Breaking News

15 സീറ്റുകളിൽ പിസി ജോർജ് ''കിംഗ് മേക്കർ''..!! പിസിയുമായി ചർച്ച നടത്തി ഉമ്മൻചാണ്ടി, ട്വിസ്റ്റ് ഉടൻ.. ഓരോ വോട്ടും...

 


കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഡിഎഫ് പ്രവേശന നീക്കങ്ങള്‍ സജീവമാക്കി പിസി ജോര്‍ജ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തന്നെ യുഡിഎഫിലേക്ക് തിരികെ എത്താന്‍ പിസി ജോര്‍ജ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.


എന്നാല്‍ കോണ്‍ഗ്രസിലും മുന്നണിക്കുളളിലുമുളള കടുത്ത എതിര്‍പ്പ് മൂലം അത് നടന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് യുഡിഎഫിലേക്ക് പിസി ജോര്‍ജിനെ എടുക്കുന്നത് കോണ്‍ഗ്രസ് ഗൗരവത്തോടെ ആലോചിക്കുന്നത്. മുന്നണി പ്രവേശനം സംബന്ധിച്ച് പിസി ജോര്‍ജ് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. ഇതോടെ ജനപക്ഷത്തിന്റെ മുന്നണി പ്രവേശനം വേഗത്തിലായേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ..


ജോസ് കെ മാണി ഇടത് മുന്നണിയിലേക്ക് ചേക്കേറിയതോടെ കോട്ടയവും പത്തനംതിട്ടയും അടക്കമുളള മധ്യകേരളത്തിലെ ജില്ലകളില്‍ കരുത്തുറപ്പിക്കുക എന്നത് യുഡിഎഫിന് വെല്ലുവിളിയായിരിക്കുകയാണ്. യുഡിഎഫ് കോട്ടയായിരുന്ന കോട്ടയത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി കൂടിയാണ് പിസി ജോര്‍ജിന്റെ കാര്യത്തില്‍ പുനര്‍ചിന്തയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നയിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് പിസി ജോര്‍ജിനെ മുന്നണിയില്‍ എത്തിക്കാന്‍ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. എന്ത് വിട്ടുവീഴ്ചകള്‍ നടത്തിയും കേരളത്തില്‍ അധികാരം പിടിക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിന് പിസി ജോര്‍ജ് കൂടെ വേണം എന്നാണെങ്കില്‍ അതിനും തയ്യാറാകണം എന്നതാണിപ്പോള്‍ കോണ്‍ഗ്രസ് നിലപാട്.


കോണ്‍ഗ്രസിന് തന്നെ ആവശ്യമുണ്ട് എന്ന് കണ്ടതോടെ പിസി ജോര്‍ജ് ഇനി മുന്നണി പ്രവേശനം അങ്ങോട്ട് ആവശ്യപ്പെടില്ല എന്ന നിലപാടിലാണ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മുന്നണി പ്രവേശനം അടക്കമുളള വിഷയങ്ങളില്‍ താന്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ് എന്ന് പിസി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുമായി യുഡിഎഫ് പ്രവേശനം ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.


യുഡിഎഫില്‍ മുസ്ലീം ലീഗ് അടക്കമുളള ഘടകകക്ഷികള്‍ക്ക് ജനപക്ഷത്തിന്റെ വരവിനോട് എതിര്‍പ്പില്ലെന്നും പിസി ജോര്‍ജ് പറയുന്നു. മുന്നണി പ്രവേശനത്തിന് വേണ്ടി ആരുടേയും കാല് പിടിക്കാന്‍ തയ്യാറല്ല. തന്റെ ജനപക്ഷം പാര്‍ട്ടിക്ക് കരുത്തുണ്ടോ എന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസ്സിലാക്കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.


കേരള ജനപക്ഷത്തിന്റെ മുന്നണി പ്രവേശനത്തിന് യുഡിഎഫില്‍ ആരാണ് തടസ്സം നില്‍ക്കുന്നത് എന്നത് അറിയില്ല. മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെടുന്നത് താന്‍ യുഡിഎഫിലേക്ക് വരണം എന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് സീറ്റുകളില്‍ ജനപക്ഷം പാര്‍ട്ടി നിര്‍ണായകമാവും എന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. 15 സീറ്റുകളില്‍ ജനപക്ഷമായിരിക്കും ജയപരാജയങ്ങള്‍ നിശ്ചയിക്കുക.


നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ഇക്കാര്യം മനസ്സിലാകുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതിയെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് നയിക്കണം എന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മുന്നണി പ്രവേശനത്തിന് മുന്നോടിയായെന്നോണം രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും പുകഴ്ത്തി കഴിഞ്ഞ ദിവസം പിസി ജോര്‍ജ് രംഗത്ത് വന്നിരുന്നു.


ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വന്ന് സര്‍ക്കാരിന് എതിരെയുളള പോരാട്ടം നയിക്കണം എന്നാണ് നേരത്തെ പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. മാത്രമല്ല രമേശ് ചെന്നിത്തല കെ കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു. യുഡിഎഫുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് പരസ്യമായി തന്നെ പല തവണ പറഞ്ഞിട്ടുളളതാണ്.


ജനപക്ഷത്തിന് വേണ്ടി പൂഞ്ഞാറും പാലായും കാഞ്ഞിരപ്പളളിയും അടക്കമുളള 5 സീറ്റുകളാണ് ജനപക്ഷം ആവശ്യപ്പെടുന്നത്. പൂഞ്ഞാറിലോ അല്ലെങ്കില്‍ പാലായിലോ മത്സരിക്കാനാണ് പിസി ജോര്‍ജ് താല്‍പര്യപ്പെടുന്നത്. പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി ആണെങ്കില്‍ താനാകും എതിരാളിയെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. തന്റെ സീറ്റായ പൂഞ്ഞാറില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ ആവും പിസി ജോര്‍ജ് മത്സരത്തിന് ഇറക്കുക.

No comments