യുഡിഎഫ് സഖ്യം തുടരും; ഒരുമിച്ച് നിന്നാല്‍ വടകരയില്‍ വിജയം ഉറപ്പാണെന്ന് എന്‍ വേണു..!! കോൺഗ്രസിന്റെ നിലപാട് നിർണായകം.. ലീഗിന് സമ്മതം..
കോഴിക്കോട്; തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് വ്യക്തമാക്കി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ വടകര ഒഴികേയുള്ള മണ്ഡലങ്ങളില്‍ ആര്‍എംപിക്ക് പ്രത്യേകം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ല. വടകരയില്‍ യുഡിഎഫ് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ മണ്ഡലത്തില്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ വേണു.
വടകര മണ്ഡലത്തില്‍ മാത്രം ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ ആര്‍എംപിക്കുണ്ട്. ആര്‍എംപി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന സാഹചര്യം ഉണ്ടായാല്‍ സിപിഎമ്മിന്‍റേത് ഉള്‍പ്പടെ ഇടതുപക്ഷത്തെ വോട്ടുകള്‍ അടക്കം വലിയ തോതില്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും എന്‍ വേണു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എങ്കിലും വടകരയില്‍ വിജയം പിടിച്ചെടുക്കാനാവുന്ന തരത്തിലുള്ള ശക്തമായ സ്ഥാനാര്‍ഥി തന്നെ പാര്‍ട്ടിക്ക് വേണ്ടി രംഗത്തുണ്ടാവുമെന്നും എന്‍ വേണു വ്യക്തമാക്കി.
എല്‍ഡിഎഫിന്‍റെ പരാജയം ഉറപ്പ് വരുത്തുക എന്നതാണ് പാര്‍ട്ടിയുടെ പ്രഥമ ലക്ഷ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന എല്‍ജെഡി ഇപ്പോള്‍ എല്‍ഡിഎഫിനൊപ്പാണ്. എന്നാല്‍ ആര്‍എംപി യുഡിഎഫിനൊപ്പം ചേര്‍ന്നാല്‍ അവരുടെ വിടവ് മുന്നണിക്കുണ്ടാവില്ല. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വടകരയ്ക്ക് പുറമെ ജില്ലയില്‍ കുറ്റ്യാടി, നാദാപുരം, കുന്ദമംഗലം മണ്ഡലങ്ങളിലെല്ലാം ആര്‍എംപിക്ക് കേഡര്‍ വോട്ടുകള്‍ ഉണ്ട്. ഫലം നിര്‍ണ്ണയിക്കുന്നതില്‍ ഈ വോട്ടുകള്‍ നിര്‍ണ്ണായകമാവുമെന്നും എന്‍ വേണു ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ കെക രമ വടകരയില്‍ മത്സരിച്ചപ്പോള്‍ 20504 വോട്ട് പിടിക്കാന്‍ ആര്‍എംപിക്ക് സാധിച്ചിരുന്നു.
അന്ന് 9511 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സി കെ നാണു വിജയിച്ചത്. ആര്‍എംപിയുമായി ചേര്‍ന്നാല്‍ വടകര സീറ്റ് പിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ നാലോളം പഞ്ചായത്തുകളില്‍ ആര്‍എംപിയുമായി ചേര്‍ന്ന് ജനകീയ മുന്നണി രൂപീകരിച്ചായിരുന്നു യുഡിഎഫ് മത്സരിച്ചത്. ആകെ വോട്ട് നിലയില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫനേക്കാള്‍ രണ്ടായിരം വോട്ടുകള്‍ കൂടുതല്‍ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

No comments