കെഎം ഷാജി ഹാറ്റ്‌ട്രിക് അടിക്കുമോ..?? പാർട്ടി കോട്ട ഇടത് തിരിച്ച് പിടിക്കുമോ..?? അഴീക്കോട് ആര് വിജയിക്കും..
അഴീക്കോട്: പിടിച്ചെടുക്കണമെന്ന വാശിയോടെ സിപിഎം മത്സരിക്കാനിറങ്ങുന്ന മണ്ഡലമാണ് അഴീക്കോട്. വയനാടന്‍ ചുരമിറങ്ങി വന്ന് അഴീക്കോട്ട് കൊടി നാട്ടിയ ഷാജിയെ ഇക്കുറി തറപറ്റിച്ചേ പറ്റുവെന്ന വാശിയിലാണ് സിപിഎം. അതിനായി നിര്‍ത്താവുന്നതില്‍ എറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് അവര്‍ നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റെന്ന നിലയില്‍ പേരെടുത്ത കെ വി സുമേഷ്. സംസ്ഥാന സെക്രട്ടറി കൂടിയായ കെ രഞ്ജിത്ത് ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. വോട്ട് വിഹിതം കാര്യമായി വര്‍ദ്ധിപ്പിക്കാമെന്നാണ് എന്‍ഡിഎ പ്രതീക്ഷ.
ഷാജിയുടെ അഴീക്കോട്
2011ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ അലകും പിടിയും മാറിയ അഴീക്കോട്ട് സിറ്റിംഗ് എംഎല്‍എ പ്രകാശന്‍ മാസ്റ്ററെ 453 വോട്ടിന് അട്ടിമറിച്ചായിരുന്നു ഷാജിയുടെ തുടക്കം.
2016ല്‍ കേരളം മുഴുവന്‍ ശ്രദ്ധിച്ച പോരാട്ടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാറിനെ 2287 വോട്ടിന് തോല്‍പിച്ചു. എന്നിട്ടും മൂന്നാം അങ്കത്തിന് അഴീക്കോട് കണ്ണുംപൂട്ടിയിറങ്ങാന്‍ ഷാജി അറച്ചു നിന്നു. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണവും വളപട്ടണം പഞ്ചായത്തില്‍ ലീഗ് കോണ്‍ഗ്രസ് തമ്മിലടിയും പണിയാകുമോ എന്നായിരുന്നു ഷാജിയുടെ ആശങ്ക.
കാസര്‍കോടേക്കോ കളമശ്ശേരിയിലേക്കോ മാറാന്‍ ഷാജി ശ്രമിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഷാജിക്ക് മാത്രമേ അഴീക്കോട് ജയസാധ്യതയുള്ളു എന്ന് യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞു. അങ്ങനെയാണ് ഷാജി അഴീക്കോട്ട് മൂന്നാം പോരിന് ഇറങ്ങിയിരിക്കുന്നത്.
മുന്‍ എംഎല്‍എമാര്‍
ചടയന്‍ ഗോവിന്ദനായിരുന്നു അഴീക്കോടിന്റെ ആദ്യ എംഎല്‍എ. പി ദേവൂട്ടി, ഇ പി ജയരാജന്‍, ടി കെ ബാലന്‍ എന്നിവരും അഴീക്കോട് നിന്ന് നിയമസഭയിലെത്തി. 1987-ല്‍ എം വി രാഘവന്‍ യുഡിഎഫില്‍ നിന്ന് വിജയിച്ചു. 2005 ലെ ഉപതിരഞ്ഞെടുപ്പ് മുതല്‍ 2011വരെ സിപിഎമ്മിന്റെ എം പ്രകാശനായിരുന്നു മണ്ഡലത്തിന്റെ എംഎല്‍എ. 2011ല്‍ ഷാജി മണ്ഡലം പിടിച്ചെടുത്തു.
മണ്ഡല ഭൂമി ശാസ്ത്രം
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ താലൂക്കിലെ അഴീക്കോട്, ചിറക്കല്‍, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളും ഇപ്പോള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍്റെ ഭാഗമായ പള്ളിക്കുന്നും, പുഴാതിയും ഉള്‍പ്പെട്ടതാണ് അഴീക്കോട് നിയമസഭാമണ്ഡലം. എല്‍ഡിഎഫിനോ യുഡിഎഫിനോ പുതിയ അഴീക്കോട്ട് മേല്‍ക്കൈ അവകാശപ്പെടാനാകില്ല. 2008ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തോട ചെറുകുന്നും, കണ്ണപുരവും കല്ല്യാശ്ശേരിയും പോയതാണ് അഴീക്കോടിനെ ഇടത് കോട്ടയല്ലാതാക്കിയത്. പകരം വന്നതാവട്ടേ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ പുഴാതിയും പള്ളിക്കുന്നും അങ്ങനെയാണ് മണ്ഡലം ബലാബലത്തിലേക്കെത്തിച്ചത്.
സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21857 വോട്ടിന്റെ ഭൂരിപക്ഷമാണ് അഴീക്കോട് ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഈ നേട്ടം നിലനിര്‍ത്താനായില്ല. തദ്ദേശ കണക്കില്‍ 6454 വോട്ടുകളുടെ മുന്‍തൂക്കമാണ് ഇടത് പക്ഷത്തിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 12580 വോട്ടുകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 15705 ആക്കി ഉയര്‍ത്താന്‍ ബിജെപിക്കും സാധിച്ചു.
ഇപ്പോഴത്തെ നിലയില്‍ അഴീക്കോട്, പാപ്പിനിശ്ശേരി, ചിറക്കല്‍, നാറാത്ത് പഞ്ചായത്തുകള്‍ ഇടത് പക്ഷത്തിന്റെ കയ്യിലാണ്. വളപട്ടണവും കണ്ണൂര്‍ കോര്‍പ്പറേഷന്‍്റെ രണ്ട് സോണുകളും യുഡിഎഫിനൊപ്പവും ഈ കണക്കനുസരിച്ച് ഇടത് പക്ഷത്തിന് മുന്‍തൂക്കമുണ്ടെങ്കിലും കെ എം ഷാജിയുടെ മണ്ഡലത്തിലെ സ്വാധീനമാണ് ഇടത് ക്യാമ്ബിന്റെ ചങ്കിടിപ്പ് കൂട്ടുന്നത്.

No comments