Breaking News

നിപ്പ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരുവര്‍ഷം തികയുന്നു; ഇതുവരെയും ധനസഹായം ലഭിക്കാതെ ആദ്യം മരണത്തിന് കീഴടങ്ങിയ സാബിത്തിന്റെ കുടുംബം

സംസ്ഥാനത്താകെ ഭീതി വിതച്ച നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം തികയുന്നു. വൈറസ് ബാധ കോഴിക്കോട് ജില്ലയില്‍ 18 പേരുടെ മരണത്തിനിടയാക്കിയിരുന്നു. എന്നാല്‍ നിപ്പ വൈറസ് ബാധിച്ച്‌ ആദ്യം മരണത്തിന് കീഴടങ്ങിയ പേരാമ്ബ്രയിലെ സാബിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിട്ടില്ല. സാബിത്തിന്റെ മരണം നിപ്പ വൈറസ് മൂലമെന്ന് ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

സാബിത്തിന്റെ മരണത്തിന് പിന്നാലെ ഉപ്പയും സഹോദരനും വൈറസ് ബാധയേറ്റ് മരിച്ചിരുന്നു. ഇതോടെ സൂപ്പിക്കടയിലെ വളച്ചു കെട്ടി വീട്ടില്‍ ഉമ്മയും അനിയന്‍ മുത്തലിബും തനിച്ചാണ് താമസം.

സാബിത്ത് മരിച്ച്‌ രണ്ട് ദിവസം കഴിഞ്ഞാണ് നിപ്പ വൈറസ് സാനിധ്യം സ്ഥിരീകരിച്ചത്.

സാബിത്തിന്റെ ചികില്‍സച്ചെലവോ നഷ്ടപരിഹാരത്തുകയോ ഇതുവരെയും കുടുംബത്തിന് കിട്ടിയില്ല. വില്ലേജ് ഓഫീസില്‍ ഒരു പ്രാവിശ്യം പരാതിയുമായി ചെന്നെങ്കിലും സാബിത്തിന്റെ മരണ കാരണം നിപ്പ വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചതായി കോഴിക്കോട് ഡിഎംഒ ഡോക്ടര്‍ ജയശ്രീ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

No comments