Breaking News

ഭാര്യയെ തോൽപ്പിച്ച പാറക്കല്‍ അബ്ദുല്ലയെ തളയ്ക്കാൻ ഭർത്താവോ..? ലതിക തോറ്റിടത്ത് പി മോഹനന്‍ വരുമെന്ന് സൂചന..


 കോഴിക്കോട്: കുറ്റ്യാടി മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎമ്മിന് ഇത്തവണ സാധിക്കുമോ. കെകെ ലതിക തോറ്റ മണ്ഡലം ഇടതു ക്യാമ്പിലെത്തിക്കാന്‍ ഭര്‍ത്താവും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായ പി മോഹനന്‍ രംഗത്തിറങ്ങുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും സാധ്യത കൂടുതല്‍ മോഹനന് തന്നെയാണ്. യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗ് നേതാവ് പാറയ്ക്കല്‍ അബ്ദുല്ല തന്നെ ഇത്തവണയും രംഗത്തുണ്ടാകും. വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് അബ്ദുല്ല.


കുറ്റ്യാടിയുടെ ആദ്യ എംഎല്‍എയാണ് കെകെ ലതിക. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ഉപാധ്യക്ഷയാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ലതിക മല്‍സര രംഗത്തേക്കുണ്ടാകില്ലെന്നും പകരം മോഹനന്‍ മല്‍സരിക്കുമെന്നുമാണ് സൂചനകള്‍. 2016ല്‍ 1900 വോട്ടിനാണ് ലതിക പരാജയപ്പെട്ടത്. പി മോഹനന്‍ അല്ലെങ്കില്‍ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. കുറ്റ്യാടിയില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ കുഞ്ഞമ്മദ് കുട്ടി മല്‍സരിച്ചാല്‍ മുസ്ലിം ലീഗിന് അല്‍പ്പം വിയര്‍ക്കേണ്ടി വരുമെന്നാണ് സംസാരം.


കുറ്റ്യാടി മണ്ഡലം രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പ് 2011ലായിരുന്നു. സൂപ്പി നരിക്കാട്ടേരിയെ 7000ത്തോളം വോട്ടിനാണ് ലതിക പരാജയപ്പെടുത്തിയത്. എന്നാല്‍ 2016ല്‍ പാറക്കല്‍ അബ്ദുല്ലയെ വച്ച് മണ്ഡലം യുഡിഎഫ് പിടിച്ചു. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ മണ്ഡലം ഇത്തവണ ആര്‍ക്കൊപ്പമെന്ന പ്രവചനം അസാധ്യമാണ്. പി മോഹനന് കുറ്റ്യാടിയിലുള്ള ബന്ധങ്ങള്‍ ഗുണം ചെയ്യുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. അദ്ദേഹം മല്‍സര രംഗത്തിറങ്ങിയാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുകയും എ പ്രദീപ് കുമാര്‍ എംഎല്‍എ ജില്ലാ സെക്രട്ടറിയാകുമെന്നും പറയപ്പെടുന്നു.

No comments