Breaking News

കേരളം പിടിക്കാന്‍ മലബാര്‍ വേണം..!! ലക്ഷ്യം 35 സീറ്റ്.., കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ..!! ലീഗ് ഇല്ലാതെ ഇത്രയും സീറ്റ് വേണം.. രാഹുൽ നേരിട്ടിറങ്ങും..


കണ്ണൂർ :  രാഹുല്‍ ഗാന്ധി കേരളത്തില്‍ പ്രചാരണത്തെ നയിക്കുന്ന സാഹചര്യത്തില്‍ മലബാറിന് പ്രാധാന്യം നല്‍കി കോണ്‍ഗ്രസ്. വയനാട്ടില്‍ നിന്നുള്ള എംപിയായതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ഇവിടെ നിന്ന് തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിലവില്‍ പരമ ദയനീയമാണ് ആറ് ജില്ലകളില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ. രാഹുല്‍ വരുന്നതോടെ കൂടി ദീര്‍ഘകാലം ജയിക്കാത്ത സീറ്റ് കൂടി പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. വന്‍ പ്ലാനും അണിയറയില്‍ റെഡിയാണ്. സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളും വന്നേക്കും.


മലബാറില്‍ ദുര്‍ബലമാണ് കോണ്‍ഗ്രസ്. മുസ്ലീം ലീഗിന് ശക്തിയുണ്ടെങ്കിലും കോണ്‍ഗ്രസ് എവിടെയുമില്ല. ആറ് ജില്ലകളില്‍ നിന്നായി ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. അറുപത് നിയമസഭാ മണ്ഡലങ്ങളുണ്ട് ഈ ജില്ലകളില്‍. കെപിസിസി രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് മലബാറില്‍ കുതിപ്പ് നടത്താനാണ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 23 സീറ്റുകളാണ് 2016ല്‍ യുഡിഎഫിന് ലഭിച്ചത്. ഇതില്‍ 17 സീറ്റും ലീഗിന്റേതാണ്.


രാഹുല്‍ മലബാര്‍ മേഖലയില്‍ ഇത്തവണ സജീവമായുണ്ടാവും. രാഹുലിന്റെ ടീമും ഏറ്റവും ശക്തമായി വയനാട്-കോഴിക്കോട് മേഖലയിലുണ്ടാവും. കഴിഞ്ഞ തവണത്തെ പോലെ ദുര്‍ബലമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ ഹൈക്കമാന്‍ഡ് കണ്ണുരുട്ടും. സര്‍വ സന്നാഹവുമായി നേതാക്കള്‍ മലബാറിലുണ്ടാവും. കോഴിക്കോട് സീറ്റ് പിടിച്ചെടുക്കുന്നതിന് കോണ്‍ഗ്രസ് ഇത്തവണ താല്‍പര്യം കാണിക്കും. കോഴിക്കോട് നോര്‍ത്തും സൗത്തും ബേപ്പൂരും വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയാണ് പ്രധാന ലക്ഷ്യം


കേരളം പിടിക്കാന്‍ മലബാറില്ലാതെ നടക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ആറ് ജില്ലകളില്‍ നിന്നായി 35 സീറ്റാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 15 സീറ്റ് വരെയാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ എന്തെങ്കിലും നേട്ടം യുഡിഎഫിന് ലഭിക്കൂ. ഇല്ലെങ്കില്‍ ലീഗ് ഉള്ളത് കൊണ്ട് വിജയിച്ചതാണെന്ന വിലയിരുത്തലുണ്ടാവും. ഇപ്പോള്‍ തന്നെ മലബാറില്‍ കോണ്‍ഗ്രസ് സീറ്റ് നേടുന്നത് ലീഗിന്റെ ബലത്തിലാണെന്ന് അണികള്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്.


ആറ് ജില്ലകളിലായി 31 സീറ്റിലാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത്. പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളില്‍ മാത്രം ജയമൊതുങ്ങി. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ജയിക്കാനായില്ല. അതേസമയം ലീഗാണെങ്കില്‍ മത്സരിച്ചത് 21 സീറ്റില്‍. അതില്‍ 17 സീറ്റും നേടി. നാല് സിറ്റിംഗ് സീറ്റുകളാണ് മലബാറില്‍ കോണ്‍ഗ്രസിന് നഷ്ടമായത്. കണ്ണൂര്‍, മാനന്തവാടി, നിലമ്പൂര്‍, പട്ടാമ്പി മണ്ഡലങ്ങളാണ് ആ സിറ്റിംഗ് സീറ്റുകള്‍.


കോണ്‍ഗ്രസിന്റെയും പിന്നീട് എല്‍ജെഡിക്ക് നല്‍കിയതുമായ കല്‍പ്പറ്റ സീറ്റും നഷ്ടമായി. എല്‍ജെഡി മുന്നണി വിട്ട സാഹചര്യത്തില്‍ കല്‍പ്പറ്റ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. കോണ്‍ഗ്രസിന്റെ ഒന്നാം പട്ടികയില്‍ നഷ്ടപ്പെട്ട അഞ്ച് സിറ്റിംഗ് സീറ്റ് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ആറ് സീറ്റിനൊപ്പം ഈ അഞ്ചും കൂടി കിട്ടിയാല്‍ പതിനൊന്ന് സീറ്റിലേക്ക് മലബാറില്‍ കുതിക്കാന്‍ കോണ്‍ഗ്രസിനാവും. തിരുവമ്പാടി സീറ്റ് ഏറ്റെടുക്കുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. 2016ല്‍ കോണ്‍ഗ്രസിന് നഷ്ടമായ സിറ്റിംഗ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടി ഉള്‍പ്പെടുത്തിയിരിക്കുന്നത്


ദീര്‍ഘകാലം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും പിന്നീട് എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്ത മണ്ഡലങ്ങള്‍ മലബാറിലുണ്ട്. ഇത് പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇവ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. കൊയിലാണ്ടി, പൊന്നാനി, ഉദുമ മണ്ഡലങ്ങളാണ് ഇവ. ഈ മണ്ഡലങ്ങളില്‍ ഇടയ്ക്ക് കോണ്‍ഗ്രസ് കരുത്തുകാണിച്ചിട്ടുണ്ട്. നാദാപുരവും പേരാമ്പ്രയും ജയിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്ന മണ്ഡലമാണ്. കഴിഞ്ഞ തവണ നാദാപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ഈ പട്ടികയിലെ മൂന്ന് സീറ്റുകളെങ്കിലും ജയിക്കാനാവുമെന്നാണ് പ്രതീക്ഷ.


കോണ്‍ഗ്രസ് മലബാറില്‍ 15 സീറ്റ് വരെ സ്വപ്‌നം കാണുന്നത് അതിമോഹം കൂടിയാണ്. സംഘടനാ സംവിധാനം ഏറ്റവും മോശം നിലയിലാണ് മലബാറില്‍. സിപിഎമ്മുമായി നേരിട്ട് ഏറ്റുമുട്ടുന്നതും ലീഗിന്റെ സ്വാധീന മേഖലകളും അല്ലാത്ത ഇടങ്ങളില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ലീഗ് തന്നെയാണ് മലബാറില്‍ പ്രബല ശക്തിയെന്ന് ഇത് തെളിയിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് അടക്കം മികവ് കാണിച്ചത് ലീഗായിരുന്നു. നഷ്ടമുണ്ടായത് കോണ്‍ഗ്രസിന്റെ സീറ്റില്‍ മാത്രമാണ്.

No comments