രമേശിനെ മാറ്റണമെന്ന് അഭിപ്രായം ഉയര്‍ന്നാലും അത് അത്രപെട്ടെന്ന് നടക്കില്ല..!! ചെന്നിത്തലയെ പാര്‍ട്ടിയില്‍ സുരക്ഷിതനാക്കുന്ന ഘടകം തന്നെ കാരണം..
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലും സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റ സാദ്ധ്യതയില്ല. എന്നാല്‍ ഭൂരിഭാഗം ഡി.സി.സികളിലും അദ്ധ്യക്ഷന്മാരെ മാറ്രിയേക്കും. ജംബോ കമ്മിറ്റികളും പുനഃസംഘടിപ്പിച്ച് ചെറുതാക്കാനാണ് ധാരണയെങ്കിലും എത്രത്തോളമെന്ന് വ്യക്തതയില്ല. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരണമെന്നാണ് ഐ ഗ്രൂപ്പിന്റെ ഭൂരിപക്ഷവികാരം. 20നാണ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിയമസഭാകക്ഷി യോഗം.
കെ.പി.സി.സി പ്രസിഡന്റിനെ മാറ്റാനാവശ്യപ്പെടുമ്ബോള്‍ പ്രതിപക്ഷ നേതാവ് മാറണമെന്ന ആവശ്യവും ശക്തമാകും. അതുകൊണ്ട് തത്കാലം നേതൃമാറ്റ പ്രശ്നം എടുത്തിടേണ്ടെന്ന ധാരണയിലാണ് കഴിഞ്ഞ ദിവസത്തെ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഐ ഗ്രൂപ്പ് വിമര്‍ശനം കടുപ്പിക്കാതിരുന്നത്.
രണ്ട് ദിവസം മുമ്ബ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈയൊരു തന്ത്രത്തിലേക്ക് നീങ്ങിയത്. മുല്ലപ്പള്ളിയെ നീക്കാന്‍ മുറവിളി കൂട്ടിയാലത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ടായി. മുല്ലപ്പള്ളിക്കെതിരെ സംഘടിത നീക്കമെന്ന സംശയം ഹൈക്കമാന്‍ഡിനുമുണ്ട്.
18നും 19നുമുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തിലും 20ലെ നിയമസഭാകക്ഷി യോഗത്തിലും ഹൈക്കമാന്‍ഡ് നിരീക്ഷകരായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി. വൈത്തിലംഗവും പങ്കെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും താരിഖ് അന്‍വറുമുണ്ടാകും. ഇപ്പോള്‍ ജയിച്ച 21 അംഗങ്ങളില്‍ ഐ ഗ്രൂപ്പിന് 12, എ ഗ്രൂപ്പിന് 9 എന്നാണ് സ്ഥിതി. ഈ മേല്‍ക്കൈയാണ് രമേശിന്റെ പിന്‍ബലം. രമേശിന് പകരം ഐ ഗ്രൂപ്പില്‍ നിന്ന് വി.ഡി. സതീശന്റെ പേര് ഒരു വിഭാഗമുയര്‍ത്തുന്നെങ്കിലും പൂര്‍ണ യോജിപ്പില്ല. സതീശനായി വാദിച്ചാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ അവകാശവാദമുയര്‍ത്തുമെന്നാണ് വിയോജിക്കുന്നവര്‍ പറയുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നാണ് വിലയിരുത്തല്‍. അതിനാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയില്‍ ചാരുന്നതിനോട് ഗ്രൂപ്പ് പ്രമുഖര്‍ക്ക് യോജിപ്പില്ല. നിയമസഭാകക്ഷി യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് എ ഗ്രൂപ്പും. മുല്ലപ്പള്ളി മാറിയാല്‍ കെ.പി.സി.സി പ്രസിഡന്റാവാന്‍ കെ.സുധാകരന്‍ കരുക്കള്‍ നീക്കുന്നുണ്ട്. എ ഗ്രൂപ്പിന് അതിനോട് യോജിപ്പില്ല. കെ.പി.സി.സി അദ്ധ്യക്ഷപദവിയിലേക്ക് തര്‍ക്കം മുറുകിയാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരനെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് ചിലപ്പോള്‍ തയ്യാറായേക്കും. പാക്കേജെന്ന നിലയില്‍ എല്ലാവരും മാറാന്‍ തീരുമാനിച്ചാല്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹസന് പകരം കെ.സി.ജോസഫിനെ എത്തിക്കാനും എ ഗ്രൂപ്പ് ശ്രമിക്കും.

No comments