Breaking News

എന്‍സിപിക്ക് 5 സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്; പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥി; ചിഹ്നം.. ശശീന്ദ്രനും..


 കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത മാണി സി കാപ്പന്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം ഔദ്യോഗികമായി ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കും. പാലാ സീറ്റ് വിട്ടുതരില്ലെന്ന് സിപിഎം കേരള നേതൃത്വം എന്‍സിപി നേതൃത്വത്തെ അറിയിച്ചു.


സിറ്റിങ് മണ്ഡലം പിടിച്ചെടുത്താല്‍ മുന്നണിയില്‍ നില്‍ക്കില്ലെന്നാണ് മാണി സി കാപ്പന്റെയും സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററുടെയും നിലപാട്. പവാറുമായുള്ള ചര്‍ച്ചയില്‍ പീതാംബരന്‍ മാസ്റ്ററും പങ്കെടുക്കുന്നുണ്ട്. 5 സീറ്റ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...


മാണി സി കാപ്പന്‍ സ്വതന്ത്ര ചിഹ്നത്തിലാകും പാലായില്‍ മല്‍സരിക്കുക എന്നാണ് വിവരം. എന്‍സിപിയുടെ ചിഹ്നത്തിലാകില്ല. എന്‍സിപിയുടെ കോട്ടയം, ആലപ്പുഴ ജില്ലാ നേതൃത്വം മാണി സി കാപ്പനൊപ്പം നില്‍ക്കുമെന്നാണ് വിവരം. അതേസമയം, എകെ ശശീന്ദ്രന്‍ പക്ഷം എല്‍ഡിഎഫിനൊപ്പം നില്‍ക്കും. ഇതോടെ എന്‍സിപി പിളരുമെന്ന് ഉറപ്പായി. പിളര്‍ന്ന എന്‍സിപിക്ക് എല്‍ഡിഎഫില്‍ മതിയായ പരിഗണന കിട്ടാനിടയില്ല.


കാപ്പന്റെ മുന്നണി മാറ്റ വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചത് അദ്ദേഹത്തിന് ജനപിന്തുണയുള്ളത് കൊണ്ടാണ്. കാപ്പന്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. ശേഷം കെപിസിസി തീരുമാനം എടുക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.


പാലാ മണ്ഡലത്തില്‍ നടത്താനിരുന്ന വിളംബര ജാഥ മാണി സി കാപ്പന്‍ മാറ്റിവച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ട ജാഥയാണ് മാറ്റിയത്. 20 മുതല്‍ 24 വരെ നടത്താനിരുന്ന വിളംബര ജാഥയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇനി എംഎല്‍എയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാകും മണ്ഡലത്തിലെ ജാഥ.


മാണി സി കാപ്പനെ മുസ്ലിം ലീഗും പിജെ ജോസഫ് പക്ഷവും സ്വാഗതം ചെയ്തിട്ടുണ്ട്. കെ മുരളീധരന്‍ എംപിയും സ്വാഗതം ചെയ്തു. അടുത്ത ഞായറാഴ്ചയാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിലെത്തുക. ആ വേളയില്‍ എന്‍സിപി പ്രവര്‍ത്തകര്‍ യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കും. മണി സി കാപ്പന്‍ ഇതുസംബന്ധിച്ച് അനുയായികളെ അറിയിച്ചു എന്നാണ് വിവരം.


എന്‍സിപി ഒറ്റക്കെട്ടായി യുഡിഎഫിലെത്തിയാല്‍ 5 സീറ്റ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. എന്നാല്‍ ഒറ്റക്കെട്ടായി എന്‍സിപി എത്താനിടയില്ല. ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ തന്നെ നില്‍ക്കും. ശശീന്ദ്രന്‍ മല്‍സരിക്കുന്ന കോഴിക്കോട്ടെ എലത്തൂര്‍ മണ്ഡലം ഇത്തവണ എന്‍സിപിക്ക് നഷ്ടമായേക്കും. ഈ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും.


ഫലത്തില്‍ എന്‍സിപി കേരള രാഷ്ട്രീയ ചിത്രത്തില്‍ ഇല്ലാതാകാനാണ് സാധ്യത കൂടുതല്‍. മാണി സി കാപ്പന്‍ തനിച്ചാണ് യുഡിഎഫിലെത്തുന്നതെങ്കില്‍ പാലാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കും. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവും നല്‍കിയേക്കും. അതിന് തടസമുണ്ടെങ്കില്‍ സ്വതന്ത്ര ചിഹ്നത്തിലാകും. മാണി സി കാപ്പനെ പാലായില്‍ മല്‍സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

No comments