Breaking News

നെടുമങ്ങാട് സീറ്റിന് ചരടുവലിച്ച്‌ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍.. പാലോട് രവിയോ.. ബി.ആർ.എം ഷഫീറോ..?? സാധ്യത..


 നെടുമങ്ങാട് സീറ്റിന് കോണ്‍ഗ്രസ് പരിഗണിക്കുന്നവരില്‍ മുന്‍നിരയിലുണ്ടായിരുന്ന പാലോട് രവിക്ക് അപ്രതീക്ഷിതമായ ചെക്ക്. സീറ്റിന് വേണ്ടി ഒരു സംഘം യുവനേതാക്കള്‍ ചരടുവലി തുടങ്ങിയതാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ വഴിത്തിരിവായത്. യുവ നേതാക്കള്‍ ഒറ്റക്കൊറ്റക്ക് പാര്‍ട്ടിയില്‍ ചരടുവലിയും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണ നെടമുങ്ങാട് മത്സരിച്ച മത്സരിച്ച പാലോട് രവി ഇത്തവണ നേരത്തെ തന്നെ സീറ്റിനായി നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് മൂന്ന് യുവ നേതാക്കള്‍ ചരടുവലി തുടങ്ങിയത്.


മൂന്ന് യുവ നേതാക്കളുടെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. എ ഗ്രൂപ്പില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.എസ്.പ്രശാന്തും , ഐ ഗ്രൂപ്പില്‍ നിന്ന് ബി.ആര്‍.എം. ഷഫീറുമാണ് ഈ സംഘത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിലും സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്. മൂവരും സീറ്റിനായി പലതലത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് നെടുമങ്ങാട് മണ്ഡലം.


പാലോട് രവിയെ വാമനപരം സീറ്റിലേക്ക് മാറ്റുക എന്നതാണ് യുവ നേതാക്കളുടെ പദ്ധതി. സ്വന്തം സ്ഥാനാര്‍ഥിത്വത്തിന് ശ്രമിക്കുന്പോഴും പാലോട് രവിയെ വാമനപുരത്തേക്ക് മാറ്റുന്ന കാര്യത്തില്‍ മൂവരും ഏകാഭിപ്രായക്കാരാണ്. പാലോട് രവി മൂന്ന് തവണ വിജയിച്ച മണ്ഡലമാണ് നെടുമങ്ങാട് - 1991, 1996, 2011.


2016ല്‍ സി.പി.ഐയിലെ സി.ദിവാകരനാനോട് പരാജയപ്പെട്ടു. ചെറിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം യു.ഡി.എഫിനെ കൈവിട്ടത്. എന്നാല്‍ വാമനപുരം നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ്. വിജയസാധ്യതയുള്ള നെടുമങ്ങാട് വിട്ട് പാലോട് രവി വാമനപുരത്തേക്ക് മാറുമോയെന്ന സംശയമാണ് യുവ നേതാക്കള്‍ക്കുമുണ്ട്.


സി.പി.ഐ നേതാവ് സി ദിവാകരനാണ് നെടമങ്ങാട്ടെ സിറ്റിങ് എം.എല്‍.എ. എന്നാല്‍ ഇത്തവണ സി.പി.ഐ സി. ദിവാകരന് സീറ്റു നല്‍കില്ലെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍, എ.ഐ.ടി.യു.സി നേതാക്കളായ എം.ജി. രാഹുള്‍, മീനാങ്കല്‍ കുമാര്‍ എന്നിവവരുടെ പേരാണ് സി പി ഐ പരഗണനാ പട്ടികയിലുള്ളത്.

No comments