Breaking News

കാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്..?? പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎം.. ശശീന്ദ്രനും തിരിച്ചടി..

 


കോഴിക്കോട്; പാലാ സീറ്റിനെ ചൊല്ലി എൻസിപിയിൽ മാണി സി കാപ്പൻ ഇടഞ്ഞ് തന്നെ നിൽക്കുകയാണ്. ഇന്ന് നടത്തുന്ന ശരദ് പവാർ-കാപ്പൻ കൂടിക്കാഴ്ചയ്ക്ക് ശേഷം കാപ്പനും കൂട്ടനും എൽഡിഎഫ് വിടുമോ അതോ പാലായുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുമോയെന്ന കാര്യത്തിൽ അന്തിമ തിരുമാനമാകും.സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുത്തിയുള്ള വിട്ടുവീഴ്ചകളോട് ദേശീയ നേതൃത്വം അനുകൂല നിലപാടല്ല നേരത്തേ സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കാപ്പൻ എത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അങ്ങനെയെങ്കിൽ ഇക്കുറി പാലായിൽ ശക്തമായ പോരാട്ടത്തിനാകും വഴിയൊരുങ്ങുക.


അതേസമയം കാപ്പൻ പോകുന്നതോടെ പ്രതിസന്ധിയിലാകുക മന്ത്രി എകെ ശശീന്ദ്രനാണ്. യുഡിഎഫിലേക്കില്ലെന്ന നേരത്തേ നയം വ്യക്തമാക്കിയെങ്കിലും ശശീന്ദ്രന്റെ മണ്ഡലമായ ഏലത്തൂരിൽ ഇത്തവണ എൻസിപിക്ക് സീറ്റ് കൊടുക്കേണ്ടെന്നാണ് സിപിഎമ്മിലെ പ്രാഥമിക ധാരണ


കോഴിക്കോട് താലൂക്കിലെ ചേളന്നൂർ, എലത്തൂർ, കക്കോടി,കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് എലത്തൂർ.2011 ൽ നിലവിൽ വന്ന മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിലായിരുന്ന രണ്ട് തവണയും ശശീന്ദ്രൻ വിജയിച്ച് കയറിയത്.


2016 ൽ യുഡിഎഫിലെ കിഷൻ ചന്ദിനെ പരാജയപ്പെടുത്തിയായിരുന്നു ശശീന്ദ്രൻ വിജയയിച്ചത്. 29,057 വോട്ടിനായിരുന്നു ജയം. 2011 ൽ എസ്ജെഡിയിലെ പി ഹാരിസിനെ പരാജയപ്പെടുത്തി 14654 വോട്ടുകൾക്കായിരുന്നു ശശീന്ദ്രൻ ജയിച്ചത്. ഇത്തവണയും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ശശീന്ദ്രൻ.


എന്നാൽ എൻസിപി ഇടതുമുന്നണി വിടുകയാണെങ്കിൽ ഏലത്തൂർ സീറ്റ് പാർട്ടിക്ക് ലഭിക്കില്ല.സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. എൻസിപി പാലം വലിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഏലത്തൂരിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് നേതാക്കൾ പറയുന്നു.


അങ്ങനെയെങ്കിൽ സ്വന്തം നാടായ കണ്ണൂരിൽ നിന്ന് ശശീന്ദ്രൻ ഇത്തവണ മത്സരിക്കേണ്ടി വരും.കടന്നപ്പള്ളി ഇനി കണ്ണൂരിൽ മത്സരിക്കാനുള്ള സാധ്യത ഇല്ല. അതുകൊണ്ട് തന്നെ കണ്ണൂരിൽ ശശീന്ദ്രൻ മത്സരിക്കട്ടേയെന്നാണ് സിപിഎം നിർദ്ദേശം.നേരത്തേ കണ്ണൂർ ജില്ലയിൽ നിന്ന് മത്സരിച്ച് ജയിച്ചിട്ടുണ്ട് ശശീന്ദ്രൻ.


1980ൽ പെരിങ്ങളത്തും 82 ൽ എടക്കാട് നിന്നുമായിരുന്നു ശശീന്ദ്രൻ ജയിച്ചത്. എന്നാൽ 82 ന് ശേഷം മൂന്ന് തവണയും മത്സരിച്ച് വിജയിച്ചത് കോഴിക്കോട് ജില്ലയിൽ നിന്നാണ്.2006 ൽ ബാലുശേരിയിൽ നിന്നും പിന്നീട് രണ്ട് തവണ ഏലത്തൂരിൽ നിന്നും.


അതേസമയം എംഎൽഎ ആയി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോഴെല്ലാം തന്നെ മികച്ച ഭൂരിപക്ഷത്തിലായിരുന്നു ശശീന്ദ്രൻ വിജയിച്ചത് എന്നത് കൊണ്ട് തന്നെ കണ്ണൂരിലെ വിജയം എളുപ്പമാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.എന്നാൽ മണ്ഡലം പിടിക്കാൻ യുഡിഎഫ് തന്ത്രങ്ങൾ മെനയുമ്പോൾ മത്സരം ശശീന്ദ്രനെ സംബന്ധിച്ച് എളുപ്പമായേക്കില്ല.


കഴിഞ്ഞ തവണ 1196 വോട്ടുകളായിരുന്നു കടന്നപള്ളിയുടെ ഭൂരിപക്ഷം. നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ അതുകൊണ്ട് തന്നെ ഇവിടെ മത്സരിക്കുന്നതിനോട് ശശീന്ദ്രന് താത്പര്യമില്ല. കണ്ണൂരിൽ നേരത്തേ 1987 ൽ പി ഭാസ്കരനോട് തോറ്റ ചരിത്രവും ശശീന്ദ്രനുണ്ട്.


അതേസമയം ഏലത്തൂരിൽ ശശീന്ദ്രന് പകരം ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവ് പിഎ മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.2009ൽ ലോക്സഭയിലേക്കു പരാജയപ്പെട്ടതിന് ശേ ഷം റിയാസ് സംഘടന രംഗത്ത് മാത്രമാണ് പ്രവർത്തിക്കുന്നത്. റിയാസ് മത്സരിച്ചാൽ ശശീന്ദ്രൻ വിഭാഗം എതിർത്തേക്കാൻ ഇടയില്ലെന്നും സിപിഎം നേതാക്കൾ കരുതുന്നു.


കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബിനെ ഇവിടെ സിപിഎം പരിഗണിക്കുന്നുണ്ട് എന്നാൽ കൺസ്യൂമർ ഫെഡിലെ തൊഴിലാളി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മെഹബൂബിനെതിരെ സിഐടിയു പ്രവർത്തകർ ഉൾപ്പെടെ രംഗത്തുണ്ട്. ഇത് സിപിഎമ്മിന് ആശങ്ക തീർക്കുന്നുണ്ട്.


അതേസമയം യുഡിഎഫിൽ ഇക്കുറി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യുവി ദിനേശ് മണി,കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ കിടാവ്, മറ്റൊരു കോണ്‍ഗ്രസ് നേതാവായ നികേഷ് അരവിന്ദന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. എന്തായാലും എൽഡിഎഫിൽ ശശീന്ദ്രന് പകരം ആരെന്നത് മാണി സി കാപ്പന്റെ രാഷ്ട്രീയ നീക്കങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും തിരുമാനം.

No comments