Breaking News

ദു:ഖം മാറാതെ തോമസ് മാഷ് ; കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു.. കറിവേപ്പിലയാക്കി.., മകളെ വലിച്ചിഴച്ചു..


കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ കെവി തോമസ് കോണ്‍ഗ്രസ് വിടുന്നു എന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍. എന്നാല്‍ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളെ തുടര്‍ന്ന് കെവി തോമസ് കോണ്‍ഗ്രസില്‍ തന്നെ തുടരുകയായിരുന്നു.


എങ്കിലും തന്റെ ദു:ഖം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലാണ് അദ്ദേഹം തന്റെ വേദനകള്‍ തുറന്നുപറഞ്ഞത്. പരിശോധിക്കാം...


കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അപമാനിച്ചു എന്നാണ് അദ്ദേഹം തുറന്ന് പറയുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കുന്നില്ലെന്ന് നേരത്തേ തീരുമാനിച്ചു. എന്നാല്‍ അക്കാര്യം തന്നെ മാത്രം അറിയിക്കാതെ അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത് എന്നാണ് അദ്ദേഹത്തിന്റെ ദു:ഖം.


താന്‍ സീറ്റിന് വേണ്ടി ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല. എന്നിട്ടും തന്റെ മകളെ ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ് ചെയ്തത്. തന്നെ അധികാരഭ്രാന്തനെന്ന് മുദ്രകുത്താന്‍ ശ്രമം നടന്നു എന്നും അദ്ദേഹം പറയുന്നു.


വലിയ സൈബര്‍ ആക്രമണം ആണ് താന്‍ നേരിടേണ്ടി വന്നത്. തന്നെ അപമാനിച്ചത് വേറെ പാര്‍ട്ടിയില്‍ ഉള്ള ആളുകള്‍ ആയിരുന്നില്ല. അത് മുഴുവന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിലുള്ള വേദന അദ്ദേഹം പ്രകടമാക്കുകയും ചെയ്തു.


പാര്‍ട്ടി തനിക്ക് വാഗ്ദാനം ചെയ്ത പദവികള്‍ ഒന്നും തന്നില്ല എന്ന് മാത്രമല്ല, തന്നെ കറിവേപ്പില പോലെ എടുത്തെറിയുകയായിരുന്നു. അത് വലിയ വിഷമമുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നോട് കുറച്ച് മാന്യത കാണിക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.


ഗ്രൂപ്പില്ലാത്ത നേതാക്കളെ പ്രാദേശിക യോഗത്തിന് പോലും വിളിക്കാത്ത സ്ഥിതിയാണ്. തനിക്കെതിരെ ചില നേതാക്കള്‍ ഇതെല്ലാം മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. സീറ്റിന് വേണ്ടി ഇനി ഒരിക്കലും നേതൃത്വത്തിന് മുന്നില്‍ പോകില്ലെന്നും അദ്ദേഹം പറയുന്നു.


പ്രായത്തിന്റെ കാര്യം പറഞ്ഞാണ് തന്നെ മാറ്റിനിര്‍ത്തുന്നത്. അത് വിവേചനമാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ചിലര്‍ക്ക് എത്ര പ്രായമായാലും മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഒരു വിലക്കും ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് കെവി തോമസിന്റെ വിമര്‍ശനം.


താന്‍ ബിജെപിയില്‍ പോകുന്നു ആദ്യം പ്രചരണം. അതിന് ശേഷം ഇടതുമുന്നണിയിലേക്ക് പോകുമെന്ന് പ്രചാരണമുണ്ടായി. കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് ഒരുകാലത്തും ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ആരോടും താന്‍ ഇങ്ങനെയൊന്ന് ചര്‍ച്ച ചെയ്തിട്ടില്ല എന്നും പറഞ്ഞു.


സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം പോലും ഉപേക്ഷിച്ച് കെവി തോമസ് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പങ്കെടുത്തത്. കെവി തോമസിനെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇതിനിടെ മകള്‍ക്ക് സീറ്റ് നല്‍കണം എന്ന് കെവി തോമസ് ആവശ്യപ്പെട്ടു എന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു.


ദശാബ്ദങ്ങളോളം എറണാകുളം ഡിസിസി പ്രസിഡന്റ് ആയിരുന്ന കെവി തോമസ് മുന്‍ സംസ്ഥാന മന്ത്രിയും മുന്‍ കേന്ദ്ര മന്ത്രിയും ആണ്. എറണാകുളം ജില്ലയില്‍ ഏറ്റവും നിര്‍ണായകമായ ക്രൈസ്തവ സഭകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളും ആണ് ഇദ്ദേഹം. കെവി തോമസ് കോണ്‍ഗ്രസ് വിട്ടാല്‍, വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും എന്ന ബോധ്യത്തിലാണ് കേന്ദ്ര നേതൃത്വം തന്നെ ഒത്തുതീര്‍പ്പിലേക്കെത്തിയത് എന്നാണ് വിവരം.

No comments