Breaking News

പാലാ സീറ്റ് ക്ലൈമാക്‌സിലേക്ക്; മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും, ചുക്കാന്‍ പിടിച്ച് മുൻ എൻസിപി നേതാവ് കൂടിയായ താരിഖ് അന്‍വര്‍..


 കോട്ടയം: പാലാ സീറ്റുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കടുത്ത നിലപാട് മയപ്പെടുത്തി നേരത്തെ മാണി സി കാപ്പന്‍ രംഗത്തെത്തിയിരുന്നു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്ന പോലെ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്‍സിപി ദേശീയ സെക്രട്ടറി പ്രഫൂല്‍ പട്ടേലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് കാപ്പന്‍ അറിയിച്ചത്. എന്നാല്‍ പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സമയം നല്‍കാത്തതോടെ കടുത്ത നിലപാടിലേക്ക് കാപ്പന്‍ കടന്നിരിക്കുകയാണ്...


കേരളത്തിലെ എന്‍സിപി നേതാക്കളെ ശരദ് പവാര്‍ നേരത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. ബുധനാഴ്ച ദില്ലിയില്‍ നടന്ന ചര്‍ച്ചയില്‍ സിറ്റിങ് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ട എന്നാണ് എന്‍സിപി നേതൃത്വം തീരുമാനിച്ചത്. പാലാ ഉള്‍പ്പെടെ വിട്ടുകൊടുക്കില്ല. എല്‍ഡിഎഫ് വിടേണ്ട സാഹചര്യവുമില്ലെന്നും നേതാക്കള്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞിരുന്നു.


ശരദ് പവാറിന്റെ വീട്ടിലെ ചര്‍ച്ചയ്ക്കിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അവിടെ എത്തിയിരുന്നു. അതേസമയം, പാലാ വിട്ടുകൊടുത്താല്‍ ജയസാധ്യതയുള്ള ഒരു നിയമസഭാ മണ്ഡലവും രാജ്യസഭാ സീറ്റും വേണമെന്ന ഉപാധിയും എന്‍സിപി മുന്നോട്ട് വെക്കുമെന്ന് സൂചനയും പുറത്തുവന്നിരുന്നു.


എന്നാല്‍ പ്രഫൂല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം നല്‍കാത്തതോടെ സമവായ സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. കോട്ടയത്ത് വ്യാഴാഴ്ച എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കാപ്പന്‍ ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന.


ദില്ലിയില്‍ നിന്ന് ദേശീയ നേതാക്കള്‍ തീരുമാനമാക്കിയ ധാരണ സംബന്ധിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്യാന്‍ പ്രഫൂല്‍ പട്ടേല്‍ ഒരാഴ്ചയ്ക്കകം കേരളത്തില്‍ എത്തുമെന്ന് എന്‍സിപി-സിപിഎം ദേശീയ നേതൃത്വം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച പ്രഫൂല്‍ പട്ടേല്‍ ഫോണില്‍ ബന്ധപ്പെട്ടു.


ഞായറാഴ്ചയ്ക്കുള്ളില്‍ (ഇന്ന്) സമയം നല്‍കണമെന്നാണ് പ്രഫൂല്‍ പട്ടേല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്നലെ ഉച്ചവരെയും സമയം അനുവദിച്ച് നല്‍കിയില്ലെന്ന് എന്‍സിപി നേതാക്കള്‍ പറയുന്നു. കൂടാതെ സമവായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് അറിയിച്ച് പ്രഫൂല്‍ പട്ടേല്‍ പവാറിന് കത്തയക്കുകയും ചെയ്തു.


പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് സമയം അനുവദിക്കാത്ത സാഹചര്യത്തില്‍ മുന്നണി വിട്ട് പാലായില്‍ മത്സകരിക്കേണ്ടി വരുമെന്ന് മാണി സി കാപ്പന്‍ പവാറിന് കത്തയച്ചു. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാലാ സീറ്റുമായി ബന്ധപ്പെട്ട് തീരുമാനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.


മുന്‍ എന്‍സിപി നേതാവായ താരിഖ് അന്‍വറും കാപ്പനും നല്ല സുഹൃത്തുക്കളാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഭ്രാന്തുണ്ടോ എന്ന കാപ്പന്റെ പരാമര്‍ശത്തെ കുറിച്ച് താരിഖ് അന്‍വര്‍ ആരാണെന്നാണ് വിവരം. എന്നാല്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് അങ്ങനെ പറഞ്ഞതെന്ന് കാപ്പന്‍ താരിഖ് അന്‍വറിനോട് പറഞ്ഞു.


അതേസമയം, പാല സീറ്റ് കാപ്പന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം ആ നീക്കം യുഡിഎഫ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വീണ്ടും അനുകൂല സാഹചര്യം ഉടലെടുത്തതോടെ ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. കാപ്പന് താരിഖ് അന്‍വറുമായുള്ള ബന്ധം യുഡിഎഫിലേക്കുള്ള വരവിനെ സഹായിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.


അതേസമയം, പിജെ ജോസഫ് ഇപ്പോഴും പ്രതീക്ഷയിലാണ്. മാണി സി കാപ്പന്‍ ഒറ്റയ്ക്ക് യുഡിഎഫിലെത്തുമെന്ന് തന്നെയാണ് ജോസഫ് ഇപ്പോഴും പറയുന്നത്. പാലാ സീറ്റ് കാപ്പന് വേണ്ടി മാറ്റി വച്ചിരിക്കുകയാണെന്നും പറയുന്നുണ്ട്.

No comments