Breaking News

കാപ്പന്റെ വരവ് ജോർജ്ജിന് തിരിച്ചടി..?? പിസി ജോർജ്ജിനെ മെരുക്കാൻ പുതിയ തന്ത്രമൊരുക്കണം..!! യുഡിഎഫിന് നിർണായകം..


 കോട്ടയം: മാണി സി കാപ്പനൊപ്പം എന്‍സിപി ഔദ്യോഗിക വിഭാഗവും എല്‍ഡിഎഫ് വിട്ടേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്‍സിപി എത്തുകയാണെങ്കില്‍ അഞ്ച് സീറ്റുകളാണ് യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


അങ്ങനെയെങ്കില്‍ അത് തിരിച്ചടിയാവുക പിസി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിനാകും. എന്‍സിപിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ കൊടുക്കേണ്ടിവന്നാല്‍ ജോര്‍ജ്ജിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് കണ്ണടച്ചേക്കും. ഉമ്മന്‍ ചാണ്ടിയുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. വിശദാംശങ്ങള്‍...


ഇത്തവണ യുഡിഎഫ് പ്രവേശനം സാധ്യമാകുന്ന പ്രതീക്ഷയില്‍ ആയിരുന്നു പിസി ജോര്‍ജ്ജ്. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കടുത്ത എതിര്‍പ്പാണ് ജോര്‍ജ്ജിന് തിരിച്ചടിയായത്. അതോടൊപ്പം പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ വിയോജിപ്പും.


പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പള്ളിയോ കോട്ടയം ജില്ലയില്‍ വേണം എന്ന ആവശ്യമാണ് പിസി ജോര്‍ജ്ജ് യുഡിഎഫിന് മുന്നില്‍ ഉന്നയിച്ചിരുന്നത്. ഇത് കൂടാതെ പേരാമ്പ്ര, ഇരിഞ്ഞാലക്കുട സീറ്റുകള്‍ക്ക് വേണ്ടിയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പാലായോ കാഞ്ഞിരപ്പള്ളിയോ കിട്ടിയാല്‍ തന്നേയും ജോര്‍ജ്ജ് ഒത്തുതീര്‍പ്പിന് തയ്യാറാകുമെന്നാണ് സൂചന.


മാണി സി കാപ്പന്‍ വന്നാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കുമെന്ന് പിജെ ജോസഫ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. നിലവിലെ സാഹചര്യത്തില്‍ കാപ്പനും എന്‍സിപിയും യുഡിഎഫില്‍ എത്താനാണ് സാധ്യത. അതോടെ പാലാ സീറ്റ് എന്ന പ്രതീക്ഷ പിസി ജോര്‍ജ്ജിന് പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു.


അവിഭക്ത കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റായിരുന്നു കാഞ്ഞിരപ്പള്ളി. നിലവില്‍ ജോസ് പക്ഷത്തുള്ള എന്‍ ജയരാജ് ആണ് എംഎല്‍എ. പിജെ ജോസഫ് തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ ഒന്നുകൂടിയാണ് കാഞ്ഞിരപ്പള്ളി. പാലാ കാപ്പന് വിട്ടുകൊടുക്കുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ജോസഫ് തയ്യാറാകില്ല.


അഞ്ച് സീറ്റുകള്‍ എന്‍സിപിയ്ക്ക് നല്‍കിയാല്‍ പിന്നെ അത് യുഡിഎഫിലെ നിലവിലെ കക്ഷികള്‍ക്കിടയില്‍ തന്നെ തര്‍ക്കത്തിന് വഴിവച്ചേക്കും. അതിനിടയ്ക്ക് പിസി ജോര്‍ജ്ജിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുക എന്നത് യുഡിഎഫിന്റെ പരിഗണനയില്‍ വരുമോ എന്നാണ് ഇനി അറിയേണ്ടത്.


പിസി ജോര്‍ജ്ജിനെ തത്കാലം മുന്നണിയില്‍ എടുക്കാതെ, പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിപ്പിക്കുക എന്ന പദ്ധതിയുമായി ഐ ഗ്രൂപ്പ് സമീപിച്ചു എന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. അങ്ങനെ പൂഞ്ഞാറില്‍ മാത്രം മത്സരിക്കാനാണെങ്കില്‍ ഒരു മുന്നണിയുടേയും പിന്തുണ ആവശ്യമില്ലെന്നതാണ് പിസി ജോര്‍ജ്ജിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളേയും പരാജയപ്പെടുത്തിയായിരുന്നു ജോര്‍ജ്ജിന്റെ വിജയം.


തങ്ങളുടെ മുന്നണി പ്രവേശനത്തിന് വിലങ്ങുതടിയാകുന്നത് ഉമ്മന്‍ ചാണ്ടിയാണെന്ന് പിസി ജോര്‍ജ്ജ് പരസ്യമായി പറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ആ നിലപാട് കടുപ്പിക്കാനാണ് സാധ്യത. എന്‍സിപിയ്ക്ക് കൂടി സീറ്റുകള്‍ നല്‍കുന്നത് ചൂണ്ടിക്കാണിച്ചും പിസി ജോര്‍ജ്ജിന് പ്രതിരോധം തീര്‍ത്തേക്കും.


പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനത്തെ ആദ്യഘട്ടത്തില്‍ ശക്തമായി എതിര്‍ത്തിരുന്ന പിജെ ജോസഫ്, പിന്നീട് അതില്‍ അയവ് വരുത്തിയിരുന്നു. പരസ്പരം ആക്രമിക്കുന്ന രീതി വേണ്ടെന്ന് ധാരണയിലും എത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജോസഫും നിലപാട് മാറ്റിയേക്കും എന്നാണ് സൂചന.


ഇത്തവണ പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനാണ് ജനപക്ഷത്തിന്റെ നീക്കം. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുകയാണെങ്കില്‍ പിസി ജോര്‍ജ്ജ് പാലായിലോ കാഞ്ഞിരപ്പള്ളിയിലോ മത്സരിക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. യുഡിഎഫിന്റെ ഭാഗമായില്ലെങ്കില്‍ എന്ത് സംഭവിക്കും എന്നാണ് ഇനി അറിയേണ്ടത്.


പിസി ജോര്‍ജ്ജിന്റെ ഡിമാന്റുകള്‍ തള്ളിക്കളഞ്ഞാല്‍ ഒറ്റയ്ക്ക് മത്സരിക്കുക എന്ന നിലപാടിലേക്ക് ജനപക്ഷവും എത്തും. അങ്ങനെയെങ്കില്‍, പല മണ്ഡലങ്ങളിലും യുഡിഎഫിന് വന്‍ തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്കാകും എന്ന വിശ്വാസമാണ് പിസി ജോര്‍ജ്ജിനുള്ളത്. ഏഴ് മണ്ഡലങ്ങളില്‍ ജയപരാജയം നിശ്ചയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് ജനപക്ഷത്തിന്റെ അവകാശവാദം.


യുഡിഎഫ് പ്രവേശനം നടന്നില്ലെങ്കില്‍ കേരളത്തില്‍ നാലാം മുന്നണി രൂപീകരിക്കും എന്നും പിസി ജോര്‍ജ്ജ് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ 140 മണ്ഡലങ്ങളിലും മുന്നണിയ്ക്ക് സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ വന്നാല്‍ പോലും ജനപക്ഷം അഞ്ചോ ആറോ സീറ്റില്‍ മാത്രമായിരിക്കും മത്സരിക്കുക എന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മധ്യ തിരുവിതാംകൂറിൽ തകർന്നടിഞ്ഞിരുന്നു. ജോസ് കെ മാണിയുടെ മുന്നണി മാറ്റവും അതിന് കാരണമായിരുന്നു. ഈ വിടവ് നികത്താൻ പിസി ജോർജ്ജിനെ പോലെ ഒരാൾ വരണം എന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ, പിസി ജോർജ്ജിനെ ഒരുതരത്തിലും അടുപ്പിക്കരുത് എന്ന നിലപാടിലാണ് എ ഗ്രൂപ്പ്.

No comments