Breaking News

തവനൂര്‍ കൈവിടില്ല.., താനൂര്‍ നഷ്ടമാകും, പകരം 4 സീറ്റ് പിടിക്കും.., മലപ്പുറത്ത് സിപിഎമ്മിന്റെ സ്വപ്നം ഇങ്ങനെ.. മലപ്പുറം തൂത്ത് വരുമെന്ന് യുഡിഎഫ്..

 


മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പുതിയ പോരാട്ടത്തിന് സിപിഎം. കൈവിടാന്‍ പോകുന്ന സീറ്റിന് പകരം സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമാണ് സിപിഎം പയറ്റുന്നത്. മലപ്പുറത്തിന് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് സിപിഎം തീരുമാനം. മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കമൊക്കെ അതിനുള്ള തുടക്കമാണ്. തീര്‍ച്ചയായും ലീഗ് വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ ഇത്തവണ മലപ്പുറത്ത് ഇറക്കും.


മുസ്ലീം ലീഗിനെ പൊളിക്കാനുള്ള തന്ത്രമാണ് സിപിഎം ലക്ഷ്യമിടുന്നത്. ലീഗിന് അപ്രമാദിത്വമുള്ള സീറ്റുകളാണ് ലക്ഷ്യമിടുന്നത്. 2016ല്‍ നാല് സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റുകളാണ് ലക്ഷ്യമിടുന്നത്. പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങള്‍ പിടിച്ചെടുക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണത്തെ പോലെ സ്വതന്ത്രരെയാണോ ഇറക്കുക എന്ന് ഉറപ്പില്ല. നിലമ്പൂര്‍, താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളാണ് നിലവില്‍ എല്‍ഡിഎഫിനുള്ള സിറ്റിംഗ് സീറ്റുകള്‍.


നാല് സിറ്റിംഗ് സീറ്റുകളില്‍ മൂന്നെണ്ണം ജയം ഉറപ്പാണെന്ന് സിപിഎം പറയുന്നു. എന്നാല്‍ ആശങ്ക താനൂരിലാണ്. ഈ മണ്ഡലം കൈവിട്ട് പോകുമെന്നാണ് ആശങ്ക. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും താനൂരില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായിരുന്നു. താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ തിരൂര്‍ മണ്ഡലത്തിലേക്ക് മാറാന്‍ ശ്രമിക്കുന്നുണ്ട്. ഇത് തോല്‍വി ഭയന്നിട്ടാണ്. ഇവിടെ ജനപ്രീതിയുള്ള നേതാവിനെ തന്നെ കളത്തിലിറക്കാന്‍ സിപിഎം ശ്രമിച്ചേക്കും.


തിരൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച ഗഫൂര്‍പി ലില്ലീസ് ചിലപ്പോള്‍ താനൂരില്‍ എത്തിയേക്കും. അതല്ലെങ്കില്‍ ഇ ജയനാണ് സാധ്യത. നിലമ്പൂരില്‍ പിവി അന്‍വറും തവനൂരില്‍ ജലീലും പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനും തുടരും. 2016ല്‍ വളരെ കുറഞ്ഞ വോട്ടിനാണ് പെരിന്തല്‍മണ്ണയിലും മങ്കടയിലും ഇടതുമുന്നണി തോറ്റത്. ഇവിടെ ശക്തമായ മത്സരമാണ് സിപിഎം നടത്തുക. പെരിന്തല്‍മണ്ണയില്‍ വെറും 579 വോട്ടിനായിരുന്നു മഞ്ഞളാംക്കുഴി അലിയോട് തോറ്റത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ ചുവന്നത് സിപിഎമ്മിന് പ്രതീക്ഷ. മഞ്ഞളാംകുഴി മണ്ഡലം വിടാനാണ് സാധ്യത.


മങ്കടയില്‍ 1508 വോട്ടിനായിരുന്നു റഷീദ് അലി തോറ്റത്. അദ്ദേഹം തന്നെ ഇത്തവണ മത്സരിക്കും. അഹമ്മദ് കബീറിന് പകരം ഇത്തവണ യൂത്ത് ലീഗ് നേതാവ് അഷ്‌റഫലിയെ നിര്‍ത്തിയേക്കും. മഞ്ഞളാകുഴി അലി മങ്കടയില്‍ മത്സരിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അഷ്‌റഫലി പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കും. അതേസമയം ഏറനാടും സിപിഎം ഏറ്റെടുക്കും. ഇത് സിപിഐയുടെ സീറ്റാണ്. മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഷറഫലിയെയാണ് ഇവിടെ മത്സരിപ്പിക്കുക. ഏറനാടില്ലെങ്കില്‍ മഞ്ചേരിയില്‍ അഷ്‌റഫലി മത്സരിപ്പിക്കാനും സാധ്യതയുണ്ട്. അദ്ദേഹം മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.


മഞ്ചേരിയില്‍ പികെ ബഷീറിനെയാണ് ലീഗ് കളത്തില്‍ ഇറക്കാന്‍ പോകരുന്നത്. ഏറനാട്ടില്‍ ബഷീറിന് പകരം അബ്ദുള്‍ വഹാബിനെയും മത്സരിപ്പിക്കും. അതേസമയം മലപ്പുറത്ത് കോണ്‍ഗ്രസിന്റെ ഏക എംഎല്‍എ വണ്ടൂരിലാണ് ഉള്ളത്. ഇവിടെ മുന്‍ ജില്ലാ കളക്ടര്‍ എംസി മോഹന്‍ദാസിനെ കളത്തില്‍ ഇറക്കും. മോഹന്‍ദാസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചിട്ടില്ല.അതേസമയം ജലീലിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന വികാരവും ലീഗിലുണ്ട്. തവനൂര്‍ കോണ്‍ഗ്രസില്‍ നിന്ന് വാങ്ങിയെടുക്കാനാണ് ലീഗിന്റെ ശ്രമം.


കോണ്‍ഗ്രസ് സീറ്റ് നല്‍കിയാല്‍ തവനൂരില്‍ പോരാട്ടം കടുക്കും. പികെ ഫിറോസിനെ പോലുള്ള യുവനേതാക്കളാണ് ലീഗിന് മുന്നിലുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ ഉറപ്പായും വരുമായിരുന്നു. പികെ ഫിറോസിനെ താനൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം വള്ളിക്കുന്ന്, കൊണ്ടോട്ടി, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ മാറ്റമുണ്ടാവില്ല. പികെ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ ആശങ്കയുണ്ട്. അദ്ദേഹം രാജിവെക്കുന്നത് അണികള്‍ക്കിടയില്‍ നല്ല സന്ദേശമല്ല നല്‍കുന്നതെന്ന് നേതൃത്വം കരുതുന്നുണ്ട്. വേങ്ങരയോ മലപ്പുറമോ ആണ് അദ്ദേഹം മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍.


ലീഗിന് അധികം മാറ്റമുണ്ടാവില്ലെന്നാണ് സൂചന. പികെ അബ്ദുറബ് ഇത്തവണ മത്സരത്തിനുണ്ടാവില്ല. പകരം സഹോദരന്‍ പികെ അന്‍വര്‍ നഹയ്ക്കാണ് സാധ്യത. എല്‍ഡിഎഫിന് നിയാസ് പുളിക്കലകത്തായിരിക്കും സ്ഥാനാര്‍ത്ഥി. ഇവിടെ കഴിഞ്ഞ തവണ ഭൂരിപക്ഷം കുറച്ചിരുന്നു നിയാസ്. വള്ളിക്കുന്നില്‍ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ മാറുകയാണെങ്കില്‍ എംഎ ഖാദറിനാണ് സാധ്യത. വള്ളിക്കുന്നില്‍ സിപിഎം പൊതു സ്വതന്ത്രരെ തന്നെ പരീക്ഷിക്കും. തിരൂര്‍, മലപ്പുറം, വേങ്ങര എംഎല്‍എമാരും മത്സരിച്ചേക്കില്ല. വേങ്ങരയില്‍ കെപിഎ മജീദിനെയാണ് പരിഗണിക്കുന്നത്. എന്‍ ഷംസുദീനെ മണ്ണാര്‍ക്കാട് നിന്ന് തിരൂരേക്ക് മാറ്റിയേക്കും.

No comments