Breaking News

പുത്തന്‍ ഡിസിസികള്‍..!! കൊല്ലത്ത് യുവനിര..!! രാഹുല്‍ എത്തും മുമ്പ് തന്ത്രമൊരുക്കി കോണ്‍ഗ്രസ്..!!

 


തിരുവനന്തപുരം: കേരളത്തിലേക്ക് രാഹുല്‍ ഗാന്ധി എത്തും മുമ്പ് തന്ത്രങ്ങളൊരുക്കി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുത്തന്‍ ഡിസിസികളും നേതാക്കളുമായിട്ടാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുക. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ മാറ്റങ്ങളും സജ്ജമാണ്. എ ഗ്രൂപ്പ് നേരത്തെ തന്നെ അതിവേഗത്തില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി. ഐ ഗ്രൂപ്പ് ഇതോടെ സമ്മര്‍ദത്തിലാണ്. കൊല്ലത്ത് ഇത്തവണ ഏറ്റവും ശക്തരെ തന്നെ ഇറക്കാനും ശ്രമമുണ്ട്. പിസി വിഷ്ണുനാഥ് അടക്കമുള്ളവരാണ് കൊല്ലത്തേക്ക് വരാന്‍ ഒരുങ്ങുന്നത്.


രാഹുല്‍ ഗാന്ധി കേരളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 23ന് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര സമാപനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇതിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും സജ്ജമാകും. കെസി വേണുഗോപാലിനെ കേരളത്തില്‍ സജീവമായി നിര്‍ത്തിയിരിക്കുന്നത് രാഹുല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി കൂടിയാണ്. അതേസമയം മോശം പ്രകടനം കാഴ്ച്ചവെച്ചവരൊന്നും തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്‍നിര സ്ഥാനങ്ങളിലുണ്ടാവില്ല.


പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുകയാണ് ആദ്യ നീക്കം. ഡിസിസികള്‍ പുതിയ നേതാക്കളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിന് ഇറങ്ങുക. പാര്‍ട്ടി പരിപാടികള്‍ താഴെ തട്ടില്‍ എത്രമാത്രം നടപ്പാക്കുന്നുവെന്നതില്‍ മണ്ഡലം-ബ്ലോക്ക്-ഡിസിസി ഭാരവാഹികള്‍ക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. പ്രവര്‍ത്തിക്കാത്തവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ല. അവരെ പുറത്താക്കാനാണ് നിര്‍ദേശം. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച 5692 ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചിട്ടില്ല. ഇത് ഫെബ്രുവരി 21നുള്ളില്‍ നടത്തണം. ഇല്ലെങ്കില്‍ ബൂത്തിന്റെ ചുമതലയുള്ള മണ്ഡലം പ്രസിഡന്റുമാരെ തന്നെ മാറ്റും. ആര്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവില്ല.


മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റില്ല. അതേസമയം നേതൃമാറ്റം കെപിസിസിയില്‍ ഉണ്ടാവുമെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണം തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ അടക്കം ഉമ്മന്‍ ചാണ്ടിക്കാണ്. അദ്ദേഹം വന്ന ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വരെ ഊര്‍ജമുണ്ടായതെന്ന് ഹൈക്കമാന്‍ഡും സമ്മതിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം എ ഗ്രൂപ്പിന് മേധാവിത്തം ലഭിക്കുന്നതും, പുതിയ സ്ഥാനാര്‍ത്ഥി പട്ടിക ഉണ്ടായതും ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ്.


കൊല്ലത്ത് യുവനിരയാണ് ഇത്തവണ ഇറങ്ങുക. പിസി വിഷ്ണുനാഥ് അടക്കമുള്ളവരാണ് മത്സരിക്കുക. കൊല്ലം, കൊട്ടാരക്കര മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ വിഷ്ണുനാഥ് മത്സരിക്കും. കൊല്ലത്ത് തന്നെ അദ്ദേഹം മത്സരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ബിന്ദു കൃഷ്ണ മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറും. നിലവില്‍ ജില്ലയില്‍ സീറ്റുകളൊന്നും കോണ്‍ഗ്രസിനില്ല. അതിന് വേണ്ടി എ ഗ്രൂപ്പിലെ ശക്തരായ നേതാക്കളെ തന്നെ ഇറക്കുന്നത്. ബിന്ദു കൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിന്റെ പേരും ഇടം പിടിച്ചിട്ടുണ്ട്.


ബിന്ദു കൃഷ്ണയ്ക്കും ശൂരനാട് രാജശേഖരനും ജയിക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ ചാത്തന്നൂരില്‍ ശൂരനാടിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത് അദ്ദേഹത്തിനുള്ള തിരിച്ചടിയാണ്. ഇത്തവണ ടിക്കറ്റ് നല്‍കാന്‍ സാധ്യത കുറവാണ്. ബിന്ദു കൃഷ്ണയ്ക്ക് മുന്നില്‍ തദ്ദേശത്തിലെ തിരിച്ചടിയുമുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണ വേണ്ടെന്ന തീരുമാനത്തിന് കാരണം അതാണ്. കൊല്ലം എല്‍ഡിഎഫ് കോട്ടയാണ്. യുവനിരയെ ഇറക്കിയാലേ ജയിക്കൂ എന്നാണ് വിലയിരുത്തല്‍. അതാണ് സ്ഥിരം മത്സരിക്കുന്നവര്‍ക്കുള്ള തിരിച്ചടി.


കരുനാഗപ്പള്ളിയില്‍ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സിആര്‍ മഹേഷ് ഇത്തവണ മത്സരിക്കും. പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരെ ജ്യോതികുമാര്‍ ചാമക്കാലയെ ഇറക്കാനാണ് പ്ലാന്‍. ചാത്തന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അരുണ്‍ രാജിനെയും സംസ്ഥാന സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തെ കുണ്ടറയിലും മത്സരിപ്പിച്ചേക്കും. ചാത്തന്നൂരില്‍ പീതാംബരക്കുറുപ്പും കുണ്ടറയില്‍ ഷാനവാസ്ഖാനും ശക്തമായ സാധ്യത നിലനില്‍ത്തുന്നുണ്ട്. കുന്നത്തൂരും ചവറയും ഇരവിപുരവും ആര്‍എസ്പിക്ക് കിട്ടും. ലീഗ് പുനലൂര്‍ വിട്ടുകൊടുത്ത് ചടയമംഗലത്ത് മത്സരിക്കും. ഈഴവ വോട്ടുകള്‍ പിടിക്കുകയാണ് ഇത്തവണ ലക്ഷ്യം


കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്ന പിജെ ജോസഫിന് മുന്നില്‍ വഴങ്ങില്ലെന്നാണ് നേതൃത്വം പറയുന്നത്. 13 സീറ്റൊന്നും തരാനാവില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. ഒമ്പത് സീറ്റില്‍ കൂടുതല്‍ തരില്ലെന്നും ജോസഫിന് നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസ് പറഞ്ഞു. തൊടുപുഴ, കടുത്തുരുത്തി, ഇരിങ്ങാലക്കുട, കുട്ടനാട്, ഇടുക്കി, കോടമംഗലം, റാന്നി, പേരാമ്പ്ര തുടങ്ങിയ ട്ടെ് സീറ്റുകള്‍ ജോസഫിന് നല്‍കും. കോട്ടയത്ത് കടുത്തുരുത്തിക്ക് പുറമേ ഒരു സീറ്റ് കൂടി നല്‍കും. കോട്ടയത്ത് ആറ് സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും. സഖ്യകക്ഷികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന സന്ദേശം കൂടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

No comments