''മുല്ലപ്പള്ളിക്ക് കേരളം പരിചയം ഇല്ല.. സുധാകരന്‍ ആവട്ടെയെന്ന അഭിപ്രായമാണ്''..!! ഉമ്മന്‍ചാണ്ടി ജനപ്രിയനെന്ന്.. വയലാര്‍ രവിയുടെ പ്രതികരണം..
കണ്ണൂർ : കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വയലാര്‍ രവി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളം നന്നായി അറിയണമെന്നും അദ്ദേഹത്തിന്റെ പരിചയകുറവ് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുമാണ് വയലാറിന്റെ വിമര്‍ശനം. മുല്ലപ്പള്ളിയുടേത് ദില്ലിയില്‍ നിന്നുള്ള നിയമനമാണെന്നും വയലാര്‍ രവി പറഞ്ഞു.
'മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ നിന്നും വന്നയാളാണ്. എന്നാല്‍ കേരളം മുഴുവന്‍ നടന്നുപരിചയം ഇല്ല. ഞാനോ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നെങ്കില്‍ യാത്ര ചെയ്തവരാണ്. ഞങ്ങള്‍ക്ക് സ്ഥലങ്ങളും രാഷ്ട്രീയവും അറിയാം. എന്നാല്‍ മുല്ലപ്പള്ളിയെ ദില്ലിയില്‍ നിന്നും നേരിട്ട് നിയമിച്ചതാണ്.
സുധാകരന്‍ ആവട്ടെയെന്ന അഭിപ്രായമാണെനിക്ക്. ഉമ്മന്‍ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പമാണ്.' ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ജനപ്രിയ നേതാവാണെന്നും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം അനിവാര്യമാണെന്നും വയലാര്‍ രവി കൂട്ടിചേര്‍ത്തു.
'ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുന്നില്‍ വരേണ്ടത്. കാരണം ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ ഒരുവിശ്വാസം ഉണ്ട്. ജനകീയനാണ്. ഉമ്മന്‍ചാണ്ടി പിന്നിലേക്ക് പോകുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണകരമല്ല.' എന്നാണ് വയലാര്‍ രവി പറഞ്ഞു.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പാടില്ലെന്നും വയലാര്‍ രവി പറഞ്ഞു.

No comments