മുന്നണികളെയെല്ലാം ഒരു പോലെ തുണയ്‌ക്കുന്ന വട്ടിയൂര്‍ക്കാവ്; ശുഭ പ്രതീക്ഷയുമായി പ്രവര്‍ത്തകരും..!! ആര് ജയിക്കും..??
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സര സാദ്ധ്യത കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. മാര്‍ച്ച് 9ന് വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് സിപിഎമ്മാണ് തിരഞ്ഞെടുപ്പ് അങ്കത്തിന് ആദ്യ വെടി പൊട്ടിച്ചത്. പിന്നാലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷിന്റെ പേര് പുറത്തുവന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാന്‍ പിന്നെയും നീണ്ടു.
ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പി.സി വിഷ്‌ണുനാഥ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍, കെപിസിസി സെക്രട്ടറിയും രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയയുമായ ജ്യോതി വിജയകുമാര്‍,നെതര്‍ലാന്റ് മുന്‍ അംബാസിഡര്‍ വേണു രാജാമണി എന്നിവരായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നത്.
എന്നാല്‍ പ്രാദേശിക വികാരം കണക്കിലെടുത്തില്ലെന്ന മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ മുറവിളിക്കൊടുവില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ.എസ് നായര്‍ സ്ഥാനാര്‍ത്ഥിയായി.
നാട്ടുകാരി വന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹാപ്പി
സ്ഥാനാര്‍ത്ഥികളെ ചൊല്ലി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന പ്രതിഷേധം നാട്ടുകാരിയായ വീണ വന്നതോടെ മാറി. മണ്ഡലം രൂപീകരിച്ച ശേഷം 2011ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 16000ലധികം വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ഇവിടെ നിന്നും വിജയിച്ചത്. 2016ല്‍ ഭൂരിപക്ഷം പക്ഷെ 7622 ആയി. പിന്നീട് മുരളീധരന്‍ വടകരയില്‍ വിജയിച്ചപ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഇടത് മുന്നണിയുടെ കൈയിലെത്തി. ഇത്തവണ മുരളീധരന്‍ നേടിയത്ര ഭൂരിപക്ഷം നേടിയില്ലെങ്കിലും മികച്ച വിജയം തന്നെ നേടുമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശ്വാസം. എന്നാല്‍ കെപിസിസിയ്‌ക്ക് മതിയായ ഫണ്ടില്ലാത്തത് മണ്ഡലത്തിലെ ഇലക്ഷന്‍ പ്രചാരണത്തെയും ബാധിക്കുന്നുണ്ട് എന്നതാണ് നേതാക്കള്‍ പോലും അംഗീകരിക്കുന്ന വസ്‌തുത.
സര്‍ക്കാരിന്റെയും എംഎല്‍എയുടെയും പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന് സിപിഎം
മണ്ഡലത്തിലെ ജനങ്ങള്‍ തുടര്‍ഭരണത്തിനായി കാത്തിരിക്കുകയാണെന്നാണ് ഇടത്‌മുന്നണി പ്രവര്‍ത്തകരുടെ അഭിപ്രായം. 2019ലെ ഉപതിരഞ്ഞെടുപ്പില്‍ മേയര്‍ വി.കെ പ്രശാന്തിനെ മുന്‍നിര്‍ത്തിയുളള പ്രചാരണമാണ് പാര്‍ട്ടി നടത്തിയത്. ഇത്തവണ സര്‍ക്കാര്‍ നടത്തിയ വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം തേടിയും എംഎല്‍എ എന്ന നിലയിലുളള വി.കെ പ്രശാന്തിന്റെ പ്രവര്‍ത്തനത്തിനുമാണ് ജനങ്ങളോട് വോട്ട് ചോദിക്കുന്നത്.
പ്രാദേശികതലത്തില്‍ വിപുലമായ സജ്ജീകരണത്തോടെയാണ് ഇടത് മുന്നണി പ്രവര്‍ത്തിക്കുന്നത്.ഇലക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് ഒരു ബൂത്തില്‍ നാലോളം സ്‌ക്വാഡ് രൂപീകരിച്ചാണ് വോട്ട് തേടുന്നത്. കുടുംബയോഗങ്ങളും സജീവമാണ്. ഒരു സ്‌ക്വാഡ് ഒരു ദിവസം 150 വീടുകളില്‍ ചെന്ന് വോട്ടഭ്യര്‍ത്ഥന നടത്താനാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ 14,465 വോട്ടുകള്‍ക്കായിരുന്നു വി.കെ പ്രശാന്തിന്റെ വിജയമെങ്കില്‍ ഇത്തവണ 25,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം.
ഇലക്ഷന്‍ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെത്തി ബിജെപി
ഇടത് മുന്നണിയെപ്പോലെ ശക്തമായ പ്രചാരണമാണ് മണ്ഡലത്തില്‍ ബിജെപിയും നടത്തുന്നത്. പ്രവര്‍ത്തകരുടെ ബൈക്ക് റാലികളും പ്രചാരണവുമായി നിറപ്പകിട്ടാര്‍ന്ന പ്രചാരണം തന്നെയാണ് പാര്‍ട്ടി നടത്തുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 50,000ലേറെ വോട്ട് നേടിയ പാര്‍ട്ടിക്ക് പക്ഷെ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത് 27,000 വോട്ടുകള്‍ മാത്രമാണ്. നഷ്‌ടം 23,000 വോട്ടുകള്‍. ഈ നഷ്‌ടമായ വോട്ടുകള്‍ തിരികെ നേടി മണ്ഡലം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍. ശബരിമല ഉള്‍പ്പടെ സര്‍ക്കാരിനെതിരായ വിവിധ വിവാദങ്ങള്‍ ഇതിന് സഹായിക്കും എന്നവര്‍ കണക്കുകൂട്ടുന്നു.
മണ്ഡലത്തില്‍ പാര്‍ട്ടി രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സ്‌ക്വാഡുകളായി തിരിഞ്ഞ് പരമാവധി വീടുകളിലെത്തി വോട്ടഭ്യര്‍ത്ഥിക്കുന്നു പ്രവര്‍ത്തകര്‍. കുടുംബയോഗങ്ങള്‍ ഉടനെ സജീവമാകും. വനിതകളുടെയും യുവാക്കളുടെയും ഉള്‍പ്പടെ യോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു.
വിവാദങ്ങളും കുറവില്ല
പ്രചാരണ കോലാഹലങ്ങള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും മണ്ഡലത്തില്‍ കുറവില്ല. ബിജെപിയും കോണ്‍ഗ്രസും മണ്ഡലത്തില്‍ ഇലക്ഷന്‍ പ്രചാരണത്തില്‍ സജീവമല്ലെന്ന് എംഎല്‍എ തന്നെ ആരോപണം ഉന്നയിക്കുന്നു. ഇത് രഹസ്യധാരണയാണെന്നും മുന്‍കാലങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ ഇങ്ങനെ ധാരണകളുണ്ടായതായി ഇടത് പ്രവര്‍ത്തകരും ആരോപിക്കുന്നത്. പ്രശാന്തിന്റെ ആരോപണത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
1,95,601 സമ്മതിദായകരുളള മണ്ഡലത്തില്‍ നായര്‍ വിഭാഗത്തിന് ഭൂരിപക്ഷമുണ്ട്. ഈഴവ, ദളിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുളള മണ്ഡലത്തില്‍ നിഷ്‌പക്ഷ വോട്ടുകള്‍ കൂടി ചേരുമ്ബോള്‍ ഫലം പ്രവചനാതീതമാകും.

No comments