Breaking News

ഏത് വഴിയും സിപി ജോണിനെ ജയിപ്പിക്കും..!! കുന്നംകുളം വെച്ചുമാറാൻ കോൺഗ്രസ്..!! സിപി ജോൺ ലീഗ് കോട്ടയിലേക്ക്..

 


തിരുവനന്തപുരം: വിജയസാധ്യത മാത്രം മാനദണ്ഡമാക്കി മുന്നണിയിലെ കരുത്തരായ എല്ലാ നേതാക്കളെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കളത്തിലിറക്കാനുളള നീക്കത്തിലാണ് യുഡിഎഫ്. അക്കൂട്ടത്തില്‍ സിഎംപി നേതാവ് സിപി ജോണുമുണ്ട്.


സിപി ജോണിനെ പോലൊരു നേതാവിനെ എന്ത് വില കൊടുത്തും ഇത്തവണ നിയമസഭയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കുന്നംകുളത്ത് നിന്നും മാറി മലബാറിലെ യുഡിഎഫിന്റെ കോട്ടയിലാണ് സിപി ജോണിനെ ഇറക്കുക. വിശദാംശങ്ങള്‍ ഇങ്ങനെ


സംസ്ഥാനത്ത് അധികാരം പിടിക്കാന്‍ കരുതലോടെയും കൂടുതല്‍ തയ്യാറെടുപ്പുകളോടെയുമാണ് ഇത്തവണ യുഡിഎഫ് തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ നടത്തുന്നത്. യുഡിഎഫിലെ പ്രമുഖരെയെല്ലാം തന്നെ തിരഞ്ഞെടുപ്പില്‍ ഇറക്കിയേക്കും. മുസ്ലീം ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടി അടക്കം എംപി സ്ഥാനം രാജി വെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സിപി ജോണിനെ ഇത്തവണ നിയമസഭയില്‍ എത്തിക്കണമെന്ന് കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും നിര്‍ബന്ധമുണ്ട്. 2011ലും 2016ലും സിപി ജോണ്‍ നിയമസഭയിലേക്ക് യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും സിപി ജോണ്‍ ഇടത് സ്ഥാനാര്‍ത്ഥികളോട് തോല്‍വിയറിഞ്ഞു.


2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ബാബു എം പാലിശേരി ആയിരുന്നു സിപി ജോണിന് എതിരാളി. 58244 വോട്ടുകള്‍ ബാബു എം പാലിശേരി നേടിയപ്പോള്‍ സിപി ജോണിന് ലഭിച്ചത് 57763 വോട്ടായിരുന്നു. 481 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു അന്ന് സിപി ജോണിന്റെ തോല്‍വി. അന്ന് സിപി ജോണിന്റെ അപരന്‍ 860 വോട്ടുകളും ആര്‍എംപി 2059 വോട്ടും നേടിയത് സിപി ജോണിന് തിരിച്ചടിയായി.


2016ലും സിപി ജോണിനെ തന്നെയാണ് കുന്നംകുളത്ത് യുഡിഎഫ് ഇറക്കിയത്. മന്ത്രി എസി മൊയ്തീനോടാണ് സിപി ജോണ്‍ മത്സരിച്ച് പരാജയപ്പെട്ടത്. ഇത്തവണ കുന്നംകുളത്ത് എല്‍ഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തി. 7782 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസി മൊയ്തീന്‍ തിരഞ്ഞെടുക്കപ്പെട്ടത്. എസി മൊയ്തീന് 63088 വോട്ടുകളും സിപി ജോണിന് 55571 വോട്ടുകളും ലഭിച്ചു.


കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി സിപി ജോണ്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷിതമായ ഒരു സീറ്റ് സിഎംപിക്ക് നല്‍കണം എന്ന് സിപി ജോണ്‍ ആവശ്യപ്പെട്ടു. ഇതടക്കം മൂന്ന് സീറ്റിലെങ്കിലും സിഎംപി മത്സരിക്കുമെന്നാണ് സിപി ജോണ്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.


ഈ നിയമസഭാ തിരഞ്ഞെടുപ്പിലും കുന്നംകുളം സീറ്റ് തന്നെ സിപി ജോണിന് നല്‍കണം എന്നാണ് സിഎംപിയുടെ ആവശ്യം. എന്നാല്‍ കുന്നംകുളത്ത് ഇക്കുറി താനില്ലെന്നാണ് സിപി ജോണ്‍ നിലപാട് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മലബാറില്‍ യുഡിഎഫിന് ജയമുറപ്പുള്ള ഒരു സീറ്റ് സിപി ജോണിന് നല്‍കി കുന്നംകുളം ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.


മലബാറില്‍ മുസ്ലീം ലീഗിന് കൂടി സ്വാധീനമുളള ഒരു സീറ്റാണ് സിപി ജോണിന് വേണ്ടി പരിഗണിക്കുന്നത്. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ആണ് സാധ്യതയുളള ഒരു മണ്ഡലം. ഇത് മുസ്ലീം ലീഗിന്റെ സിറ്റിംഗ് സീറ്റാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ പി അബ്ദുള്‍ ഹമീദ് 12610 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വള്ളിക്കുന്നില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്.


വള്ളിക്കുന്ന് സിഎംപിക്ക് നല്‍കി കുന്നംകുളം കോണ്‍ഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത. 1991ലും 2001ലും കോണ്‍ഗ്രസ് കുന്നംകുളത്ത് നിന്നും വിജയിച്ചിരുന്നു. രണ്ട് തവണയും ടിവി ചന്ദ്രമോഹന്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ 2011 മുതല്‍ മണ്ഡലം എല്‍ഡിഎഫ് പിടിച്ചു. അതിന് മുന്‍പും നിരവധി തവണ എല്‍ഡിഎഫ് വിജയിച്ച മണ്ഡലമാണ് തൃശൂര്‍ ജില്ലയിലെ കുന്നംകുളം.

No comments