മത്സരിക്കാന്‍ തയ്യാറെന്ന് ഷമ മുഹമ്മദ് ; പിണറായി വിജയനെതിരെയോ അതോ ഈ സീറ്റിലോ..?? എല്ലാം പാര്‍ട്ടി പറയണം..
കണ്ണൂര്‍: കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനെ വീഴ്ത്തി അധികാരത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കും. യുഡിഎഫിലും വലിയ പൊട്ടിത്തെറികളും കൊഴിഞ്ഞ് പോക്കും ഉണ്ടായേക്കും. കേരളത്തില്‍ പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ അത് കോണ്‍ഗ്രസിനെ വീണ്ടും ക്ഷീണിപ്പിക്കും. ഈ സാഹചര്യങ്ങളെല്ലാം മുന്‍ നിര്‍ത്തി ഇപ്പോഴല്ലെങ്കില്‍ പിന്നീട് ഒരിക്കലും ഇല്ലെന്ന മനോഭാവത്തിലാണ് കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം പതിവ് പാളിച്ചകള്‍ ഒഴിവാക്കാനുള്ള ശ്രമവും അവര്‍ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
യുവാക്കള്‍ക്ക് സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന് ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ശക്തിയേറി വരികയാണ്. ഏറ്റവും കുറഞ്ഞത് ഇരുപത് സീറ്റെങ്കിലും വനിതകള്‍ക്ക് നല്‍കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ ആവശ്യം. ബിന്ദു കൃഷ്ണ മുതല്‍ പത്മജ വേണുഗോപാലും ലതികാ സുഭാഷും വരേയുള്ള വനിതാ നേതാക്കള്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ നിരയിലേക്കാണ് പാര്‍ട്ടി ദേശീയ വക്താവായ ഷമ മുഹമ്മദിന്‍രെ പേരും കടന്ന് വരുന്നത്.
കണ്ണൂര്‍ സ്വദേശിയാണെങ്കിലും ദേശീയ തലത്തിലാണ് ഷമ മുഹമ്മദിന്‍റെ പ്രവര്‍ത്തനം. എഐസിസി വക്താവ് പദവിയില്‍ എത്തുന്ന ആദ്യ മലയാളി വനിത കൂടിയാണ് ഷമ മുഹമ്മദ്. എഐസിസിയുടെ മീഡിയ ടീമിന്‍റെ റിസര്‍ച്ച് വിഭാഗത്തിലൂടെയാണ് ഷമ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഷമയെ കണ്ണൂരില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തിരുന്നു.
ഇപ്പോള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷമ മുഹമ്മദ്. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം മറച്ച് വെക്കുന്നില്ല ഷമ മുഹമ്മദ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. ആര് രാഷ്ട്രീയത്തിലേക്ക് വന്നാല്‍ ഒരു സമയത്ത് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ നില്‍ക്കേണ്ടി വരും. അതിന് ആഗ്രഹമുണ്ടാവും. അല്ലാതെ ആരും രാഷ്ട്രീയത്തില്‍ വരികയില്ലെന്നും ഷമ മുഹമ്മദ് അഭിപ്രായപ്പെടുന്നു.
ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. എന്‍റെ നാടും ഉപ്പാന്‍റെ തറവാടും കണ്ണൂര്‍ ആണ്. എന്താണ് പാര്‍ട്ടി തീരുമാനിക്കുന്നത് അത് നമ്മള്‍ അനുസരിക്കും. ഇപ്പോള്‍ പുനൈയില്‍ ആണെങ്കിലും കേരളത്തിലേക്ക് മാറിക്കൂടായ്കയില്ല. ദില്ലിയില്‍ താമസിക്കുന്ന ശശി തരൂര്‍ മൂന്ന് തവണ തിരുവനന്തപുരത്തില്‍ നിന്നുള്ള എംപിയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും ഒരു തുടക്കം ഉണ്ടാവുമല്ലോ എന്നായിരുന്നു തിരഞ്ഞെടുപ്പ് പരിചയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷമ മുഹമ്മദിന്‍റെ ഉത്തരം. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി ഉള്ള ഒരാളാണ് ഞാന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലും തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലും സജിവമായി പ്രചരണ രംഗത്ത് ഉണ്ടായിരുന്നെന്നും ഷമ മുഹമ്മദ് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ഷമ മുഹമ്മദിനെ സ്ഥാനാര്‍ത്ഥിയാക്കിയേക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെതിരെ മുപ്പതിനായിരത്തിലേറെ വോട്ടിന് പിണറായി വിജയിച്ച മണ്ഡലമാണ് ധര്‍മടം. മണ്ഡലം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ 15162 വോട്ടിനായിരുന്നു സിപിഎമ്മിലെ കെകെ നാരായണന്‍ വിജയിച്ചത്.
ഇത്തവണ പിണറായിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച മമ്പറം ദിവാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ പുതിയ മുഖം എന്ന നിലയില്‍ ഷമ മുഹമമ്മദിന്‍റെ പേരിന് കൂടുതല്‍ പ്രധാന്യം ലഭിക്കുകയും ചെയ്തു. വന്‍ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കുന്നതിലൂടെ സിപിഎമ്മിനേയും പിണറായി വിജയനേയും സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ.
2008 ലെ മണ്ഡല പുനഃര്‍നിര്‍ണ്ണയത്തോടെ തന്നെ ഇടത് കോട്ടയായി മാറിയ മണ്ഡലമാണ് ധര്‍മ്മടം. തലശേരി താലൂക്കിലെ ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളും കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശേരി എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ധര്‍മടം മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പതിനായിരത്തിന് അടുത്ത വോട്ടിന്‍റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.
അതേസമയം, വിജയ സാധ്യതയില്ലാത്ത ധര്‍മ്മടത്തിന് പകരം പാര്‍ട്ടി ഏറെ വിജയസാധ്യതയുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും ഷമ മുഹമ്മദിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയാണ്. സതീശ് പാച്ചേനിയെ തന്നെ ഇത്തവണയും കണ്ണൂരില്‍ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
രണ്ട് പതിറ്റാണ്ടായി കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്ത് ഉള്ള നേതാവാണ് സതീശന്‍ പാച്ചേനി. കഴിഞ്ഞ തവണ കണ്ണൂരില്‍ മത്സരിച്ചെങ്കിലും വിജയ പ്രതീക്ഷയുള്ള മണ്ഡലത്തില്‍ 1196 വോട്ടിന് സതീശന്‍ പാച്ചേനി പരാജയപ്പെടുകയായിരുന്നു. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ പരാജയത്തിന് ഇടയാക്കിയത്. നിലവില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതിനാണ് മണ്ഡലത്തില്‍ വലിയ വിജയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഷമ മുഹമ്മദിന് ധര്‍മടത്തായിരിക്കും നറുക്ക് വീഴുക. രാഹുൽ ഗാന്ധിയുടെ കൂടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും ഷമ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. നിലവില്‍ പൂനെയിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്ന ഷമ ഡൽഹി കേന്ദ്രീകരിച്ചാണ് ഏറെ കാലമായി പ്രവർത്തിക്കുന്നത്

No comments