Breaking News

ഗണേഷ് കുമാറിനെ പത്തനാപുരത്ത് നിന്നും മാറ്റാന്‍ സിപിഎം..!! സീറ്റില്‍ പകരം ഈ നേതാവ് മത്സരിക്കും.. സിപിഐയും..

 


കൊല്ലം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചിരുന്നു. ജില്ലയില്‍ ആകെയുള്ള പതിനൊന്നില്‍ പതിനൊന്നിടത്തും വിജയിച്ച് സീറ്റുകള്‍ എല്‍ഡിഎഫ് തൂത്തുവാരി. നാല് വീതം മണ്ഡലങ്ങളില്‍ സിപിഎമ്മും സിപിഐയും വിജയിച്ചപ്പോള്‍ ഒരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസ് ബിയും സിഎംപിയും ആര്‍എസ്പി (ലെനിനിസ്റ്റും വിജയിച്ചു). ഇത്തവണയും ജില്ലയില്‍ സമാനമായ നേട്ടമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. സിഎംപി മത്സരിച്ച ചവറ സീറ്റുള്‍പ്പടെ അഞ്ച് സീറ്റില്‍ ആയിരിക്കും ജില്ലയില്‍ ഇത്തവണ സിപിഎം മത്സരിക്കുക. ഇതിന് പുറമെ സീറ്റ് വെച്ചുമാറാല്‍ ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.



കൊട്ടാരക്കര, കുണ്ടറ, ഇരവിപുരം, കൊല്ലം, എന്നീ സീറ്റുകളിലാണ് കൊല്ലത്ത് കഴിഞ്ഞ തവണ സിപിഎം മത്സരിച്ചത്. ചവറയില്‍ മത്സരിച്ച സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ മത്സരിച്ചതിനാല്‍ ആ സീറ്റ് കൂടി സിപിഎമ്മിന് ലഭിക്കും. കോവൂര്‍ കുഞ്ഞുമോനില്‍ നിന്നും കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കാനുള്ള ആലോചന തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ അത്തരം ചര്‍ച്ചകള്‍ ഒന്നും ഇല്ല


പത്തനാപുരം, കൊട്ടാരക്കര സീറ്റുകള്‍ തമ്മില്‍ വെച്ച് മാറിയേക്കും. ഗണേഷ് കുമാര്‍ പത്തനാപുരം വിട്ട് കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് സാധ്യത. 2006 മുതല്‍ മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ച ഐഷ പോറ്റി ഇത്തവണ മത്സര രംഗത്ത് ഉണ്ടായേക്കില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബാലകൃഷ്ണ പിള്ളയുടെ പഴയ തട്ടകമായ കൊട്ടാരക്കയിലേക്ക് ഗണേഷ് കുമാറിനെ കൊണ്ടുവരാനുള്ള ആലോചന തുടങ്ങിയത്.



1977 മുതല്‍ 2001 വരെ തുടര്‍ച്ചയായ ഏഴ് തവണ കൊട്ടാരക്കരയില്‍ നിന്നും ആര്‍ ബാലകൃഷ്ണ പിള്ള വിജയിച്ചിരുന്നു. 1977, 1980, 1980,1982,1987, വര്‍ഷങ്ങളില്‍ കേരള കോണ്‍ഗ്രസ് ടിക്കറ്റിലും 1991 ല്‍ കോണ്‍ഗ്ര് സ്ഥാനാര്‍ത്ഥിയായും വിജയിച്ച ബാലകൃഷ്ണ പിള്ള 1996 ലും 2001 ലും കൊട്ടാരക്കരയില്‍ നിന്നും വിജയിച്ചത് സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു. എട്ടാം അങ്കത്തില്‍ 2006 ലാണ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ കാലിടറുന്നത്.


ആര്‍ ബാലകൃഷ്ണപിള്ളയ്ക്കെതിരെ പന്ത്രണ്ടായിരത്തിലേറെ വോട്ടിനായിരുന്നു 2006 ല്‍ കൊട്ടാരക്കരയില്‍ നിന്നും ഐഷ പോറ്റി വിജയിച്ചത്. മണ്ഡലത്തില്‍ നിന്നുമുള്ള സിപിഎമ്മിന്‍റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. പിന്നീട് 2011 ലും 2016 ലും മണ്ഡലത്തില്‍ ഐഷ പോറ്റി വിജയം തുടര്‍ന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ സവിന്‍ സത്യനെതിരെ 42632 വോട്ടിനായിരുന്നു ഐഷ പോറ്റിയുടെ വിജയം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് മണ്ഡലത്തില്‍ ഇടതുമുന്നണിക്കുള്ളത്.


കെഎന്‍ ബാലഗോപാലിനെ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിന് വേണ്ടി കൂടിയാണ്. അതേസമയം, പത്തനാപുരം വിടാന്‍ ഗണേഷ് ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. യുഡിഎഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന രണ്ട് സീറ്റുകളാണ് കൊട്ടാരക്കരയും പത്തനാപുരവും. 2001 മുതല്‍ പത്തനാപുരത്തും നിന്നുമുള്ള എംഎല്‍എയാണ് ഗണേഷ് കുമാര്‍. കഴിഞ്ഞ തവണ സിനിമാ നടന്‍ കൂടിയായ ജഗദീഷിനെതിരെ 24562 വോട്ടുകള്‍ക്കായിരുന്നു ഗണേഷ് കുമാറിന്‍റെ വിജയം.


തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ പത്തനാപുരത്ത് സിപിഐയും ഗണേഷ് കുമാറും തമ്മില്‍ നില്‍ക്കുന്ന അഭിപ്രായ ഭിന്നത ചൂണ്ടിക്കാട്ടി കൂടിയാണ് സീറ്റ് വെച്ച് മാറലിന് സിപിഎം പ്രേരിപ്പിക്കുന്നത്. പൊതുയോഗം വരെ വിളിച്ച് ഗണേഷ് കുമാറിനെതിരെ സിപിഐ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ഭിന്നത ഇതുവരെ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാവുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.


ഗണേഷ് കൊട്ടാരക്കരയിലേക്ക് മാറുകയും ബാലഗോപാല്‍ പത്തനാപുരത്ത് മത്സരിക്കുകയും ചെയ്താല്‍ രണ്ട് സീറ്റുകളും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. സീറ്റ് ചര്‍ച്ചകളിലേക്ക് കടക്കുന്നതോടെ പത്തനാപുരത്തിന് പകരം കൊട്ടാരക്കര എന്ന ഫോര്‍മുല സിപിഎം കേരള കോണ്‍ഗ്രസ് ബിക്ക് മുന്നാലെ വെക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇത്തവണ ബാലഗോപാലനെ നിയമസഭയില്‍ എത്തിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്.


ബാലഗോപാലിനെ മത്സരിപ്പിക്കുന്നതിനോട് എന്‍.എസ്.എസ്സിനും അനുകൂലനിലപാടാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ എന്‍.എസ്.എസ്സിന്റെ കൊല്ലത്തെ പ്രധാന ഭാരവാഹികൂടിയാണ്. ഗണേഷന്‍ കൊട്ടാരക്കരയിലേക്ക് മാറിയാലും എന്‍എസ്എസ് പിന്തുണ ലഭിക്കും. കൂടാതെ ബാലകൃഷ്ണപിള്ളയുടെ സ്വാധീനവും ഗുണകരമായി മാറുമെന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കൊട്ടാരക്കരയിലെ ലീഡും സിപിഎം സൂചിപ്പിക്കുന്നുണ്ട്.


അതേസമയം, ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സിപിഎം സജീവാക്കിയിട്ടുണ്ട്. ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനാണ് പ്രഥമ പരിഗണന. അദ്ദേഹമില്ലെങ്കില്‍ ചവറ ഏരിയ സെക്രട്ടറി മനോഹരന്‍റെ പേരും പരിഗണനയിലുണ്ട്. കുണ്ടറയില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഇത്തവണയും ജനവിധി തേടിയേക്കും. മേഴ്സിക്കുട്ടിയമ്മ ഇല്ലെങ്കില്‍ ചിന്ത ജെറോമിന്‍റെ പേരാണ് മണ്ഡലത്തില്‍ പരിഗണിക്കുന്നത്.


കൊല്ലത്ത് മുകേഷിന് ഒരു അവസരം കൂടി ലഭിക്കാനാണ് സാധ്യത. മത്സരിക്കാനുള്ള ആഗ്രഹം അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ആര്‍എസ്പി നേതാവ് എഎ അസീസിനെ മലര്‍ത്തിയടിച്ച് ഇരവിപുരം പിടിച്ചെടുത്ത എഎ നൗഷാദിനും രണ്ടാമതൊരു അവസരം കൂടി ലഭിക്കാനുള്ള സാധ്യത ശക്തമാണ്. അതേസമയം, സിപിഐയില്‍ ഇത്തവണ പലര്‍ക്കും അവസരും നഷ്ടമായേക്കുമെന്നാണ് സൂചന. മന്ത്രി കെ രാജു ഉള്‍പ്പടേയുള്ളവര്‍ക്ക് ഇത്തവണ അവസരം ലഭിച്ചേക്കില്ല.

No comments