Breaking News

ഒന്നുകില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തല്ലുകൊണ്ടു മരിക്കുക..!! അല്ലെങ്കില്‍ ബിജെപിയില്‍ ചേരുക എന്നതാണ് സിപിഎമ്മുകാര്‍ക്ക് മുന്നിലുള്ള വഴി..!! ബംഗാളില്‍ തുടര്‍ഭരണം വരുത്തിവച്ച വിന..


 തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. എന്നാല്‍ പശ്ചിമ ബംഗാളിലെ ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി ഇത്തവണ നേരിട്ടത് ചരിത്രപരമായ പരാജയമാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരിട്ട തകര്‍ച്ച ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു പാര്‍ട്ടിക്ക് ഉണ്ടായെന്നു തോന്നുന്നില്ല.


ഇടതുപ്രസ്ഥാനത്തിന് വളരെയധികം വളക്കൂറുള്ള മണ്ണായിരുന്നു പശ്ചിമ ബംഗാള്‍. 1946 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്നു സാമാജികരെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഇന്ത്യയുടെ ഭരണഘടനാ അസംബ്ളിയിലുണ്ടായിരുന്ന ഏക കമ്മ്യൂണിസ്റ്റംഗം ബംഗാളില്‍ നിന്നുള്ള സോമനാഥ് ലാഹിരിയായിരുന്നു.


1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ പ്രധാന പ്രതിപക്ഷമായി. 1957 ലും 62 ലും ഇത് ആവര്‍ത്തിച്ചെന്നു മാത്രമല്ല, പാര്‍ട്ടിയുടെ അംഗസംഖ്യ നിയമസഭയില്‍ ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചു. ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ളോക്ക് തുടങ്ങിയ ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഇടതുമുന്നണിക്ക് രൂപം നല്‍കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നെങ്കിലും അതു ബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ കാര്യമായി ബാധിച്ചില്ല. പിളര്‍പ്പിനു ശേഷം പ്രമോദ് ദാസ് ഗുപ്തയുടെയും ജ്യോതിബസുവിന്റെയും നേതൃത്വത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ പ്രബലമായി. 1967 ല്‍ സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയായി. ജ്യോതിബസു ഉപമുഖ്യമന്ത്രിയായി. സി.പി.എമ്മിനേക്കാള്‍ അംഗസംഖ്യ കുറവായിരുന്ന ബംഗ്ളാകോണ്‍ഗ്രസിലെ അജയ് മുഖര്‍ജിക്ക് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തു. എന്നാല്‍ 1967 മുതല്‍ 71 വരെയുള്ള കാലത്ത് ഭരണസ്ഥിരത നഷ്ടപ്പെട്ടു. ഇടതുമന്ത്രിസഭകള്‍ തകരുകയും തിരഞ്ഞെടുപ്പുകള്‍ നടക്കുകയും ചെയ്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇൗ ഘട്ടത്തില്‍ വലിയ തോതില്‍ വിശ്വാസ്യത നഷ്ടമായി. 1972 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍, പ്രത്യേകിച്ച്‌ സി.പി.എം വലിയ തിരിച്ചടി നേരിട്ടു. ജ്യോതിബസു അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലത്തില്‍ തോറ്റു. രാഷ്ട്രീയമായ തിരിച്ചടിയുണ്ടായെങ്കിലും ഇടതുപക്ഷം തകര്‍ന്നില്ല. തുടര്‍ന്നുവന്ന കോണ്‍ഗ്രസ് ഭരണത്തില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍റായ് മുഖ്യമന്ത്രിയായിരിക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വളരെയധികം അക്രമങ്ങള്‍ക്കിരയായി. ഒരുപാട് പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ക്രമസമാധാനത്തകര്‍ച്ച വലിയ പ്രശ്നമായി. അടിയന്തരാവസ്ഥക്കാലത്ത് ഇതു മൂര്‍ദ്ധന്യത്തിലെത്തി. എന്നിട്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശക്തിപ്പെടുകയല്ലാതെ തുടച്ചു നീക്കപ്പെടുന്ന സാഹചര്യമുണ്ടായില്ല. 1977 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുമായി ചേര്‍ന്ന് സി.പി.എം വലിയ വിജയം കരസ്ഥമാക്കി. പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയെ കൂടാതെ സി.പി.എം ഒറ്റക്ക് ഭൂരിപക്ഷം നേടി. ഫോര്‍വേഡ് ബ്ളോക്കും ആര്‍.എസ്.പിയും മറ്റു ചില ചെറിയ ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് രൂപം നല്‍കിയ ഇടതുമുന്നണി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്നു. ജ്യോതിബസു മുഖ്യമന്ത്രിയായി. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയും ശക്തി വര്‍ദ്ധിപ്പിച്ചു. തുടര്‍ഭരണമെന്ന സ്ഥിതിയില്‍ നിന്ന് നിരന്തര ഭരണമെന്ന അവസ്ഥയായി. 1982, 87, 91, 96, 2001, 2006 തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണി ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമായിരുന്നത് നാലില്‍ മൂന്ന് ഭൂരിപക്ഷവും അഞ്ചില്‍ നാല് ഭൂരിപക്ഷവുമായി വര്‍ദ്ധിച്ചു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വലിയ തകര്‍ച്ചയെ നേരിട്ടു. 1991 ല്‍ മമത ബാനര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ് ഉണ്ടാക്കുന്നതുവരെ ഇതു തുടര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ച സമയത്തും വലിയൊരു രാഷ്ട്രീയ പ്രാബല്യം നേടിയെടുക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞില്ല. ആദ്യം ബി.ജെ.പിയുമായും പിന്നീടു കോണ്‍ഗ്രസുമായും സഖ്യം ചെയ്ത് അവര്‍ മത്സരിച്ചു. കേന്ദ്രമന്ത്രിയൊക്കെയായെങ്കിലും ഒരു പരിധിക്കപ്പുറം സി.പി.എമ്മിനെ ചെറുക്കാന്‍ മമതയ്‌ക്ക് സാധിച്ചില്ല. 2006 ലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് 176 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് വെറും 30 സീറ്റുമാണ് ലഭിച്ചത്. ഇതിനു ശേഷമാണ് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‌പിച്ച സിംഗൂര്‍, നന്ദിഗ്രാം സംഭവങ്ങളുണ്ടായത്. ഇടതുപക്ഷത്തിന് ഏതുകാലത്തും വോട്ടുചെയ്ത 30 ശതമാനം വരുന്ന മുസ്ളിം സമുദായം പാര്‍ട്ടിയുമായുള്ള ബന്ധം ഇതോടെ വിച്ഛേദിച്ചു. ഭൂരിപക്ഷം സീറ്റുകളും നഷ്‌ടമായി. 2011 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് മുന്നണി ഇടതുപക്ഷത്തിന് വലിയ പ്രഹരമേല്‌പിച്ചു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പോലും പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന് 184 സീറ്റും കോണ്‍ഗ്രസിന് 42 സീറ്റും ലഭിച്ചു. എസ്.യു.സി.ഐ വരെ മുന്നണിയിലുണ്ടായിരുന്നു. സി.പി.എമ്മിന് വെറും 40 സീറ്റാണ് ലഭിച്ചത്. പ്രധാനപ്രതിപക്ഷം അപ്പോഴും അവരായിരുന്നു. ഫോര്‍വേഡ് ബ്ളോക്കിനും ആര്‍.എസ്.പിക്കും സി.പി.ഐയ്ക്കും കൂടി 20 സീറ്റുകളാണ് ലഭിച്ചത്. 2016 ആകുമ്ബോഴേക്കും തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ തെറ്റി. കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ അനൗപചാരികമായ ഒരു ധാരണയുണ്ടാക്കി മത്സരിച്ചു. ഇതോടെ സി.പി.എമ്മിന് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം നഷ്ടമായി. കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി. സി.പി.എമ്മിന് പിന്നെയും വലിയ തിരിച്ചടി നേരിട്ടു. അവര്‍ക്ക് 26 സീറ്റാണ് ലഭിച്ചത്. ഇടതു മുന്നണിക്ക് മൊത്തത്തില്‍ 32 സീറ്റ് ലഭിച്ചു. അപ്പോഴും സി.പി.എമ്മിന് പശ്ചിമ ബംഗാളില്‍ 19.75 ശതമാനം വോട്ടുണ്ടായിരുന്നു.


ഇത്തവണ കോണ്‍ഗ്രസുമായി പരസ്യമായി സഖ്യമുണ്ടാക്കിയെന്നു മാത്രമല്ല, മുസ്ളിം മതമൗലികവാദികളെന്നു പറയാവുന്ന അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിനെക്കൂടി കൂട്ടിച്ചേര്‍ത്തു ഒരു സംയുക്ത മുന്നണിക്ക് രൂപം നല്‍കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇൗ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ പരാജയമെന്നു പറയുന്നത് അന്യാദൃശ്യമാണ്. 4.6 ശതമാനം വോട്ടുകളാണ് ആകെ ലഭിച്ചത്. നാലു സീറ്റില്‍ മാത്രമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരു സീറ്റിലും ജയിച്ചില്ല. ഇതാണ് ചരിത്രപരമായ പരാജയമെന്നു പറഞ്ഞത്. 1946 ല്‍ മൂന്നു സീറ്റില്‍ ജയിച്ച മുന്നണിക്ക് ഇത്തവണ ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. നാലിടത്തു മാത്രമാണ് രണ്ടാംസ്ഥാനത്തെത്തിയത്. പാര്‍ട്ടിയും മുന്നണിയും മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥികളില്‍ 90 ശതമാനത്തിനും കെട്ടിവെച്ച കാശുപോലും കിട്ടാത്തത്ര ഭയാനകമായ രാഷ്ട്രീയ പരിതസ്ഥിതിയിലാണ് ബംഗാളിലെ ഇടതുപക്ഷ മുന്നണി ഇപ്പോള്‍ നിലനില്‍ക്കുന്നത്. എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നതാണ് പ്രധാനചോദ്യം. കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരായ വികാരമാണ് ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. പ്രത്യേകിച്ച്‌ 1972 -77 കാലത്ത് പശ്ചിമബംഗാളില്‍ നടന്ന അതിഭയങ്കരമായ പൊലീസ് രാജ്, ഭരണകൂട ഭീകരത. ഇതിനോടു ജനങ്ങള്‍ക്കുണ്ടായ എതിര്‍പ്പും പ്രതിഷേധവുമാണ് 77 ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത്. അന്ന് ജ്യോതിബസുവിനെപ്പോലെ പ്രഗത്ഭനായ ഭരണാധികാരിയും പ്രമോദ് ദാസ് ഗുപ്തയെപ്പോലെ അതി പ്രഗത്ഭനായ സംഘാടകനും പാര്‍ട്ടിക്കുണ്ടായിരുന്നു. പില്‌ക്കാലത്ത് ഇൗ രീതിയിലുള്ള നേതൃത്വം ഇല്ലാതാവുകയും എല്ലാ വിധത്തിലുമുള്ള സാമൂഹ്യവിരുദ്ധ ശക്തികള്‍ പാര്‍ട്ടിയുടെ തണലിലേക്ക് വരികയും ചെയ്തു. അവര്‍ ഇടതുപക്ഷ മേല്‍വിലാസം ഉപയോഗിച്ച്‌ അഴിമതിയും അക്രമവും തുടര്‍ന്നു. പണ്ട് കോണ്‍ഗ്രസിന്റെ കാലത്തു നടന്നതിനേക്കാള്‍ മാരകമായിരുന്നു അത്. ഏതെങ്കിലും തരത്തില്‍ അതിനെ ചെറുക്കാനോ തടയാനോ ഔദ്യോഗിക നേതൃത്വത്തിനു സാധിച്ചില്ല. പലപ്പോഴും സ്ഥാപിത താത്പര്യങ്ങള്‍ മുന്‍നിറുത്തി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രബലമായ ഒരു പ്രതിപക്ഷമില്ലെന്ന സാഹചര്യം കൊണ്ടാണ് ഇവര്‍ക്ക് പിന്നെയും പിന്നെയും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഇതേ അഴിമതിക്കാരും അക്രമികളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശീതളഛായയിലേക്ക് മാറി. ഇവര്‍ മുമ്ബ് കോണ്‍ഗ്രസിനും മറ്റ് എതിരാളികള്‍ക്കുമെതിരെ നടത്തിയിരുന്ന അക്രമം ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ നിന്നുകൊണ്ട് സി.പി.എമ്മിനെതിരെ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പ്രാണഭയം കൊണ്ട് സി.പി.എം നേതാക്കളടക്കമുള്ളവര്‍ ബി.ജെ.പിയിലേക്കോ മറ്റു പാര്‍ട്ടികളിലേക്കോ കൂറു മാറുന്ന അവസ്ഥയെത്തി. പാര്‍ട്ടിയുടെ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു. പ്രവര്‍ത്തകര്‍ നിലനില്‌പില്ലാതെ മറ്റു പാര്‍ട്ടികളിലേക്ക് മാറുന്നു. സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ബി.ജെ.പിയെക്കാള്‍ ആവേശത്തില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഖഗന്‍ മുര്‍മു എന്ന നേതാവ് മൂന്നു തവണ സി.പി.എം ചിഹ്നത്തില്‍ മത്സരിച്ച്‌ എം.എല്‍.എയായ ആളാണ്. എം.എല്‍.എയായിരിക്കെ ഖഗന്‍ മുര്‍മു 2019 ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മാല്‍ദ ഉത്തര്‍ മണ്ഡലത്തില്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച്‌ വിജയിച്ചു. ഇപ്പോഴദ്ദേഹം ബി.ജെ.പിയുടെ സമുന്നത നേതാവും പാര്‍ലമെന്റംഗവുമാണ്.


ഇതൊരു ഒറ്റപ്പെട്ട ഉദാഹരണമല്ല. പലരും ഇങ്ങനെ മാറിയിട്ടുണ്ട്. ഒന്നുകില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തല്ലുകൊണ്ടു മരിക്കുക, അല്ലെങ്കില്‍ ബി.ജെ.പിയില്‍ ചേരുക എന്നതാണ് സി.പി.എമ്മുകാരുടെ മുന്നിലുള്ള വഴി. മുമ്ബ് സി.പി.എം ചെയ്തിരുന്ന അക്രമം കൂടിയ തോതില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ ചെയ്യുന്നു. തുടര്‍ഭരണം വരുത്തിവയ്‌ക്കുന്ന വലിയ വിനയാണിത്. തുടര്‍ഭരണം ലഭിക്കുമ്ബോള്‍ പാര്‍ട്ടിയുടെ ശക്തിയും അപ്രമാദിത്തവും ചോദ്യം ചെയ്യാന്‍ ആരുമില്ലെന്ന ഹുങ്കിലേക്ക് കാര്യങ്ങളെത്തും. ഇത് ബംഗാളില്‍ മാത്രമല്ല, എല്ലാ സംസ്ഥാനത്തെയും എല്ലാ പാര്‍ട്ടികള്‍ക്കുമുള്ള വലിയൊരു മുന്നറിയിപ്പാണ്. അമിത അധികാരം ആരില്‍ കേന്ദ്രീകരിക്കുന്നുവോ അത് ആത്യന്തികമായി അവര്‍ക്കു തന്നെ വിനയാകും. ചരിത്രപരമായ പരാജയത്തില്‍ നിന്ന് പഠിക്കേണ്ട മുന്നറിയിപ്പും താക്കീതും ഇതിലടങ്ങിയിരിക്കുന്നു.

No comments