Breaking News

വയനാട് പിടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ആക്ഷന്‍ പ്ലാന്‍ ; ഏഴില്‍ എഴ് മണ്ഡലങ്ങളും സ്വന്തമാക്കുമെന്ന്.. നിലവിൽ ഭൂരിപക്ഷവും എൽഡിഎഫിന്..


 കല്‍പ്പറ്റ: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയായിരുന്നു വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റിലേക്ക് അയച്ചത്. സിപിഐയിലെ പിപി സുനീറിനെതിരെ 431770 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു രാഹുല്‍ ഗാന്ധി കരസ്ഥമാക്കിയത്. ഇടതുമുന്നണിയുടെ കയ്യിലുള്ള കല്‍പ്പറ്റയും തിരുവമ്പാടിയും മാനന്തവാടിയും ഉള്‍പ്പടെയ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ മേല്‍ക്കൈ ലഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ മേല്‍ക്കൈ നിലനിര്‍ത്തി മികച്ച മുന്നേറ്റമാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള നിയമന്ത്രണവും മേല്‍നോട്ടവും വയനാട്ടില്‍ ഉണ്ട്.


വയനാട് ജില്ലയിലെ മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവയ്ക്ക് പുറമെ മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂരും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയുമായി വയനാട് ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍. നിലവിലെ കണക്ക് നോക്കുകയാണെങ്കില്‍ എല്‍ഡിഎ ഫ്-4, യുഡിഎഫ് -3 എന്നിങ്ങനെയാണ് സീറ്റ് നില. മാനന്തവാടി, കല്‍പ്പറ്റ, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചത്.


സുല്‍ത്താന്‍ ബത്തേരിയും ഏറനാടും വണ്ടൂരും യുഡിഎഫും വിജയിച്ചു. എന്നാല്‍ ഇത്തവണ ഏഴില്‍ ഏഴ് മണ്ഡലങ്ങളും പിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇറങ്ങുന്നത്. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വെ തന്നെയാണ് സംഘടിപ്പിക്കാന്‍ പോവുന്നത്.


രാഹുല്‍ ഗാന്ധിയുടെ ഓഫീസ് നിയോഗിച്ച സംഘം എല്ലാ മണ്ഡലങ്ങളിലും എത്തും ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്തും. രാഹുല്‍ ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ വയനാട്ടിലെ ഒരു മണ്ഡലവും ഇത്തവണ നഷ്ടമാവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ദേശീയ നേതൃത്വവും മുന്നോട്ട് വെച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ സീറ്റിലും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ എഐസിസി നിയോഗിച്ച സ്വകാര്യ ഏജന്‍സി നടത്തുന്ന സര്‍വെയേക്ക് പുറമേയാണ് വയനാട്ടിലെ രാഹുലിന്‍റെ പ്രത്യേക സര്‍വെ.


സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും എംപിമാരില്‍ നിന്നും ശേഖരിച്ച സാധ്യതാ പട്ടികയില്‍ നിന്നും ഗ്രൂപ്പ് പരിഗണനയില്ലാതെ പൊതു സ്വീകാര്യരെ കണ്ടെത്തുകയാണ് ലക്ഷ്യം. ജയസാധ്യത, പുതുമുഖം, സാമുദായിക സന്തുലനം എന്നിവയാണ് സര്‍വേയുടെ ഭാഗമാവുന്നത്. വയനാട് ലോക്സഭയില്‍ ഉള്‍പ്പെട്ട 7 മണ്ഡലങ്ങളില്‍ 4 ഇടത്താണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ചത്.


വണ്ടൂരിലും ബത്തേരിയിലും വിജയിച്ചപ്പോള്‍ നിലമ്പൂരിലും മാനന്തവാടിയിലും പരാജയപ്പെട്ടു. ഏറനാട്ടില്‍ മുസ്ലിം ലീഗ് ആയിരുന്നു വിജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫിന്‍റെ ഭാഗമായി നിന്നുകൊണ്ട് എല്‍ജെഡി മത്സരിച്ച് തോറ്റ കല്‍പ്പറ്റ ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. ലീഗ് ജില്ലാ നേതൃത്വം ഇതിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി.


കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടി ഏറ്റെടുക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിന് ഉണ്ടെങ്കിലും ലീഗ് ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. ലീഗിന് മറ്റൊരു സീറ്റ് നല്‍കി തിരുവമ്പാടി ഏറ്റെടുക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് യു രാജീവന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മണ്ഡലത്തിലെ സാമൂദായിക സമവാക്യം പരിഗണിച്ചായിരുന്നു സീറ്റ് ഏറ്റെടുത്താല്‍ കൊള്ളാമെന്ന ആഗ്രഹം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്.


എല്‍ജെഡിയില്‍ നിന്നും ഏറ്റെടുക്കുന്ന കല്‍പ്പറ്റിയില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ആലോചന. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്നും പാര്‍ട്ടി നേതൃത്വത്തില്‍ തുടരാനുമാണ് താല്‍പര്യമെന്ന് അദ്ദേഹം വ്യക്തമാക്കിയ സാഹചര്യത്തില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ തേടുകയാണ്. കെപിസിസി വൈസ് പ്രസിഡന്‍റ് ടി സിദ്ധീഖിനാണ് മണ്ഡലത്തില്‍ സാധ്യത.


2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി നേതാവ് എംവി ശ്രേയാംസ് കുമാറിനെതിരെ 13083 വോട്ടുകള്‍ക്കായിരുന്നു സിപിഎമ്മിലെ സികെ ശശീന്ദ്രന്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ലീഡ് പിടിക്കാന‍് കഴിഞ്ഞത് യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്. നാലായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎ ഫിനുള്ളത്.


കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റായിരുന്ന നിലമ്പൂര്‍ കഴിഞ്ഞ തവണ പിവി അന്‍വറിലൂടെയായിരുന്നു എല്‍ഡിഎഫ് പിടിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിനേക്കാള്‍ വോട്ടുകള്‍ നേടാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പിവി അന്‍വറിനോട് മത്സരിച്ച് തോറ്റ ആര്യാടന്‍ ഷൗക്കത്തിന് ഒരു അവസരം കൂടി നല്‍കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശിന്‍റെ പേരും ചര്‍ച്ചകളില്‍ ഇടം പിടിച്ചിട്ടുണ്ട്.


സംവരണ മണ്ഡലമായ മാനന്തവാടിയില്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കാണ് സാധ്യത. ഉഷ വിജയന്‍റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. . കഴിഞ്ഞ തവണ പികെ ജയലക്ഷ്മിക്കെതിരെ 1307 വോട്ടുകള്‍ക്കായിരുന്നു സിപിഎമ്മിലെ ആര്‍ കേളുവിന്‍റെ വിജയം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടായിരത്തിലേറെ വോട്ടിന്‍റെ മേല്‍ക്കൈ ഇടതുപക്ഷത്തിനാണ്. സിപിഎമ്മില്‍ ഇക്കുറിയും ഒ ആര്‍ കേളു തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി.


സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണനാണ് പ്രഥമ പരിഗണന. കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥനും സീറ്റ് മോഹിക്കുന്നവരുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞതവണ പതിനൊന്നായിരത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ടുകള്‍ വന്‍തോതില്‍ കുറഞ്ഞിരുന്നു. പികെ ജയലക്ഷ്മിയെ ബത്തേരിയിലേക്ക് മാറ്റി ബാലകൃഷ്ണനെ മാനന്തവാടിയില്‍ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

No comments