Breaking News

അധികാരത്തില്‍ വന്നാല്‍ റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് മോദി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അധികാരത്തില്‍ വീണ്ടും എത്തിയാല്‍ വദ്രയെ ജയിലിലടയ്ക്കുമെന്നാണ് മോദി പറയുന്നത്. ഹരിയാനയിലെ ഫത്തേബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്‍റെ കാവല്‍ക്കാരനായ താന്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുത്ത ഇയാളെ കോടതി കയറ്റിയതാണെന്ന് വാദ്രയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലും കോടതികളിലും ജാമ്യത്തിനായി ഇയാള്‍ കയറിയിറങ്ങുകയാണ്. വലിയ രാജാവാണെന്നാണ് അയാളുടെ വിചാരം.

എന്നാല്‍ ഇപ്പോള്‍ പേടിയുണ്ട്. താന്‍ ഇയാളെ ഒരിക്കല്‍ ജയിലിന്‍റെ പടിവാതിലില്‍ എത്തിച്ചതാണെന്നും അഞ്ച് വര്‍ഷം കൂടി അധികാരം ലഭിച്ചാല്‍ ഇയാളെ ജയിലിലാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

2014-ലെ പൊതു തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും മോദി ഇതേകാര്യം പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാല്‍ റോബര്‍ട്ട് വദ്രയെ ജയിലിലടയ്ക്കുമെന്ന് പല തെരഞ്ഞെടുപ്പ് യോഗങ്ങളിലും മോദിയും ബിജെപി നേതാക്കളും പ്രഖ്യാപിച്ചിരുന്നു.

No comments