Breaking News

ആഞ്ഞടിച്ച്‌ ഫോനി: മൂന്ന് മരണം, 1000 കോടി രൂപ ദുരിതാശ്വാസം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ഒഡിഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റില്‍ ഇതുവരെ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചു. തീരമേഖലയില്‍ കനത്ത നാശനഷ്ടം വരുത്തി വച്ചാണ് ഫോനി കടന്നു പോകുന്നത്. പുരിയുടെ ചുറ്റുമുള്ള മേഖലകളില്‍ കനത്ത മഴയും ശക്തിയേറിയ കാറ്റും തുടരുകയാണ്. ഭുവനേശ്വര്‍, പുരി നഗരങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ പലതും വെള്ളത്തില്‍ മുങ്ങി. നിരവധി മരങ്ങളും ചെറുകൂരകളും കട പുഴകി. മരങ്ങളും വൈദ്യുത പോസ്റ്റുകളും കട പുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.രാവിലെ എട്ട് മണി മുതല്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ 24 മണിക്കൂര്‍ നേരത്തേക്കാണ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്. ഭുബനേശ്വര്‍ വിമാനത്താവളത്തിലെ എല്ലാ വിമാനസര്‍വീസുകളും ഇനിയൊരറിയിപ്പ് നല്‍കുന്നത് വരെ നിര്‍ത്തി വച്ചു. 83 പാസഞ്ചര്‍ ട്രെയിനുകളുള്‍പ്പടെ 140 തീവണ്ടികള്‍ ഇതുവരെ റദ്ദാക്കി.
കാറ്റിന്‍റെ ശക്തി ഇപ്പോള്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് ആറരയോടെ ചുഴലിക്കാറ്റ് ബംഗാളിലേക്ക് എത്തും. ഇതുവരെ പതിനൊന്ന് ലക്ഷം പേരെയെങ്കിലും ഒഡിഷ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഫോനിയുടെ സഞ്ചാരപാതയിലുളള ഗജപതി, ഗഞ്ചം, ഖുര്‍ദ, പുരി, നായ്‍ഗഢ്, കട്ടക്ക്, ജഗത്‍സിംഗ് പൂര്‍, കേന്ദ്രപാര, ജാജ്‍പുര്‍, ഭദ്രക്, ബാലാസോര്‍ മയൂര്‍ ഭഞ്ച്, ധന്‍കനാല്‍, കിയോന്‍ചാര്‍ എന്നിവിടങ്ങളില്‍ വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
ഗഞ്ചമിലും പുരിയിലും മാത്രമായി നാലരലക്ഷത്തോളം പേരെയാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. അയ്യായിരത്തോളം അടുക്കളകളും ഇവര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കര, നാവിക, വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും ദുരന്ത നിവാരണ അതോറിറ്റിയും സജീവമായി രംഗത്തുണ്ട്.
രാവിലെ എട്ട് മണിയോടെയാണ് ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 175 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശിയത്. ചിലയിടങ്ങളില്‍ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 245 കിലോമീറ്റര്‍ വരെയായി.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. വേനല്‍ക്കാലത്ത് ചുഴലിക്കാറ്റുകള്‍ അപൂര്‍വമാണ്. തീരെ അപ്രതീക്ഷിതമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടാഴ്ച മുന്‍പ് ന്യൂനമര്‍ദ്ദം രൂപം കൊണ്ടതും, ശ്രീലങ്കന്‍ തീരത്തിന് അടുത്തുകൂടി, തമിഴ്‍നാട്, ആന്ധ്ര തീരം വഴി ഒഡിഷയിലേക്ക് എത്തിയതും.
'പാമ്ബിന്‍റെ കഴുത്ത്' എന്നാണ് ഫോനി എന്ന വാക്കിന്‍റെ അര്‍ത്ഥം. ബംഗ്ലാദേശ് സര്‍ക്കാരാണ് ചുഴലിക്കാറ്റിന് ഈ പേര് നല്‍കിയത്.
ബംഗാളിലെ എല്ലാ റാലികളും മുഖ്യമന്ത്രി മമതാ ബാനര്‍ജി റദ്ദാക്കി. അടുത്ത രണ്ട് ദിവസങ്ങളിലേക്കുള്ള റാലികളാണ് മമത റദ്ദാക്കിയത്. മെയ് 6-നാണ് പശ്ചിമബംഗാളില്‍ അടുത്ത ഘട്ട തെരഞ്ഞെടുപ്പ്.

No comments