Breaking News

പാലായില്‍ വിട്ടുവീഴ്ച ചെയ്ത് സിപിഎം..!! 13 സീറ്റ് ജോസ് കെ മാണിയ്ക്ക്, എന്‍സിപിയ്ക്ക് രണ്ട്..

 


ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എല്‍ഡിഫിനോട് സഹകരിക്കാന്‍ തീരുമാനിച്ചതിന് പിറകേ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്. പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റ് വിഭജനം ഏറെക്കുറേ പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.


26 സീറ്റുകളുള്ള പാലാ മുനിസിപ്പാലിറ്റിയില്‍ 13 സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മൃഗീയ ഭൂരിപക്ഷം നേടിയ മുനിസിപ്പാലിറ്റി ആയിരുന്നു പാലാ. വിശദാംങ്ങള്‍ പരിശോധിക്കാം...


തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റ് വിഭജനം ആണ് ആദ്യം പൂര്‍ത്തിയായിരിക്കുന്നത്. ഇവിടെ 13 സീറ്റില്‍ ജോസ് കെ മാണി വിഭാഗം മത്സരിക്കും. ബാക്കി പതിമൂന്ന് സീറ്റുകളില്‍ എല്‍ഡിഎഫിലെ മറ്റ് ഘടകക്ഷികളാണ് മത്സരിക്കുക.


ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ സീറ്റുകള്‍ കഴിച്ച് എട്ട് സീറ്റുകളില്‍ സിപിഎം ആയിരിക്കും മത്സിക്കുക. സിപിഐയ്ക്ക് മൂന്ന് സീറ്റുകള്‍ നല്‍കും. പാലാ നിയമസഭ മണ്ഡലത്തില്‍ ഏറെ നാളായി മത്സരിക്കുന്ന എന്‍സിപിയ്ക്ക് രണ്ട് സീറ്റുകളായിരിക്കും നല്‍കുക.


പാല മുനിസിപ്പാലിറ്റി കേരള കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 23 ല്‍ 17 സീറ്റുകളിലും വിജയിച്ചത് കേരള കോണ്‍ഗ്രസ് എം ആയിരുന്നു. കോണ്‍ഗ്രസ് മൂന്ന് സീറ്റിലും വിജയിച്ചിരുന്നു.


സിപിഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ച് ഏറെക്കുറേ അപ്രാപ്യമായ ഒരു മുനിസിപ്പാലിറ്റി ആയിരുന്നു ഇന്നലെ വരെ പാലാ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിച്ച ആര്‍ക്കും വിജയിക്കാന്‍ ആയിരുന്നില്ല. മൂന്ന് ഇടത് സ്വതന്ത്രരാണ് ജയിച്ചത്. ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.


കെഎം മാണിയുടെ സ്വന്തം പാലായില്‍ മകന്‍ ജോസ് കെ മാണിയ്ക്ക് എന്ത് സ്വാധീനമുണ്ട് എന്ന് തെളിയിക്കുന്നതായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. അതുകൊണ്ട് തന്നെയാണ് 13 സീറ്റുകള്‍ അവര്‍ക്ക് വിട്ടുനല്‍കാനും എല്‍ഡിഎഫ് തയ്യാറായത്. ഇത്തവണ ഇടതിനൊപ്പം ജോസ് കെ മാണി പാല പിടിച്ചാല്‍ അത് ഒരു ചരിത്രവും ആകും.


കോട്ടയം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ അഞ്ചിലും യുഡിഎഫിനാണ് മേല്‍ക്കൈ. വൈക്കം മുനിസിപ്പാലിറ്റിയില്‍ മാത്രമാണ് എല്‍ഡിഎഫിന് പേരിലെങ്കിലും ഭൂരിപക്ഷമുള്ളത്. ജോസ് കെ മാണി ഗ്രൂപ്പ് എത്തുന്നതോടെ കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലും ഇടത് പ്രാതിനിധ്യം കൂട്ടാനാകുമെന്ന പ്രതീക്ഷ എല്‍ഡിഎഫിനും സിപിഎമ്മിനും ഉണ്ട്.

No comments