Breaking News

കൃപേഷിന്റെയും ശരത് ലാലിന്റെയും ചോരയുടെ മണമുള്ള ഉദുമ പിടിക്കാന്‍ കോണ്‍ഗ്രസ്..!! കാസര്‍കോട് ജില്ലയിൽ രണ്ടും കൽപ്പിച്ച് യുഡിഎഫ്..

 


കാസര്‍കോട്: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ആകെയുള്ള 5 സീറ്റുകളില്‍ 3 ഇടത്ത് എല്‍ഡിഎഫും 2 ഇടത്ത് യുഡിഎഫുമായിരുന്നു വിജയിച്ചത്. മഞ്ചേശ്വരം, കാസര്‍കോട് സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുമായിരുന്നു വിജയം. യുഡിഎഫിന്‍റെ രണ്ട് സീറ്റുകളിലും വിജയം മുസ്ലിം ലീഗിനായിരുന്നു. കോണ്‍ഗ്രസ് മത്സരിച്ച മൂന്ന് സീറ്റുകളിലും അവര്‍ തോറ്റു. എന്നാല്‍ ഇത്തവണ മികച്ച മുന്നേറ്റം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് കാസര്‍കോട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.


കെ സുധാകരന്‍ കണ്ണൂര്‍ വിട്ട് ഉദുമ മണ്ഡലത്തിലേക്ക് മത്സരിക്കാന്‍ എത്തിയതോടെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോട് ശ്രദ്ധാ കേന്ദ്രമായി മാറിയത്. സുധാകരന്‍റെ സ്ഥാനാര്‍ത്ഥിത്വം ഉദുമയെ താരമണ്ഡലമാക്കി മാറ്റുകയും ചെയ്തു. എ ഗ്രൂപ്പില്‍ നിന്നും സതീശന്‍ പാച്ചേനിയെ ഐ ഗ്രൂപ്പില്‍ എത്തിക്കാന്‍ വേണ്ടി കൂടിയായിരുന്നു കണ്ണൂര്‍ വിട്ടുകൊടുത്ത് സുധാകരന്‍ ഉദുമയിലേക്ക് എത്തിയത്.


എന്നാല്‍ പരീക്ഷണം പാളി. കണ്ണൂരിലും ഉദുമയിലും കോണ്‍ഗ്രസ് തോറ്റു. കണ്ണൂരില്‍ കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് ആയിരത്തിനടത്ത് വോട്ടിനാണ് സതീശന്‍ പാച്ചേനി തോറ്റതെങ്കില്‍ ഉദുമയില്‍ 3832 വോട്ടിനായിരുന്നു സിപിഎമ്മിലെ കെ കുഞ്ഞിരാമന്‍റെ വിജയം. 2011 ല്‍ 11380 വോട്ടിനാണ് സിപിഎം വിജയിച്ചതെങ്കിലും സംസ്ഥാന മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട മത്സരത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞത് കുഞ്ഞിരാമന് താരപരിവേഷം നേടിക്കൊടുത്തു.


പരാജയപ്പെട്ടെങ്കിലും 2016 ലെ കുറഞ്ഞ ഭൂരിപക്ഷം ഇത്തവണം ഉദുമയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 2006 ല്‍ 27294 വോട്ടിന്‍റെ ഭൂരിപക്ഷം ഉണ്ടായിരുന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലേക്ക് എത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. സിപിഎമ്മില്‍ രണ്ട് തവണ വിജയിച്ച കുഞ്ഞിരാമന്‍ ഇത്തവണ മാറാനാണ് സാധ്യത.

സ്ഥാനാര്‍ഥി ആരായാലും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വിജയത്തുടര്‍ച്ച ഉറപ്പാക്കുമെന്നാണ് ഇടത് അവകാശ വാദം. ഇത്തവണ യുഡിഎഫിന് വേണ്ടി കെ സുധാകരന്‍ ഇല്ലാത്തതിനാല്‍ ആര് മത്സരിച്ചാലും തങ്ങളുടെ ഭൂരിപക്ഷം പതിനായിരം കടക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നു. കുഞ്ഞിരാമന്‍ അല്ലെങ്കില്‍ മറ്റാര് എന്ന ചര്‍ച്ചകളും സിപിഎമ്മില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.


കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി രമേശന്റെ പേരാണ് സിപിഎം സജീവമായി പരിഗണിക്കുന്നത്. ലീഗ് തുടര്‍ച്ചയായി ജയിക്കുന്ന മഞ്ചേശ്വരത്ത് നിന്ന് 2006 ല്‍ സീറ്റ് പിടിച്ചെടുക്കുകയും കഴിഞ്ഞ രണ്ട് തവണ പരാജയപ്പെടുകയും ചെയ്ത സിഎച്ച് കുഞ്ഞമ്പുവിന്‍റെ പേരും സിപിഎം പട്ടികയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ലീഡ് നേടാന്‍ കഴിഞ്ഞതും സിപിഎമ്മിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.


മറുവശത്ത് ജില്ലയില്‍ തന്നെ ഇത്തവണ ഏറ്റവും സാധ്യതയുള്ള മണ്ഡലമായിട്ടാണ് ഉദുമയെ കോണ്‍ഗ്രസ് കാണുന്നത്. പെരിയ ഇരട്ടക്കൊലപാതകമുള്‍പ്പടെയുള്ള വിഷയങ്ങള്‍ വീണ്ടും പ്രചാരണ വിഷയങ്ങള്‍ക്ക് ആക്കിയാല്‍ വിജയിച്ച് കയറാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് രാജ്‌മോന്‍ ഉണ്ണിത്താന് ഉദുമയില്‍ 8937 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.


കെപിസിസി സെക്രട്ടറിയും മണ്ഡലക്കാരനുമായ ബാലകൃഷ്ണന്‍ പെരിയയെ കോണ്‍ഗ്രസ് ഉദുമയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നേല്‍, എം.സി ജോസ് ഒപ്പം യുവനിര നേതാക്കള്‍ അടക്കമുള്ളവരുടെ പേരുകളും കോണ്‍ഗ്രസ് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. ഉദുമ ഉള്‍പ്പടെ ഇത്തവണ ജില്ലയില്‍ 3 സീറ്റുകളില്‍ വിജയം ഉറപ്പിക്കുകയും മറ്റ് രണ്ടിടത്ത് ശക്തമായ മത്സരവുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.


മഞ്ചേശ്വരവും കാസര്‍കോടും മുസ്ലിം ലീഗിന്‍റെ സീറ്റുകളാണ്. മഞ്ചേശ്വരത്ത് കമറുദ്ധീനെതിരായ വിവാദങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ലീഗിന്‍റെ ആത്മവിശ്വാസം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിടെ രണ്ടാം സ്ഥാനത്തുള്ള ബിജെപിയെക്കാള്‍ മൂവായിരത്തിലേറെ വോട്ടിന്‍റെ ലീഡ് യുഡിഎഫിന് ഉണ്ടായിരുന്നു എന്നതും അനുകൂല ഘടകമാണ്.


എം സി കമറുദ്ധീന് ലീഗ് ഇത്തവണ അവസരം നല്‍കിയേക്കില്ല. പകരം ആര് എന്നതടക്കുള്ള ചര്‍ച്ചകള്‍ ലീഗില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉറച്ച സീറ്റെന്ന പ്രതീക്ഷയുള്ള കാസര്‍കോട് ഇത്തവണയും എന്‍എ നെല്ലിക്കുന്നിന് അവസരം ലഭിച്ചേക്കും. നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തേക്ക് മാറ്റണമെന്ന നിര്‍ദേശം ലീഗില്‍ സജീവമാണ്. അങ്ങനെയെങ്കില്‍ പുതുമുഖത്തെ കാസര്‍കോടേക്ക് പരിഗണിച്ചേക്കും.


ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള മണ്ഡലങ്ങളായ കാഞ്ഞങ്ങാടും തൃക്കരിപ്പൂരും മികച്ച പോരാട്ടമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം മറുവശത്ത് എല്‍ഡിഎഫും കാസര്‍കോട് ജില്ലയില്‍ വലിയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്. മികച്ച പോരാട്ടം നടത്തിയാല്‍ നിലവിലുള്ള മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

No comments