Breaking News

കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര വിരിഞ്ഞ സംഭവം: വന്‍ വെളിപ്പെടുത്തലുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്ബോള്‍ താമര ചിഹ്നത്തിന് വോട്ട് പോകുന്നുവെന്ന ആരോപണത്തില്‍ വന്‍ വെളിപ്പെടുത്തലുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ രംഗത്തെത്തി.

ചൊവ്വര ബൂത്തില്‍ ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രത്തില്‍ അത്തരത്തില്‍ ഒരു തകരാര്‍ ഉണ്ടായിരുന്നുവെന്ന് മീണ സമ്മതിച്ചു.
ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടര്‍ന്ന് റിസര്‍വ് യന്ത്രം എത്തിച്ച്‌ വോട്ടിംഗ് തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യന്ത്രത്തിന് തകരാര്‍ സംഭവിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന ജില്ലാ കളക്‌ടര്‍ കെ.വാസുകിയുടെ വാദം തള്ളുന്നത് കൂടിയാണ് മീണയുടെ വെളിപ്പെടുത്തല്‍.

വോട്ടെടുപ്പ് നടന്ന ദിവസം രാവിലെയാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ആരോപണം ഉയരുന്നത്.
കോവളം ചൊവ്വര ബൂത്തില്‍ 76 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് കൈപ്പത്തി ചിഹ്നത്തിന് പകരം താമര വിരിയുന്നുവെന്ന പരാതി ഉന്നയിച്ചത്.
എന്നാല്‍ പരാതിക്കാന്‍ തന്നെ ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തതോടെ ഇക്കാര്യം ഉന്നയിച്ചയാള്‍ രേഖാമൂലം പരാതിപ്പെടാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഇവിടെ മറ്റൊരു യന്ത്രമെത്തിച്ച്‌ വോട്ടിംഗ് തുടരുകയായിരുന്നു. തകരാറിലായ യന്ത്രത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു.
ഇതിനിടയിലാണ് യന്ത്രത്തിന് തകരാറുണ്ടെന്ന് സമ്മതിച്ച്‌ തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയത്.

No comments