Breaking News

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകാന്‍ ശശി തരൂര്‍..!! കേരളത്തില്‍ തരൂരിന് നിര്‍ണായക റോള്‍..!! തരൂരിന്റെ കേരള പര്യാടനം..

 


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം പോകാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തുടര്‍ഭരണം ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്ന ഇടതുപക്ഷത്തെ തളയ്ക്കാന്‍ കോണ്‍ഗ്രസിന് പഴയ ആയുധങ്ങളൊന്നും മതിയായെന്ന് വരില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ക്ഷീണവും കോണ്‍ഗ്രസിനുണ്ട്


ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നയിക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. എങ്കിലും കോണ്‍ഗ്രസ് തന്ത്രങ്ങളുടെ കുന്തമുന തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍ ആയിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക റോളാണ് കോണ്‍ഗ്രസ് തരൂരിന് നല്‍കിയിരിക്കുന്നത്.


ഗ്രൂപ്പ് ഭിന്നതകളെല്ലാം മാറ്റി വെച്ച് കോണ്‍ഗ്രസിന്റെ ജയം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് സംസ്ഥാനത്തെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തലയ്ക്ക് പകരം കോണ്‍ഗ്രസിനെ നയിക്കാനുളള ചുമതല ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചിട്ടും കോണ്‍ഗ്രസിലാരും പരസ്യ കലാപത്തിന് മുതിരാത്തത്.


ശശി തരൂര്‍ സംസ്ഥാന നേതൃത്വത്തില്‍ അത്ര സജീവമല്ല. ഉമ്മന്‍ചാണ്ടി നയിക്കുന്ന തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ പക്ഷെ തരൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തരൂരിന്റെ ജനപ്രീതി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് പ്രത്യേക താല്‍പര്യത്തില്‍ ശശി തരൂരിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. യുവാക്കള്‍ അടക്കമുളള വിഭാഗത്തെ ആകര്‍ഷിക്കാന്‍ തരൂരിനാവും എന്നാണ് ഹൈക്കമാന്‍ഡ് കണക്ക് കൂട്ടല്‍.


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക ചുമതലയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തരൂരിന് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കുക എന്ന വന്‍ ഉത്തരവാദിത്തമാണ് ശശി തരൂരിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി നയിക്കുന്ന തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി തിരുവനന്തപുരത്ത് ചേര്‍ന്ന ആദ്യത്തെ യോഗത്തിലാണ് തീരുമാനം.


എഐസിസി പ്രതിനിധിയായി കേരളത്തില്‍ എത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ ആയിരുന്നു യോഗം. സംസ്ഥാനത്തെ യുവാക്കളുമായി സംവദിക്കാനും തരൂരിനെ യോഗം ചുമതലപ്പെടുത്തി. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ശശി തരൂര്‍ കേരള പര്യടനം നടത്താനും യോഗത്തില്‍ തീരുമാനമായി.


സംസ്ഥാനത്തെ അഞ്ച് ജില്ലകളിലാവും ശശി തരൂര്‍ കേരള പര്യടനത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക. യുവാക്കള്‍ അടക്കം വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. യുഡിഎഫിനോട് അകന്ന് നില്‍ക്കുന്നവരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അനുനയിപ്പിക്കുക എന്ന ലക്ഷ്യവും തരൂരിന്റെ കേരള പര്യടനത്തിനുണ്ട്. ഒപ്പം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലേക്ക് സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ നിര്‍ദേശങ്ങളും ശശി തരൂര്‍ തേടും.


പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ വെച്ച് സംസ്ഥാന നേതാക്കളെ അറിയിച്ചു. ഗ്രൂപ്പ് അടക്കമുളള മറ്റ് യാതൊന്നും ഇക്കുറി പരിഗണിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജില്ലാ തലത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് ഉടനെ തന്നെ രൂപം നല്‍കാനും യോഗത്തില്‍ തീരുമാനമായി.


ഓരോ ജില്ലയിലും മുന്‍നിര നേതാക്കള്‍ക്ക് തന്നെ തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കാനുളള ചുമതല നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തിരഞ്ഞെടുപ്പിന് മുന്‍പായി ആരംഭിക്കാനിരിക്കുകയാണ്. ഐശ്വര കേരള യാത്രയുടെ ചുമതല ഓരോ ജില്ലകളിലും കോണ്‍ഗ്രസ് എംപിമാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ആലപ്പുഴയുടേയും വയനാടിന്റെയും ചുമതല കെസി വേണുഗോപാല്‍ നിര്‍വ്വഹിക്കും.

No comments