീതയുദ്ധം മൂലമാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകാതിരുന്നതെന്നാണു സൂചന. കഴിഞ്ഞ വര്‍ഷം വിക്രമസിംഗെയെ സിരിസേന പുറത്താക്കിയെങ്കിലും സുപ്രീം കോടതി ഇടപെട്ടു തിരിച്ചെത്തിക്കുകയായിരുന്നു.

No comments