Breaking News

പത്തനംതിട്ടയില്‍ എന്തും സംഭവിക്കും ? ബിജെപിയുടെ കെ സുരേന്ദ്രന്‍ അക്കൌണ്ട് തുറക്കുമോ ? ശബരിമല വിഷയം ആര്‍ക്ക് ഗുണം ചെയ്യും ? വിജയം ആര്‍ക്കൊപ്പമാകും ? വിലയിരുത്തല്‍ ഇങ്ങനെ !

കേരളത്തില്‍ ഏറ്റവും കൌതുകത്തോടെ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത് പത്തനംതിട്ട മണ്ഡലമാണ്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഏറ്റവും അധികം സ്വാധീനിച്ച വിഷയമെന്ന് കരുതുന്ന 'ശബരിമല' വിവാദങ്ങളുടെ തലസ്ഥാനം ശബരിമലയും അയ്യപ്പന്‍റെ സന്നിധാനവുമായിരുന്നു. ആ നിലയ്ക്ക് ഇത്തവണ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ആസ്ഥാനമായിരുന്നു ശബരിമല.

അങ്ങനെയെങ്കില്‍ ശബരിമലയുടെ നേട്ടം ആരുകൊയ്യുമെന്ന് കാത്തിരിക്കുകയാണ് കേരളം. കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ കാത്തിരിക്കുന്ന ബി ജെ പി പ്രതീക്ഷ വയ്ക്കുന്ന കേരളത്തിലെ ആകെ രണ്ട് മണ്ഡലങ്ങളിലൊന്ന്‍ പത്തനംതിട്ടയാണ്.

ശബരിമല വിഷയത്തില്‍ ഏറ്റവും വിവാദപൂര്‍വ്വമായ നിലപാട് സ്വീകരിക്കുകയും മൂന്നാഴ്ചയിലേറെക്കാലം ജയിലില്‍ കിടക്കുകയും ചെയ്ത ബി ജെ പി നേതാവ് സുരേന്ദ്രന്റെ പേരില്‍ കേരളത്തില്‍ എത്ര കേസുണ്ടെന്ന് ചോദിച്ചാല്‍ ലോക്നാഥ്‌ ബെഹ്റയ്ക്ക് പോലും എണ്ണം തിട്ടപ്പെടുത്താനാവില്ല.

ആ നിലയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തിന്റെ ഏറ്റവു൦ വലിയ രാഷ്ട്രീയ ഗുണഭോക്താവായി കെ സുരേന്ദ്രന്‍ മാറുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി നേതൃത്വം.

53 ശതമാനമാണ് പത്തനംതിട്ട മണ്ഡലത്തിലെ ഹിന്ദു വോട്ടുകള്‍. ആകെ 6 ലക്ഷത്തിലേറെ. അതുകൊണ്ടുമാത്രം കെ സുരേന്ദ്രന്‍ ഇത്തവണ ലോകസഭ കടക്കുമോ എന്നത് കാത്തിരുന്നു കാണണം. കണക്കുകൂട്ടലുകള്‍ പക്ഷെ കെ സുരേന്ദ്രന് അനുകൂലമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

പക്ഷെ, പത്തനംതിട്ട യു ഡി എഫിന്റെ ഉറച്ച കോട്ടയാണ്. രാഷ്ട്രീയമായി ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളുടെ മേല്‍ക്കൈ ഇവിടെ യു ഡി എഫിനുണ്ട്. അതിനാല്‍ തന്നെ ഗ്രൂപ്പ് കളിച്ചും സ്ഥാനാര്‍ഥിയുടെ പോരായ്മ കൊണ്ടും ഒക്കെ കളയാന്‍ ധാരാളം വോട്ടുകളുടെ മേല്‍ക്കൈ യു ഡി എഫിനിവിടുണ്ട്.
അതെല്ലാം കളഞ്ഞാലും 30000 - 45000 വോട്ടുകളുടെ മേല്‍ക്കൈ നേടി ആന്റോ ആന്റണി ഇവിടെ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. പത്തനംതിട്ടയുടെ രാഷ്ട്രീയ സ്വഭാവം അതാണ്‌.

മണ്ഡലത്തില്‍ വിജയിക്കണമെങ്കില്‍ കുറഞ്ഞത് 3.50 ലക്ഷം വോട്ടുകള്‍ വേണം. കഴിഞ്ഞ തവണ ആന്റോ ആന്റണി നേടിയത് 3.58 ലക്ഷം വോട്ടുകളാണ്.
ന്യൂനപക്ഷങ്ങള്‍ സജീവമാകുകയും രാഹുല്‍ തരംഗം ആഞ്ഞടിക്കുകയും ശബരിമല വിഷയം സര്‍ക്കാരിന് എതിരായിമാറുകയും ചെയ്ത സാഹചര്യത്തില്‍ അതിന്റെ നേട്ടങ്ങള്‍ സ്വാഭാവികമായും ആന്റോ ആന്റണിക്ക് അധികമായി ലഭിക്കേണ്ടതാണ്.

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ആന്റോയ്ക്കായിരിക്കുമോ കെ സുരേന്ദ്രനായിരിക്കുമോ നേട്ടം ചെയ്യുക എന്നത് ആത്യന്തികമായി പറയാനാവുക ഫലം പുറത്തുവന്നതിന് ശേഷമായിരിക്കും. എങ്കിലും ആന്റോ ആന്റണിയെ സംബന്ധിച്ച്‌ ശബരിമല ഒരു കോട്ടമായിരിക്കില്ല എന്നത് സമ്മതിക്കണം.

അതേസമയം, ബി ജെ പി കെ സുരേന്ദ്രനെ പോലെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച്‌ അവിടെ ജാതീയമായ പിന്‍ബല൦ ഉറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറുഭാഗത്ത് ആന്റോ ആന്റണിക്ക് അനുകൂലമായി ന്യൂനപക്ഷ ഏകീകരണവും സംഭവിച്ചിട്ടുണ്ട്. അതിന്റെയൊക്കെ നേട്ടങ്ങള്‍ കഴിഞ്ഞ തവണ ലഭിച്ച 3.58 ലക്ഷത്തില്‍ നിന്നും കൂടുതലായി കണക്കാക്കേണ്ടതാണ്.

ഇനി അതൊന്നുമില്ലെങ്കില്‍ പോലും കഴിഞ്ഞ തവണ കിട്ടിയ വോട്ടുകള്‍ അതേപടി കണക്കാക്കുക. ബി ജെ പി കണക്കാക്കുന്നത് പത്തനംതിട്ട അക്കൌണ്ട് തുറക്കുമെന്നാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ മൂന്നര ലക്ഷം വോട്ടുകള്‍ എങ്കിലും കെ സുരേന്ദ്രന് സമാഹരിക്കാന്‍ കഴിയണം.

കഴിഞ്ഞ തവണ എം ടി രമേശിന് ലഭിച്ചത് 1.38 ലക്ഷം വോട്ടുകളാണ്. അതായത് പല നിയോജക മണ്ഡലങ്ങളിലും ആവറേജ് 20000 വോട്ടുകള്‍ ആണ് രമേശിന് ലഭിച്ചത്.

ഇത്തവണ എം ടി രമേശിനേക്കാള്‍ ശക്തനായ സ്ഥാനാര്‍ഥിയാണ് കെ സുരേന്ദ്രന്‍. അന്നത്തെ ബി ജെ പി അല്ല ഇന്നത്തെ ബി ജെ പി. ശബരിമലയുടെ നേട്ടം കെ സുരേന്ദ്രനിലൂടെ അവര്‍ പരമാവധി സമാഹരിക്കുകയും ചെയ്യും. പക്ഷെ അത് ഒരു നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണ ലഭിച്ച 20000 വോട്ടുകളില്‍ നിന്നും അതിന്റെ ഇരട്ടിയും കഴിഞ്ഞ് 50000 ല്‍ എത്തുമോ എന്നതാണ് ചോദ്യം.

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, തിരുവല്ല പോലുള്ള മണ്ഡലങ്ങളില്‍ അങ്ങനൊരു മുന്നേറ്റം ഉണ്ടാക്കാന്‍ എത്ര ശ്രമിച്ചാലും കെ സുരേന്ദ്രന് കഴിയില്ല. ആ മണ്ഡലങ്ങളിലെ രാഷ്ട്രീയ ചിത്രം ബി ജെ പിക്ക് അത്തരത്തില്‍ അവകാശപ്പെടാന്‍ കഴിയുന്ന ഒന്നല്ല. എത്രയൊക്കെ വലിച്ചുനീട്ടി കണക്കുകൂട്ടിയാലും മുപ്പതോ മുപ്പത്തയ്യായിരമോ വരെ എത്തിയേക്കാം.

അതേസമയം, ആറന്മുള പോലുള്ള മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ ഇത്തവണ അര ലക്ഷം വോട്ടുകളില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല.
പക്ഷേ, വിഷയം മൂന്നര ലക്ഷം വോട്ടുകളാണ്. അത് സമാഹരിക്കുക എന്നത് നിലവിലെ കണക്കുകൂട്ടലില്‍ ഒരു ബി ജെ പി സ്ഥാനാര്‍ഥിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. അവിടെയാണ് ആന്റോ ആന്റണിയുടെ സാധ്യതകള്‍ നിഴലിച്ചു നില്‍ക്കുന്നത്.

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റില്‍ ഒട്ടും മോശക്കാരിയല്ലാത്ത ഒരാളാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജ്. കഴിഞ്ഞ തവണ എല്‍ ഡി എഫിന്റെ ഫീലിപ്പോസ്റ്റ് തോമസിന് കിട്ടിയത് മൂന്ന്‍ ലക്ഷത്തിരണ്ടായിരം വോട്ടുകളാണ്.
അതില്‍ നിന്നും ഇത്തവണ വീണാ ജോര്‍ജ്ജിന് നഷ്ടമാണോ ലാഭമാണോ ഉണ്ടാകുക എന്നതാണ് വിലയിരുത്തേണ്ടത്. അത് ലാഭമായി മാറാനുള്ള വിഷയങ്ങള്‍ ഒന്നും തത്ക്കാലം പത്തനംതിട്ടയിലില്ല.

ശബരിമലയില്‍ തട്ടി നഷ്ടങ്ങള്‍ ഉണ്ടാകുമോ, അങ്ങനെ ഉണ്ടായാല്‍ ആ നഷ്ടങ്ങള്‍ ആര്‍ക്ക് ലാഭമായി മാറും എന്നതൊക്കെ കാത്തിരുന്നു കാണേണ്ടത് തന്നെ. വിലയിരുത്തലുകള്‍ ഇനി എങ്ങനെ പോയാലും വോട്ട് പെട്ടിയിലായി. അതിന് മാറ്റമൊന്നും സംഭവിക്കില്ല. അതാര്‍ക്കെന്ന്‍ അറിയാന്‍ ഇനിയും 20 ദിനരാത്രങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും.

No comments