Breaking News

ബീഹാറിൽ കോൺഗ്രസ് നീക്കത്തിന് തുരങ്കം വെച്ച് അസദുദ്ദീന്‍ ഒവൈസി, മായാവതിക്കൊപ്പം..

 


ബീഹാര്‍ ഭരിക്കുന്ന ബിജെപി-ജെഡിയു സഖ്യത്തിനും പ്രതിപക്ഷത്തിനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ബിജെപിയെ വീഴ്ത്താന്‍ ആര്‍ജെഡിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷത്ത് മഹാസഖ്യമുണ്ട്.


എന്നാല്‍ കോൺഗ്രസ് അടക്കമുൾക്കൊളളുന്ന പ്രതിപക്ഷ നീക്കത്തിന് തുരങ്കം വെയ്ക്കുന്ന തരത്തില്‍ ഒരു മൂന്നാം മുന്നണി കൂടി ബീഹാറില്‍ രൂപം കൊണ്ടിരിക്കുകയാണ്. മായാവതിക്കൊപ്പം അസദുദ്ദീന്‍ ഒവൈസി അടക്കമാണ് ഈ സഖ്യത്തില്‍ കൈ കോര്‍ക്കുന്നത്. ഇതോടെ ബീഹാറില്‍ തിരഞ്ഞെടുപ്പ് അങ്കം കൊഴുക്കുകയാണ്.


ബിജെപി-ജെഡിയു സഖ്യത്തെ വീഴ്ത്താന്‍ പ്രതിപക്ഷത്ത് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമാണ് കൈ കോര്‍ത്ത് മഹാസഖ്യമുണ്ടാക്കിയിരിക്കുന്നത്. തേജസ്വ യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. 243ല്‍ 144 സീറ്റുകളില്‍ ആര്‍ജെഡിയും 70 സീറ്റില്‍ കോണ്‍ഗ്രസും 29 സീറ്റില്‍ ഇടത് പാര്‍ട്ടികളും മത്സരിക്കാനാണ് ധാരണ ആയിരിക്കുന്നത്.


ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച മുന്നണി വിട്ടിരിക്കുകയാണ്. മാത്രമല്ല ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പിയും മഹാസഖ്യവുമായുളള ബന്ധം ഉപേക്ഷിച്ചു. മഹാസഖ്യത്തില്‍ നിന്ന് പുറത്ത് വന്ന കുശ്വാഹയുടെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപീകരിച്ചിരിക്കുന്നത്. മായാവതി നയിക്കുന്ന ബിഎസ്പിയാണ് മൂന്നാം മുന്നണിയിലെ പ്രധാന പാര്‍ട്ടി.


ബീഹാറില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം മൂന്നാം മുന്നണിക്കൊപ്പം കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്‍വാദി സോഷ്യലിസ്റ്റാണ് മൂന്നാം മുന്നണിയിലെ മറ്റൊരു പാര്‍ട്ടി. ബീഹാറിലെ രണ്ട് പ്രധാന മുന്നണികളും ജനങ്ങളെ നിരാശരാക്കിയെന്ന് ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


മാത്രമല്ല മതേതരത്വ ശക്തികള്‍ക്കൊപ്പം സഖ്യമുണ്ടാക്കുമെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഒവൈസിയുടെ പാര്‍ട്ടി മൂന്നാം മുന്നണിയില്‍ അണി നിരക്കുമെന്ന് ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മത്സരം ബീഹാറില്‍ കാഴ്ച വെക്കാനാവും എന്നാണ് മൂന്നാം മുന്നണിയുടെ പ്രതീക്ഷ.


ഉപേന്ദ്ര കുശ്വാഹ നേരത്തെ എന്‍ഡിഎ സഖ്യത്തില്‍ ചേരാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനം സംഭന്ധിച്ച് നിതീഷ് കുമാറുമായി ധാരണയില്‍ എത്താനാകാത്ത സാഹചര്യത്തിലാണ് മൂന്നാം മുന്നണി തീരുമാനത്തിലേക്ക് കുശ്വാഹ നീങ്ങിയത്. അതേസമയം ഒവൈസിയും മായാവതിയും അടക്കമുളളവരുടെ മൂന്നാം മുന്നണി നീക്കത്തിന് എതിരെ വന്‍ വിമര്‍ശനം ഉയരുന്നുണ്ട്.


ബിജെപിയെ തറപറ്റിക്കാനുളള ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്നതും ബിജെപിയെ സഹായിക്കുന്നതുമാണ് മൂന്നാം മുന്നണി നീക്കം എന്നാണ് മഹാസഖ്യം ആരോപിക്കുന്നത്. മൂന്നാം മുന്നണി കൂടി വരുന്നതോടെ ബിജെപി വിരുദ്ധ മതേതര വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഭിന്നിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ സഹായകമാവും. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഒവൈസി തളളിക്കളഞ്ഞു.

No comments