Breaking News

അല്‍ഫോന്‍സാമ്മയെ വണങ്ങി കുറ്റപത്രം ഏറ്റുവാങ്ങി ഫ്രാങ്കോ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്നലെ പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് ഏറ്റുവാങ്ങിയത് ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം. കേസ് ഇനി അടുത്ത മാസം ഏഴിന് പരിഗണിക്കും. ഫ്രാങ്കോയുടെ ജാമ്യവും കോടതി നീട്ടി നല്‍കി.

ജലന്ധറില്‍ നിന്ന് ഒരു ഡസനോളം വൈദികരുടെ അകമ്ബടിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടെത്തിയ ഫ്രാങ്കോ ഇന്നലെ രാവിലെ 9.35നാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തിയത്. പള്ളിവളപ്പിലും കോടതി പരിസരത്തും പ്രാര്‍ത്ഥനയോടെയാണ് വിശ്വാസികള്‍ ഫ്രാങ്കോയെ സ്വീകരിച്ചത്.

കെട്ടിച്ചമച്ച കേസാണെന്നും ഫ്രാങ്കോ മോചിതനാകുമെന്നും പറഞ്ഞ് വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. വിശ്വാസികളെ തലയില്‍ കൈവച്ച്‌ ഫ്രാങ്കോ അനുഗ്രഹിച്ചു. തുടര്‍ന്ന് കബറിടത്തിലെത്തി കണ്ണുകളടച്ച്‌ പ്രാര്‍ത്ഥിച്ച ഫ്രാങ്കോ കോടതിയില്‍ പറയാനുള്ള പോയിന്റുകള്‍ എഴുതിയ ഡയറി കബറിടത്തില്‍ വച്ചും പ്രാര്‍ത്ഥിച്ചു. ഇതിനു ശേഷം പള്ളിയോടു ചേര്‍ന്നുള്ള മുറിയിലെത്തി ആഹാരവും കഴിച്ച്‌ 10.30നാണ് കോടതിയിലെത്തിയത്.

കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി അഭിഭാഷകര്‍ ഏറ്റുവാങ്ങി. കുറ്റപത്രം വായിച്ച്‌ നോക്കാന്‍ ഒരു മാസം സാവകാശം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് കേസ് ഏഴിലേക്ക് മാറ്റിയത്. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച്‌ തീരുമാനവും അന്നുണ്ടാകും. കെവിന്‍ കേസിലെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായ സി.എസ്. അജയനടക്കം മൂന്ന് അഭിഭാഷകര്‍ ഫ്രാങ്കോയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.

No comments