Breaking News

അഴീക്കോട്ട് ഷാജിക്ക് പകരം കരീം ചേലേരി..!! കണ്ണൂരില്‍ കൂടുതൽ സീറ്റ് ലക്ഷ്യമിട്ട് ലീഗ്..!! കോണ്‍ഗ്രസിന്റെ ഉറപ്പ്..!! കണ്ണൂർ പിടിക്കാൻ യുഡിഎഫ് ഒറ്റക്കെട്ട്..

 


കണ്ണൂര്‍: അഴീക്കോട്ട് കെഎം ഷാജിയെ മത്സരിപ്പിക്കാനുള്ള എല്ലാ വഴിയും മുസ്ലീം ലീഗിന് മുന്നില്‍ അടഞ്ഞു. അദ്ദേഹത്തെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ റിസ്‌ക് എടുക്കേണ്ടെന്നാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ പുതിയ നേതാവ് തന്നെ മത്സരിക്കാനെത്തും. അതേസമയം കണ്ണൂരിലെ പ്ലാന്‍ തന്നെ ഇത്തവണ ലീഗ് നേതൃത്വം മാറ്റും. പുതിയ സീറ്റുകള്‍ കോണ്‍ഗ്രസിന് മുന്നില്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. അതിന് കോണ്‍ഗ്രസ് വഴങ്ങിയിട്ടുണ്ട്.


അഴീക്കോട് മണ്ഡലത്തില്‍ ഇത്തവണ കെഎം ഷാജി മത്സരിക്കില്ലെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കണ്ണൂരില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ത്ഥിയെയാണ് ലീഗ് മുന്നില്‍ കാണുന്നത്. കണ്ണൂര്‍ ജില്ലയില്‍ ലീഗിന്റെ ഏക സിറ്റിംഗ് സീറ്റ് കൂടിയാണ് അഴീക്കോട്. ഇവിടെ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിക്കാണ് സാധ്യത. അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള സന്നദ്ധത ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.


ലീഗ് അത്ര എളുപ്പത്തില്‍ ജയിക്കാത്ത മണ്ഡലം കൂടിയാണിത്. കെഎം ഷാജി രണ്ട് തവണയും കടുത്ത പോരാട്ടം തന്നെ ഇവിടെ നടത്തിയിരുന്നു. ജില്ലയില്‍ നിന്നുള്ള ഒരാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് മുസ്ലീം ലീഗിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് അഴീക്കോട്. പക്ഷേ ഇവിടെ ലീഗ് ജയിച്ചത് പ്രവര്‍ത്തന മികവ് കൊണ്ടാണ്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിയാല്‍ അതോടെ മണ്ഡലം നഷ്ടമാകും.


മണ്ഡലത്തില്‍ അത്രത്തോളം ജനകീയനല്ലെങ്കിലും ലീഗ് വോട്ടുകള്‍ ചോരാതെ കാക്കാന്‍ ഷാജിക്ക് സാധിച്ചിരുന്നു. എന്നാല്‍ പ്ലസ്ടു കോഴ ആരോപണം നിലനില്‍ക്കെ ഷാജിയെ അഴീക്കോട്ട് മത്സരിപ്പിച്ചാല്‍ അത് മറ്റ് മണ്ഡലങ്ങളില്‍ ലീഗിന് വലിയ തലവേദനയാവും. സിപിഎം ഇത് വലിയ പ്രചാരണമായുധമാക്കുകയും ചെയ്യും. അതേസമയം സംസ്ഥാന നേതൃത്വം നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുമെന്ന ആത്മവിശ്വാസമാണ് ലീഗ് ജില്ലാ നേതൃത്വത്തിനുള്ളത്.


കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ നേരത്തെ പാണക്കാട്ടെത്തിയിരുന്നു. അപ്പോള്‍ നിര്‍ദേശിച്ചത് അബ്ദുള്‍ കരീമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ്. ഷാജി മാറണമെന്നും ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നും ലീഗിലെ ഒരു വിഭാഗം തന്നെ ആവശ്യപ്പെടുകയും ചെയ്തു. ഷാജി പോകുന്നതോടെ സിപിഎമ്മിന് കാര്യങ്ങള്‍ എളുപ്പമാകുമോ എന്നാണ് ലീഗിന്റെ പേടി. വയനാട്ടില്‍ നിന്ന് വന്നാല്‍ ഷാജി സിപിഎം കോട്ട പിടിച്ചെടുത്തത്. അഴീക്കോട് പിടിച്ചെടുക്കുക എന്നത് ലീഗിന് അഭിമാന പ്രശ്‌നം കൂടിയാണ്.


ജില്ലയില്‍ ലീഗിന് ആകെ കൈവശമുള്ള സീറ്റ് പുറത്തുനിന്നൊരാള്‍ക്ക് തുടര്‍ച്ചയായി നല്‍കുന്നത് നേതൃത്വത്തിന്റെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. അതാണ് അബ്ദുള്‍ കരീം ചേലേരിക്ക് നറുക്ക് വീഴാന്‍ കാരണം. അതേസമയം അഴീക്കോട് മാത്രമല്ല, ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് ലീഗിന്റെ തീരുമാനം. കൂത്തുപറമ്പും തളിപ്പറമ്പുമാണ് ലീഗ് ആവശ്യപ്പെട്ട സീറ്റുകള്‍. കോണ്‍ഗ്രസ് ഇതില്‍ ഏതെങ്കിലുമൊന്ന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.


കൂത്തുപറമ്പില്‍ മത്സരിക്കാനാണ് ലീഗ് തയ്യാറെടുക്കുന്നത്. ഇത് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ മണ്ഡലമാണ്. ശൈലജ സീറ്റ് മാറുമെന്ന് സൂചനയുണ്ട്. പക്ഷേ ഇത് ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ കൈമാറുന്നത് കൊണ്ടാണ്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനാണ് കൂത്തുപറമ്പില്‍ മത്സരിപ്പിക്കാനായി ഇറക്കുന്നത്. ഇവിടെയും ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കൂത്തുപറമ്പില്‍ സിപിഎം അല്ലാതെ മറ്റാരെങ്കിലും മത്സരിച്ചാല്‍ ലീഗിന് ജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി നേതാവാണ് അബ്ദുള്‍ കരീം ചേലേരി. ജില്ലയിലെ ജനകീയ നേതാവാണ് അദ്ദേഹം. അഴീക്കോട് എളുപ്പത്തിലുള്ള ജയം കിട്ടില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. കരീം ചേലേരി പ്രാദേശിക തലത്തില്‍ കരുത്തനായ നേതാവാണ്. വളപട്ടണം പഞ്ചായത്തില്‍ അടക്കം ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചതും നേട്ടമാവുമെന്നാണ് ലീഗ് കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പ്രകടനം നടത്തിയത് ലീഗായിരുന്നു.

No comments