Breaking News

അന്ന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ധാരണയായി..!! മന്‍മോഹൻ സിംഗിനെ നീക്കുന്നത് തടഞ്ഞത് ഇൗ നേതാവ്..!! പുതിയ വെളിപ്പെടുത്തല്‍..

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. മോദി തരംഗത്തില്‍ വെറും 44 സീറ്റില്‍ കോണ്‍ഗ്രസ് ചുരുങ്ങി.
ശക്തമായ ഭരണവിരുദ്ധ വികാരമായിരുന്നു മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎ സര്‍ക്കാരിനെതിരെ രാജ്യത്ത് അലയടിച്ചിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഫലം ഏറെ കുറേ പ്രവചിക്കപ്പെട്ടിരുന്നു.

അതേസമയം ഇന്നത്തെ രാഷ്ട്രീയ സാഹചര്യം തന്നെ മാറാനുള്ള നിര്‍ണായക തിരുമാനം 2014 ന് രണ്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്.
മന്‍മോഹന്‍ സിംഗിനെ മാറ്റി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നുവെന്നും എന്നാല്‍ ആ നീക്കത്തെ എതിര്‍ത്തത് സോണിയാ ഗാന്ധിയാണെന്നുമാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള ധാരണ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നുവെന്ന് മുതിര്‍ന്ന നേതാവ് കെഎച്ച് മുനിയപ്പയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മന്‍മോഹന്‍ സിംഗിനെ മാറ്റി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്ന ആവശ്യം.

കോണ്‍ഗ്രസ് നേതൃത്വവും സഖ്യകക്ഷികളും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. മന്‍മോഹന്‍ സിംഗിന്‍റെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി കൊണ്ടായിരുന്നില്ല രാഹുല്‍ ഗാന്ധി വരണമെന്ന ആവശ്യം നേതാക്കള്‍ ഉയര്‍ത്തിയത്.
മറിച്ച് കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്ത് ഒരു പുതിയ നേതാവ് വേണമെന്നതായിരുന്നു നേതാക്കളുടെ ആവശ്യം.

കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനം സാധ്യമാകണമെങ്കില്‍ രാഹുലിനെ പോലൊരു നേതാവ് നയിക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമായി. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ചായിരുന്നു ചര്‍ച്ചകള്‍ സീവമായത്.
ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ഉള്‍പ്പെടെ രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം സോണിയയെ അറിയിച്ചിരുന്നു.

പുതിയ നേതാവിന് കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് അന്നത്തെ സ്ഥിതിക്ക് വലിയ മാറ്റം കൊണ്ടുവരുമെന്നായിരുന്നു കരുണാനിധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സോണിയയെ അറിയിച്ചത്. എന്നാല്‍ സോണിയാ ഗാന്ധി നേതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി.

രാഹുല്‍ പ്രധാനമന്ത്രിയാകാനുള്ള ഉചിമതമായ സമയം ആയിട്ടില്ലെന്നായിരുന്നു സോണിയയുടെ പ്രതികരണം.
ഒരുപക്ഷേ അന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തന്നെ പാടെ മാറുമായിരുന്നുവെന്ന് മുനിയപ്പ പറയുന്നു.

2014 ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. 2019 ലും വ്യത്യസ്തമായിരുന്നില്ല. അതേസമയം അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുകയാണ്.
നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ എത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുകയെന്നത് പ്രായോഗികമല്ല. സമൂഹത്തിലെ എല്ലാ ജനങ്ങളേയും വിശ്വാസത്തിലെടുത്ത് കൊണ്ട് കോണ്‍ഗ്രസ് ചില പുതിയ സ്ട്രാറ്റജികള്‍ ഒരുക്കണം. രാഹുലിലൂടെ അത് നടപ്പാക്കണം, മുനിയപ്പ പറഞ്ഞു.

അതേസമയം അധ്യക്ഷ സ്ഥാനം രാജിവെച്ച പിന്നാലെ പാര്‍ട്ടിയുടെ തന്ത്രപ്രധാനമായ ചര്‍ച്ചകളില്‍ നിന്ന് പോലും രാഹുല്‍ ഗാന്ധി വിട്ട് നില്‍ക്കുകയാണ്. അദ്ദേഹം വീണ്ടും അധ്യക്ഷനായി എത്തിയേക്കുമെന്നുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാകുന്നുണ്ടെങ്കിലും രാഹുല്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

No comments