Breaking News

മുസ്ലീംകളെ അടുപ്പിക്കാതെ ഫട്നാവിസിന്റെ 5 വര്‍ഷം.. നാല് മുസ്ലീംകളെ മന്ത്രിമാരാക്കി ഉദ്ധവ് താക്കറെ..

5 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര മന്ത്രിസഭയില്‍ വീണ്ടും മുസ്ലീം പ്രാതിനിധ്യം.
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ നാല് മുസ്ലീം മന്ത്രിമാരാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ ക്യാബിനറ്റ് റാങ്കിലുളള മന്ത്രിമാരാണ്.


എന്‍സിപിയില്‍ നിന്ന് നവാബ് മാലിക്, ഹസന്‍ മുഷ്‌റിഫ്, കോണ്‍ഗ്രസില്‍ നിന്ന് അസ്ലം ഷെയ്ക്ക് എന്നിവരാണ് ക്യാബനറ്റ് റാങ്കുളള മന്ത്രിമാര്‍.
ശിവസേനയുടെ അബ്ദുള്‍ സത്താറും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര സര്‍ക്കാരില്‍ ഇതാദ്യമായാണ് മുസ്ലീം വിഭാഗത്തില്‍ നിന്നും ഇത്രയേറെപ്പേര്‍ ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭയില്‍ ഇടം പിടിക്കുന്നത്.

2004ലെ വിലാസ് റാവു ദേശ്മുഖ് സര്‍ക്കാരില്‍ രണ്ട് മുസ്ലീം മന്ത്രിമാരാണ് ക്യാബിനറ്റ് പദവിയിലുണ്ടായിരുന്നത്.
1999 മുതല്‍ 2003 വരെയുളള ദേശ്മുഖ് സര്‍ക്കാരിന്റെ കാലത്ത് 7 മുസ്ലീം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടായിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 11.5 ശതമാനത്തോളമാണ് മുസ്ലീംകളുളളത്.
എന്നാല്‍ 2014ല്‍ അധികാരത്തിലെത്തിയ ദേവേന്ദ്ര ഫട്‌നാവിസ് നയിച്ച ബിജെപി സര്‍ക്കാരില്‍ ഒരു മുസ്ലീം മന്ത്രിക്ക് പോലും ഇടം ലഭിച്ചിരുന്നില്ല.
1960ല്‍ മഹാരാഷ്ട്ര സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം അന്നാദ്യമായാണ് മുസ്ലീം പ്രാതിനിധ്യം ഇല്ലാതെ ഒരു സര്‍ക്കാരുണ്ടാകുന്നത്.

നിലവില്‍ പത്ത് മുസ്ലീം എംഎല്‍എമാരാണ് മഹാരാഷ്ട്ര നിയമസഭയിലെത്തിയിരിക്കുന്നത്. 2014ല്‍ അത് 9 ആയിരുന്നു. 1960 മുതല്‍ 2014 വരെ മഹാരാഷ്ട്രയില്‍ 64 മുസ്ലീം മന്ത്രിമാരാണ് ഉണ്ടായിട്ടുളളത്.
ഇതില്‍ 31 പേര്‍ ക്യാബിനറ്റ് റാങ്കോട് കൂടിയുളളവരും 33 പേര് സഹമന്ത്രിമാരും ആയിരുന്നു. സംസ്ഥാനത്ത് പാഴ്‌സികളും ക്രിസ്ത്യാനികളും അടക്കമുളള ന്യൂനപക്ഷങ്ങള്‍ക്ക് വര്‍ഷങ്ങളായി മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കാനായിട്ടില്ല.

No comments