Breaking News

മഹാരാഷ്ട്രയില്‍ വിജയം കണ്ടത് എല്ലാ സാധ്യതകളും ഒന്നിപ്പിച്ച 'കെ സി ഓപ്പറേഷന്‍'.. പ്രഭ ചോര്‍ന്ന് മോദി - അമിത് ഷാ കൂട്ടുകെട്ട് ! തിരിച്ചുവരവിന്റെ കരുത്തറിയിക്കുന്ന ചാണക്യ നീക്കങ്ങളില്‍ കരുണാകരനു ശേഷം വീണ്ടുമൊരു മലയാളി സാന്നിധ്യം കൂടി. പുതിയ കിംഗ് മേക്കറായി വേണുഗോപാല്‍..!

ദേശീയ രാഷ്ട്രീയത്തില്‍ മോദി - അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രഭ മങ്ങുമ്ബോള്‍ കെ കരുണാകരന് ശേഷം ഡല്‍ഹിയിലെ കോണ്‍ഗ്രസ് കരുനീക്കങ്ങളില്‍ തിളങ്ങുന്നത് മറ്റൊരു മലയാളി സാന്നിധ്യം !

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് - എന്‍ സി പി - ശിവസേനാ സഖ്യത്തെ പിടിച്ചു കുലുക്കിയ മഹാ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ സി വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തിലെ മറ്റൊരു മലയാളി കിംഗ് മേക്കറായി മാറുകയാണ്.

അര്‍ദ്ധരാത്രിയിലെ നാടകീയ നീക്കങ്ങളും പുലര്‍ കാലത്തെ സത്യപ്രതിജ്ഞയും കഴിഞ്ഞു 80 -)൦ മണിക്കൂറില്‍ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും രാജിവച്ചൊഴിയുമ്ബോള്‍ അതിനു പിന്നിലെ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിച്ച കേന്ദ്രങ്ങള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്.

അതില്‍ മുമ്ബനാണ് കെ സി വേണുഗോപാല്‍. 91 ല്‍ രാജീവ് ഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കിംഗ് മേക്കറായി മാറിയ കെ കരുണാകരന് ശേഷം ഇപ്പോള്‍ രാഷ്ട്രീയ നീക്കങ്ങളില്‍ കെ സിയും ചര്‍ച്ച ചെയ്യപ്പെടുകയാണ്.

എ കെ ആന്റണി മുതിര്‍ന്ന നേതാവെന്ന നിലയില്‍ എല്ലാ ആലോചനാ സമിതികളിലും പ്രധാനിയായി ഉണ്ടെങ്കിലും നേരിട്ട് കരുനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സംസ്ഥാന ചുമതലയുള്ള മല്ലികാര്‍ജ്ജുന ഗാര്‍ഖെയ്ക്ക് ഒപ്പം വേണുഗോപാലായിരുന്നു.

ഗാര്‍ഖെയും അഹമ്മദ് പട്ടേലും ഗുലാം നബി ആസാദുമൊക്കെ ചരടുവലികള്‍ക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്നതിനു പുറമെ സോണിയാ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കൂടിയായിരുന്നു വേണുഗോപാലിനെ തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കുന്നത്.

കര്‍ണ്ണാടകയില്‍ അമിത് ഷായും യെദ്യൂരപ്പയും ഒരുക്കിയ കെണികളൊക്കെയും തരണം ചെയ്ത് ഒന്നര വര്‍ഷം സഖ്യ സര്‍ക്കാരിനെ പിടിച്ചു നിര്‍ത്തിയ തന്ത്രങ്ങളൊരുക്കിയത് കെ സിയുടെ നേതൃത്വത്തിലായിരുന്നു.

അതേ പ്രതിരോധ തന്ത്രങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസ് മഹാരാഷ്ട്രയിലും പയറ്റിയത്. സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ചേര്‍ന്നൊരുക്കിയ ചടുലമായ രാഷ്ട്രീയ നീക്കങ്ങളുടെ ക്രോഡീകരണവും മേല്‍നോട്ടവും സോണിയാ ഗാന്ധി ഏല്‍പ്പിച്ചത് വേണുഗോപാലിനെ ആയിരുന്നു.

രാഷ്ട്രീയ നീക്കങ്ങള്‍ക്കൊപ്പം നിയമ വഴികളില്‍ കൂടി പോരാട്ടം നീണ്ടുപോയപ്പോള്‍ ബി ജെ പിയുടെ കുറുക്കുവഴികള്‍ക്ക് തടയിട്ടത് സുപ്രീംകോടതി നേരിട്ടായിരുന്നു.
എല്ലാ സാധ്യതകളും പരീക്ഷിക്കുകയെന്ന കര്‍ണ്ണാടക മോഡല്‍ 'കെ സി ഓപ്പറേഷനാ'ണ് അങ്ങനെ മഹാരാഷ്ട്രയിലും ഫലം കാണുന്നത്.

ഒരു ഗത്യന്തരവുമില്ലാതെ വന്നപ്പോഴാണ് നാണക്കേടിന് മുകളില്‍ മഹാ നാണക്കേട് ഒഴിവാക്കാന്‍ അവിശ്വാസത്തിന് മുമ്ബ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും രാജിവച്ചത്. ഇതോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ ബലാബലത്തില്‍ ബി ജെ പിയെ കടത്തിവെട്ടി കോണ്‍ഗ്രസ് വിജയം നേടി.

കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ വലിയ ആവേശമാണ് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ അവര്‍ക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ നിന്നൊക്കെ ബി ജെ പി ഇതോടെ കുടിയൊഴുപ്പിക്കപ്പെടുകയാണ്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് ഇപ്പോള്‍ മഹാരാഷ്ട്ര എന്നിവയൊക്കെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു കഴിഞ്ഞു. കര്‍ണ്ണാടകയില്‍ പിന്നീട് ബി ജെ പി സര്‍ക്കാരുണ്ടാക്കിയെങ്കിലും അതവരുടെ രാഷ്ട്രീയ നേട്ടമായി കാണാനാകില്ല.

ബംഗാള്‍ , ആന്ധ്ര, തെലുങ്കാന, ഡല്‍ഹി എന്നിവിടങ്ങളിലൊന്നും ബി ജെ പി നിയന്ത്രണത്തിലുള്ള സര്‍ക്കാരുകളില്ല. പഞ്ചാബില്‍ ഭരണം കോണ്‍ഗ്രസിനാണ്. ഹരിയാനയില്‍ ബി ജെ പിയുടെ സര്‍ക്കാരാണെങ്കിലും അവിടെയും കേവല ഭൂരിപക്ഷം തട്ടിക്കൂട്ടാണ്‌.

അങ്ങനെ സംസ്ഥാനങ്ങളെണ്ണി പ്രതിപക്ഷം തിരിച്ചുപിടിക്കാന്‍ തുടങ്ങിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വീണ്ടും നിര്‍ണ്ണായകമായി മാറുന്നു.
രാജ്യത്തിന്റെ മനസ് കൂട്ടുകക്ഷി ഭരണത്തിനും മൂന്നാം മുന്നണി പരീക്ഷങ്ങള്‍ക്കും അനുകൂലമല്ലെന്ന തിരിച്ചറിവിലാണ് ഇടത് പാര്‍ട്ടികളും മുലായം, മായാവതി, മമതാ ബാനര്‍ജി തുടങ്ങിയ നേതാക്കളും.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അതായിരുന്നു. അതിനാല്‍ തന്നെ ഇനി കോണ്‍ഗ്രസിനെ സൈഡിലിരുത്തി സര്‍ക്കാരുണ്ടാക്കാനുള്ള നാടകങ്ങളൊന്നും അടുത്ത കാലത്തൊന്നും ഡല്‍ഹിയില്‍ വിലപ്പോവില്ല.

മാത്രമല്ല, ദേശീയ രാഷ്ട്രീയം തിരിച്ചു പിടിക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
അത്തരം രാഷ്ട്രീയ നീക്കങ്ങളുടെ അച്ചുതണ്ടില്‍ ഒരു മലയാളി നേതാവും കൂടിയുണ്ടെന്നത് കേരളത്തിനും അഭിമാനിക്കാം. ഒപ്പം ദേശീയ രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാല്‍ അതിശക്തനായി മാറുകയും ചെയ്യുന്നു.

No comments