Breaking News

ഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; താരമണ്ഡലമാകും പത്തനാപുരം..!! ഇത്തവണ വിജയിക്കാനുറച്ച് തന്നെ.. കോൺഗ്രസിന്റെ തന്ത്രം ഇങ്ങനെ..


 കൊല്ലം: 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ കൗതുകത്തോടെ മലയാളികള്‍ നോക്കിയ മണ്ഡലമായിരുന്നു പത്തനാപുരം. സിനിമാ താരങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയ താരമണ്ഡലം. ഗണേഷ് കുമാര്‍ തുടര്‍ച്ചയായ മൂന്നാംതവണയും അന്ന് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജനവിധി തേടിയ ജഗദീഷ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എങ്കിലും ശക്തമായ ഇളക്കം മണ്ഡലത്തിലുണ്ടാക്കാന്‍ ജഗദീഷിന് സാധിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തവണ ഗണേഷ് കൊട്ടാരക്കരയിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ജഗദീഷ് എത്തുമോ എന്ന ചോദ്യം ഉയരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...


കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പത്താനാപുരം 2016ല്‍ താരമണ്ഡലമായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി ജഗദീഷും ബിജെപിക്ക് വേണ്ടി ഭീമന്‍ രഘുവും രംഗത്തിറങ്ങിയതോടെ ഏറെ കൗതുകമായിരുന്നു ഫലം അറിയാന്‍. പ്രതീക്ഷിച്ച പോലെ തന്നെ ഗണേഷ് കുമാര്‍ മികച്ച വിജയം ആവര്‍ത്തിച്ചു.


2016ല്‍ ജഗദീഷിന് ലഭിച്ചത് 49867 വോട്ടുകളാണ്. ഇതിനേക്കാള്‍ 24562 വോട്ടുകള്‍ അധികം നേടി ഗണേഷ് കുമാര്‍ ജയിച്ചു. ഭീമന്‍ രഘുവിന് പക്ഷേ കാര്യമായ മുന്നേറ്റത്തിന് സാധിച്ചില്ല. സിനിമാ മേഖലയിലെ പരിചിത മുഖങ്ങളാണെങ്കിലും വീറും വാശിയും നിലനിര്‍ത്തി തന്നെയായിരുന്നു പത്താനപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം.


ഇത്തവണ ജഗദീഷ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. എങ്കിലും അദ്ദേഹം തന്നെ എത്തുമെന്നാണ് സൂചനകള്‍. സാധ്യത തള്ളാതെയാണ് ജഗദീഷിന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ എല്ലാം അറിയാമെന്ന് ജഗദീഷ് പ്രതികരിച്ചു. വൈകാതെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.


ഐഷാ പോറ്റി എംഎല്‍എ ഇത്തവണ കൊട്ടാരക്കരയില്‍ മല്‍സരിക്കില്ലെന്നാണ് വിവരം. യുവാക്കള്‍ വരട്ടെ എന്ന് അവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ഗണേഷ് കുമാറിനെ കൊട്ടാരക്കരയിലേക്ക് മാറ്റാന്‍ എല്‍ഡിഎഫ് ആലോചിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു. പത്താനപുരത്ത് കെഎന്‍ ബാലഗോപാലിനെ മല്‍സരിപ്പിക്കാനുള്ള ആലോചനകള്‍ ആണത്രെ നടക്കുന്നത്.


പത്തനാപുരത്ത് നിന്ന് മാറില്ല എന്നാണ് ഈ വാര്‍ത്തകളോട് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. ദിലീപ് ഉള്‍പ്പെട്ട നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണവും മറ്റും ഗണേഷിന്റെ സെക്രട്ടറിക്കെതിരെ നടന്നിരുന്നു. ഈ സാഹചര്യത്തിലാണോ ഗണേഷിനെ മണ്ഡലം മാറ്റാന്‍ ആലോചിക്കുന്നത് എന്ന കാര്യം സിപിഎം നേതാക്കള്‍ പറയുന്നില്ല.


ഗണേഷ് പത്താനപുരത്ത് മല്‍സരിക്കുകയും ജഗദീഷ് വീണ്ടും എതിരാളിയായി എത്തുകയും ചെയ്താല്‍ ഈ മണ്ഡലം വീണ്ടും ശ്രദ്ധിക്കപ്പെടും. താരങ്ങളെ മല്‍സരിപ്പിക്കാന്‍ എല്ലാ മുന്നണികളും ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കോഴിക്കോട്ടെ ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മല്‍സരിക്കുമെന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ബിജെപിക്കു വേണ്ടിയും സിനിമാ മേഖലയിലുള്ളവരുണ്ടാകുമെന്നാണ് സൂചന.

No comments