Breaking News

കോണ്‍ഗ്രസിന് വസന്തം..!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും..!! എംഎല്‍എമാര്‍ വര്‍ധിക്കും..!!

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റത്തിന് കളമൊരുങ്ങുന്നു. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡ് (ജെസിസി) പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് റിപ്പോര്‍ട്ട്. അജിത് ജോഗിയുടെ പാര്‍ട്ടിയിലെ എംഎല്‍എമാരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുടെ അനുമതി ലഭിച്ചാല്‍ നടപടികള്‍ വേഗത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് ഭരണം കൂടുതല്‍ അരക്കെട്ടുറപ്പിക്കുകയാണ്. 

മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്നു അജിത് ജോഗി. ഔദ്യോഗിക ജീവിതം മതിയാക്കി രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹമാണ് ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രി.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് മല്‍സരിക്കുകയായിരുന്നു അദ്ദേഹം. ബിഎസ്പി, സിപിഐ എന്നീ കക്ഷികളുമായി സഖ്യം ചേര്‍ന്നായിരുന്നു പോരാട്ടം.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെസിസിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല. ബിജെപിയുടെ തുടര്‍ച്ചയായ ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് വന്‍ മുന്നേറ്റത്തോടെ അധികാരത്തിലെത്തി.
90 അംഗ നിയമസഭയില്‍ 68 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായി.

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ലയിക്കാന്‍ ജെസിസിയുടെ നേതാക്കള്‍ ആലോചിച്ചിരുന്നു. ഒറ്റപ്പെട്ട ചര്‍ച്ചകളും നടന്നു.
അജിത് ജോഗി മരിച്ച സാഹചര്യത്തില്‍ ജെസിസിക്ക് ശക്തനായ നേതാവില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസുമായി ലയിക്കുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ വേഗത്തിലാകും.

നാല് എംഎല്‍എ മാരാണ് ജെസിസിക്കുള്ളത്. ഇതില്‍ അജിത് ജോഗിയുടെ ഭാര്യ ഡോക്ടര്‍ രേണു ജോഗിയും ഉള്‍പ്പെടും. കോണ്‍ഗ്രസില്‍ ലയിക്കുന്നതിന് നാല് എംഎല്‍എമാര്‍ക്കും എതിര്‍പ്പില്ല.
എന്നാല്‍ ലയനം സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതി ആവശ്യമാണ്. ഇതിന് കാത്തിരിക്കുകയാണ് ഛത്തീസഗഡ് പിസിസി.

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് നിലവില്‍ ഛത്തീസ്ഗഡില്‍ ആശങ്കയ്ക്ക് വകയില്ല.
കര്‍ഷക-തൊഴിലാളി അനുകൂല പദ്ധതികളിലൂടെ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. ഇതിനോട് യോജിക്കുന്നവരാണ് ജെസിസിയുടെ എംഎല്‍എമാര്‍.

അജിത് ജോഗി മരിച്ച് ദിവസങ്ങളേ ആകുന്നുള്ളൂ. ഇപ്പോള്‍ തന്നെ ലയനം വേണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി മൊത്തമായി കോണ്‍ഗ്രസില്‍ ചേരുന്നതിനാല്‍ കൂറുമാറ്റ വിവാദത്തിനും സാധ്യതയില്ല. ജെസിസിയുടെ നാല് അംഗങ്ങള്‍ കൂടിയാകുമ്പോള്‍ സഭയിലെ കോണ്‍ഗ്രസ് അംഗബലം 72 ആയി ഉയരും.

അജിത് പ്രമോദ് കുമാര്‍ ജോഗി എന്ന അജിത് ജോഗി നേരത്തെ ഐഎഎസുകാരനായിരുന്നു. ഇന്‍ഡോര്‍ ജില്ലാ കളക്ടറായി ഏറെകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധിയുമായുള്ള ബന്ധം അദ്ദേഹത്തെ കോണ്‍ഗ്രസിലെത്തിച്ചു. പട്ടിക ജാതി വിഭാഗത്തിന്റെ ക്ഷേമത്തിനാണ് ജോഗി ഊന്നല്‍ നല്‍കിയിരുന്നത്.

രണ്ടു തവണ രാജ്യസഭാംഗമായി. 1998ല്‍ റായ്ഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
മധ്യപ്രദേശില്‍ നിന്ന വേര്‍പ്പെടുത്തി ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കാന്‍ ചുമതല നല്‍കിയതും അജിത് ജോഗിയെ ആയിരുന്നു. 2000ത്തില്‍ ആദ്യ മുഖ്യമന്ത്രിയുമായി.

2016 ലാണ് അജിത് ജോഗി കോണ്‍ഗ്രസുമായി അകന്നത്. പിന്നീട് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് എന്ന പാര്‍ട്ടി രൂപീകരിച്ച സ്വന്തമായി നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
2018ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം തയ്യാറാക്കിയ ബിഎസ്പി-ജെസിസി-സിപിഐ സഖ്യം കോണ്‍ഗ്രസിന് ഭീഷണിയാകുമെന്നാണ് കരുതിയത്. പക്ഷേ, ജോഗി രാഷ്ട്രീയത്തില്‍ അപ്രസക്തനാകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ അജിത് ജോഗി വീണ്ടും കോണ്‍ഗ്രസിലെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ചര്‍ച്ചകള്‍ തുടങ്ങിയെന്നും അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നു.
ഇപ്പോള്‍ അജിത് ജോഗിയുടെ വിയോഗ ശേഷം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് അടുക്കുകയാണ്. ലയനം സാധ്യമാകുന്നതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് സാന്നിധ്യം കൂടുതല്‍ ശക്തമാകും.

മധ്യപ്രദേശിലെ രാഷ്ട്രീയ ചിത്രം തന്നെയാണ് ഛത്തീസ്ഗഡിലുമുണ്ടായിരുന്നത്. മധ്യപ്രദേശില്‍ ബിജെപി പതിവായി ജയിക്കാന്‍ തുടങ്ങിയതോടെ ഛത്തീസ്ഗഡിലും അതാവര്‍ത്തിച്ചു.
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ ബിജെപി വീണു. കൂടെ ഛത്തീസ്ഗഡിലും. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ കളംമാറിയതോടെ മധ്യപ്രദേശില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തി.

No comments