Breaking News

മാണി സി കാപ്പന് ചിഹ്നം കൈപ്പത്തി ; എന്‍സിപിയില്ലെങ്കിലും പുതിയ നീക്കവുമായി കോണ്‍ഗ്രസ്.. ഈ ഒരൊറ്റ ലക്ഷ്യം മാത്രം.. ശശീന്ദ്രനും ചാണ്ടിയും..


 കൊച്ചി: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എന്‍സിപിയുടെ മുന്നണി മാറ്റത്തിന് ഇടയാക്കുമോയെന്നാണ് കേരള രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. എന്‍സിപി മുന്നണി മാറി എത്തിയില്ലെങ്കില്‍ മാണി സി കാപ്പനെയെങ്കിലും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനായുള്ള നീക്കങ്ങളും അവര്‍ ആരംഭിച്ച് കഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുമ്പോള്‍ കാപ്പനെ യുഡിഎഫില്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.


ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫിനൊപ്പം ചേരാന്‍ മാണി സി കാപ്പന് താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ജെഡിഎസിലെ ഒരു വിഭാഗം മുന്നണിയില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തിയെന്ന കാര്യവും അദ്ദേഹം സ്ഥിരീകിരിച്ചു.


എന്‍സിപിയില്ലാതെ മാണി സി കാപ്പനെ പാലായില്‍ മത്സരിപ്പിക്കുന്നതിന്‍റെ സൂചനകളും അദ്ദേഹം നല്‍കി. പാലാ സീറ്റ് മാണി സി കാപ്പന് വിട്ട് നല്‍കുന്നതില്‍ പ്രശ്നങ്ങളില്ല. അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം നല്‍കാന്‍ തയ്യാറാണ്. എന്‍സിപിയോടെന്നത് പോലെ കാപ്പനുമായും ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല. കാപ്പന്‍ യുഡിഎഫില്‍ വന്നാല്‍ സന്തോഷമേയുള്ളുവെന്നും മുല്ലപ്പള്ളി പറഞ്ഞു.


അതേസമയം മാണി സി കാപ്പനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത് എത്തി. മുന്നണി മാറ്റം കാപ്പന്‍ പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള കൂടിയാലോചനകളും നടന്നിട്ടില്ല. സംസ്ഥാന നേതൃത്വമോ ദേശീയ നേതൃത്വമോ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.


വ്യക്തിപരമായ പ്രതികരണങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രതികരണത്തിനോ പ്രഖ്യാപനത്തിനോ ഞാന്‍ ഇപ്പോള്‍ തയ്യാറല്ല. മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് തോന്നുന്നില്ല. അദ്ദേഹം എന്‍സിപിയില്‍ തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. പരാതിയല്ല, കേരളത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ടിങ് നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്.


എന്‍സിപിയുടെ എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി ഐശ്വര്യ കേരളയാത്രയ്ക്ക് അഭിവാദനം അര്‍പ്പിച്ച് പോസ്റ്റര്‍ ഇറക്കിയതും ഇതിനിടയിലാണ്. പോസ്റ്ററില്‍ യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കാപ്പന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാപ്പനെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിജെ ജോസഫും ചേര്‍ന്ന് മുന്നണിയിലേക്ക് സ്വീകരിക്കുമെന്നാണ് പ്രചാരണം.


കേരളത്തില്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ പുരോഗമിക്കുമ്പോള്‍ ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്കായി ദില്ലിയില്‍ എത്തിയിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും. ദേശീയ നേതൃത്വം എന്ത് തീരുമാനിക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്നാണ് മാണി സി കാപ്പനും ടിപി പീതാംബരന്‍ മാസ്റ്ററും വ്യക്തമാക്കിയത്.


ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ എന്‍സിപിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ ദേശീയ നേതൃത്വത്തിന് മുന്നിലുണ്ട്. അവരെടുക്കുന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുളള തീരുമാനം. ഇതൊരു നയപരമായ പ്രശ്നമാണെന്നും ടിപി പീതാംബരന്‍ മാസ്റ്റര്‍ ദില്ലിയില്‍ പറഞ്ഞു. ശരദ് പവാറിനെയും പ്രഫുല്‍ പട്ടേലിനെയും കണ്ട ശേഷമായിരിക്കും മുന്നണിമാറ്റത്തില്‍ തീരുമാനം എടുക്കുക.

No comments