Breaking News

കോണ്‍ഗ്രസിന്റെ 2+1 ഫോര്‍മുല..!! തവനൂരില്‍ പൊതു സ്വതന്ത്രന്‍ ഫിറോസ് കുന്നംപറമ്പില്‍..?? ലീഗ് വഴങ്ങുമോ..

 


മലപ്പുറം: ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം മുസ്ലീം ലീഗ് ഇത്തവണ ആവശ്യപ്പെട്ടത് അധികമായി ആറ് സീറ്റുകളാണ്. പതിനൊന്ന് സീറ്റുകള്‍ക്ക് വരെ അവകാശവാദം ഉന്നയിക്കും എന്നായിരുന്നു വാര്‍ത്തകള്‍. എന്തായാലും പരമാവധി മൂന്ന് അധിക സീറ്റുകള്‍ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.


അതില്‍ തന്നെ രണ്ടെണ്ണം മുസ്ലീം ലീഗിന് മാത്രമായും ഒന്ന് രണ്ട് പാര്‍ട്ടിയുടേയും പൊതു സ്വതന്ത്രനും എന്ന രീതിയിലാണ് വാര്‍ത്തകള്‍. ആരായിരിക്കും ആ പൊതു സ്വതന്ത്രന്‍ എന്നതിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ അറിയപ്പെടുന്ന ഫിറോസ് കുന്നംപറമ്പില്‍ തന്നെ ആയിരിക്കും അത് എന്നാണ് വിലയിരുത്തല്‍. പരിശോധിക്കാം...


ഘടകകക്ഷികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളില്‍ ആയിരുന്നു മുസ്ലീം ലീഗ് അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച് 18 എണ്ണത്തില്‍ വിജയിച്ചു എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഉയര്‍ത്തിക്കാണിക്കുന്നു. എന്നാല്‍ പുതിയ ഘടകക്ഷികള്‍ വരുന്ന സാഹചര്യത്തില്‍ പരമാവധി മൂന്ന് സീറ്റേ അധികം നല്‍കാനാവൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.


രണ്ട് സീറ്റുകള്‍ക്ക് നല്‍കുന്നതിന് പുറമേ ലീഗിനും കോണ്‍ഗ്രസിനും കൂടി ഒരു പൊതു സ്വതന്ത്രന്‍ എന്നാണ് വാഗ്ദാനം. അത് ഫിറോസ് കുന്നംപറമ്പില്‍ തന്നെ ആയിരിക്കും എന്നാണ് സൂചനകള്‍. മുസ്ലീം ലീഗിന്റെ മുന്‍ പ്രവര്‍ത്തകന്‍ കൂടിയായ ഫിറോസ് വലിയ ജനപിന്തുണ ഉള്ള ആളും ആണ്.


നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന തവനൂര്‍ സീറ്റില്‍ പൊതു സ്വതന്ത്രനായി ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കുക എന്ന സാധ്യത ആദ്യം മുന്നോട്ട് വച്ചതും മുസ്ലീം ലീഗ് തന്നെ ആയിരുന്നു. തവനൂര്‍ സീറ്റ് എന്ത് വിലകൊടുത്തും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കുക എന്നതാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യം.


മുസ്ലീം ലീഗ് വിട്ട് പുറത്ത് പോയതിന് ശേഷം പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒരാളായാണ് കെടി ജലീലിനെ കാണുന്നത്. 2006 ല്‍ കുഞ്ഞാലിക്കുട്ടിയെ ലീഗ് കോട്ടയില്‍ അട്ടിമറിച്ചതും കെടി ജലീല്‍ തന്നെ. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും കെടി ജലീലിനെ തോല്‍പിക്കാന്‍ യുഡിഎഫിന് സാധിച്ചതുമില്ല.


തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെ ആരും സമീപിച്ചിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചത്. താന്‍ മുമ്പ് യുഡിഎഫ് പ്രവര്‍ത്തകനായിരുന്നു എന്ന കാര്യം അദ്ദേഹം മറച്ചുവയ്ക്കുകയും ചെയ്തില്ല. എന്തായാലും ഫിറോസുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് സൂചനകള്‍.


താന്‍ ഇന്നൊരു വെറും വ്യക്തിയല്ലെന്നാണ് കഴിഞ്ഞ ദിവസം ഫിറോസ് പറഞ്ഞത്. ലക്ഷക്കണക്കിന് ആളുകള്‍ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് ഒരു വ്യക്തിയെന്ന് നിലയ്ക്ക് തനിക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാണ് ഇക്കാര്യം തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.


2011 ല്‍ രൂപീകൃതമായതിന് ശേഷം കോണ്‍ഗ്രസ് ആണ് തവനൂരില്‍ മത്സരിച്ചിട്ടുള്ളത്. 2011 ല്‍ വിവി പ്രകാശ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ കെടി ജലീലിന്റെ ഭൂരിപക്ഷം 6,854 വോട്ടുകള്‍ ആയിരുന്നു. 2016 ല്‍ ഇഫ്തിക്കാറുദ്ദീന്‍ മാസ്റ്റര്‍ എതിരാളി ആയി എത്തിയപ്പോള്‍ ഭൂരിപക്ഷം മൂന്നിരട്ടിയോളം വര്‍ദ്ധിച്ച് 17,064 വോട്ടുകള്‍ ആയി.


തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗും യുഡിഎഫും താരതമ്യേന മെച്ചപ്പെട്ട പ്രകടം ആയിരുന്നു കാഴ്ചവച്ചത്. എന്നാല്‍ തവനൂര്‍ മണ്ഡലത്തിലെ വോട്ട് കണക്കില്‍ 6,110 വോട്ടുകള്‍ക്ക് ഇപ്പോഴും എല്‍ഡിഎഫ് തന്നെയാണ് മുന്നില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തില്‍ വിശ്വസിച്ചാണ് ഇപ്പോള്‍ യുഡിഎഫിന്റെ നീക്കം.


പൊതുസമ്മതനായ, ശക്തനായ സ്ഥാനാര്‍ത്ഥി വന്നില്ലെങ്കില്‍ തവനൂരില്‍ ഇത്തവണയും നിലംതൊടില്ലെന്ന വിലയിരുത്തലില്‍ ആണ് കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. പൊതുസ്വതന്ത്രനെ നിര്‍ത്തുന്നത് വഴി സ്വന്തം പാര്‍ട്ടിക്കാരേയും മുസ്ലീം ലീഗിനേയും ഒരുപോലെ തൃപ്തിപ്പെടുത്താനും കോണ്‍ഗ്രസിന് സാധിക്കും.


സീറ്റ് ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ മലപ്പുറത്ത് നിന്നുള്ള യുവനേതാവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും ആയ റിയാസ് മുക്കോളിയെ പരിഗണിച്ചിരുന്ന മണ്ഡലം ആയിരുന്നു തവനൂര്‍. പൊതു സ്വതന്ത്രന്‍ എത്തിയാല്‍ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം മൂന്നായി കുറയും.


ഇത്തവണ ആറ് അധിക സീറ്റുകളെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു മുസ്ലീം ലീഗ്. തങ്ങൾക്ക് അതിനുള്ള അവകാശമുണ്ടെന്നും മുസ്ലീം ലീഗ് കരുതുന്നു. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യമുള്ള സ്ഥാനാർത്ഥിപ്പട്ടികയാകും ലീഗിന്റേത് എന്നാണ് കരുതുന്നത്. എന്നാൽ അധിക സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നാൽ അതെല്ലാം മാറ്റിവയ്ക്കപ്പെട്ടേക്കും.

No comments