Breaking News

കനത്ത സുരക്ഷയോടെ തൃശൂര്‍ പൂരം; ജാഗ്രതയോടെ പോലീസ്


തൃശൂര്‍ പൂരം സുരക്ഷയ്ക്കായി പോലീസ് സജ്ജം. സാമ്ബിള്‍വെടിക്കെട്ട് നടക്കുന്ന മെയ് 11 മുതല്‍ 14 ന് പൂരം ഉപചാരം ചൊല്ലിപിരിയും വരെയുള്ള പോലീസ് ഡ്യൂട്ടി വിന്യാസം പൂര്‍ത്തീകരിച്ചു. തണ്ടര്‍ബോള്‍ട്ട് കമാണ്ടോകള്‍, 10 ഡോഗ് സ്‌ക്വാഡ്,സംസ്ഥാനത്തെ വിദഗ്ദരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ്‌എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയും, കരുതലോടെയുമാണ് പോലീസ് പരിശോധനയും, സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക. അഞ്ച് ഐ.പി.എസ് ട്രയ്‌നീസ്, 30 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ ട്രയിനീസ് എന്നിവരാണ് ഡ്യൂട്ടിയ്‌ക്കെത്തുക.

തൃശൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുക.

വടക്കുനാഥ ക്ഷേത്രം, തേക്കിന്‍കാട് മൈതാനം,സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളില്‍ സി.സി.ടി.വി ക്യാമറയുടെ വലയത്തിലാകും. 80 ക്യാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി പോലീസ് വീക്ഷിക്കും.

സ്വരാജ് റൗണ്ടിലെയും, നഗരത്തിലെയും ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും, മറ്റ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. രാത്രികാല നിയന്ത്രണത്തിനാവശ്യമായ റിഫ്‌ളക്ടീവ്് ജാക്കറ്റുകള്‍, ടോര്‍ച്ച്‌ എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഒരാഴ്ച മുന്‍പെ തന്നെ നഗരത്തിലെ ലോഡ്ജുകളിലും, തിയേറ്ററുകളിലും, വന്‍കിട ഹോട്ടലുകളിലുമെല്ലാം പോലീസ് പരിശോധന പൂര്‍ത്തിയാക്കി. ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികളെടുത്ത് താമസിക്കുന്നവരെ നിരീക്ഷിച്ചുവരുന്നു. സ്‌ഫോടകവസ്തു പരിശോധനകളും, ക്രൈസിസ് മാനേജ്‌മെന്‍റ് പരിശോധനയും തുടരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, തീരപ്രദേശങ്ങള്‍, ജില്ലാ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയൊരുക്കി. നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും, കാവലും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പോലീസ് ബൈനോക്കുലര്‍ നിരീക്ഷണം നടത്തും.
അതീവ സുരക്ഷാ ഭാഗമായി ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് പോലീസ് നിയന്ത്രണം. പൂരപറമ്ബിനെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. എല്ലാ മേഖലകളിലും പരിചയസമ്ബന്നരായ രണ്ട് ഡി.വൈ.എസ്.പിമാര്‍ സുരക്ഷാ മേല്‍നോട്ടമേകും. ഗതാഗത നിയന്ത്രണത്തിനും, പട്രോളിങ്ങിനും പ്രത്യേക സംവിധാനമുണ്ട്. പൂരം നാളിലും സാമ്ബിള്‍ വെടിക്കെട്ട് ദിവസവും നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. നഗരത്തെ തെക്ക്, വടക്ക് എന്നിങ്ങനെ വിഭജിച്ചാണ് ക്രമസമാധാനപാലനവും, പരിശോധനയും നടക്കുന്നത്. പോലീസ് വാഹനങ്ങളിലും, ബൈക്കിലും, നടന്നും പ്രത്യേകം പട്രോളിങ് സംഘങ്ങളുണ്ടാവും. പൂരം നാളില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചെമ്ബോട്ടില്‍ ലൈന്‍ റോഡ് ആംബുലന്‍സ് സര്‍വ്വീസസിനായി ഒഴിച്ചിടും.

നഗരത്തിന്റെ മുക്കിലും, മൂലയിലും, ഇരുണ്ട കോണുകളിലുമെല്ലാം ശ്രദ്ധയോടെ സദാസമയവും പോലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഇത്തവണത്തെ പോലീസ് വിന്യാസം. സ്ത്രീകളുടെയും, കുട്ടികളുടെയും സംരക്ഷണത്തിന് മുഖ്യപരിഗണന നല്‍കും.സുരക്ഷാ ഭാഗമായി പോലീസിനൊഴിച്ച്‌ ആര്‍ക്കും ഹെലിക്യാം ക്യാമറ പ്രവര്‍ത്തനം അനുവദനീയമല്ല. അപരിചിതര്‍, മതിയായ രേഖകളില്ലാത്തവര്‍ എന്നിവരുടെ വിവരം പോലീസിന് ലോഡ്ജ് ഉടമകളും, പൊതുജനങ്ങളും നല്‍കണം. ഇതിനുമപ്പുറം അത്യാവശ്യഘട്ടങ്ങളിലും, അടിയന്തിര സാഹചര്യങ്ങളിലും പോലീസ് നടപടി ഉറപ്പാക്കുന്നതിനായി ക്രൈസിസ് മാനേജ്‌മെന്റ് ടീം സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂട്ടിയിണക്കുന്നതിനും, മോണിറ്റര്‍ ചെയ്യുന്നതിനുമായി പൂരം കണ്‍ട്രോള്‍ റൂമും, ജില്ലാ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍നമ്ബര്‍ 100, 112

No comments