Breaking News

ചെന്നിത്തലയെ നിലനിര്‍ത്താന്‍ ഐ ഗ്രൂപ്പ്‌, മുരളി-ജോസഫ്‌ പാക്കേജുമായി എ ഗ്രൂപ്പ്‌; പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ മുല്ലപ്പള്ളിയെ തൊടാതെ ഗ്രൂപ്പുകളുടെ തന്ത്രം..

 


തിരുവനന്തപുരം : തെരഞ്ഞെടുപ്പു തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെ.പി.സി.സി. യോഗത്തില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം ഒഴിവാക്കിയതു ഗ്രൂപ്പുകളുടെ തന്ത്രം. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കടുത്തവിമര്‍ശനം വേണ്ടെന്നാണ്‌ ഐ ഗ്രൂപ്പിന്റെ നിലപാട്‌. കാത്തിരുന്നു കാണാമെന്ന നിലപാടിലാണ്‌ എ ഗ്രൂപ്പ്‌. കെ.പി.സി.സി. രാഷ്‌ട്രീയകാര്യസമിതി യോഗത്തിനു മുമ്ബുതന്നെ വിമര്‍ശനമൊഴിവാക്കുന്ന കാര്യത്തില്‍ ഗ്രൂപ്പ്‌ നേതാക്കള്‍ ധാരണയിലെത്തിയിരുന്നു. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഹൈക്കമാന്‍ഡ്‌ പ്രതിനിധികള്‍ ഉടന്‍ സംസ്‌ഥാനത്തെത്തും.


മുല്ലപ്പള്ളിക്കെതിരേ ഇപ്പോള്‍ ശക്‌തമായ ആരോപണമുന്നയിച്ചാല്‍ അതു രമേശ്‌ ചെന്നിത്തലയേയും ബാധിക്കും. അതിനാല്‍ സംയമനം പാലിക്കാന്‍ ഐ ഗ്രൂപ്പ്‌ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.


പ്രതിപക്ഷനേതൃസ്‌ഥാനത്തേക്കു ചെന്നിത്തലയ്‌ക്കു പകരം ഐ ഗ്രൂപ്പില്‍നിന്നു വി.ഡി. സതീശന്റെ പേരും ഉയരുന്നുണ്ട്‌. എന്നാല്‍, ഗ്രൂപ്പില്‍ത്തന്നെ ഇക്കാര്യത്തില്‍ സമവായമില്ല. സതീശന്റെ പേര്‌ ഉന്നയിക്കപ്പെട്ടാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നനേതാക്കളും അവകാശവാദവുമായി രംഗത്തുവരും.


അതു പാര്‍ട്ടിയിലെ മേല്‍ക്കൈ നഷ്‌ടപ്പെടുത്തുമെന്ന അഭിപ്രായം ഐ ഗ്രൂപ്പിലുണ്ട്‌. ചെന്നിത്തലതന്നെ പ്രതിപക്ഷനേതാവായി തുടരണമെന്നാണു ഗ്രൂപ്പിന്റെ പൊതുവികാരം. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ മാറ്റുന്നതു നീതികേടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷനേതാവായി ചെന്നിത്തല തുടര്‍ന്നാല്‍, കെ.പി.സി.സി. അധ്യക്ഷപദവിക്ക്‌ അവകാശവാദമുന്നയിക്കാനാണ്‌ എ ഗ്രൂപ്പ്‌ നീക്കം. അങ്ങനെയെങ്കില്‍ അത്‌ ഐ ഗ്രൂപ്പുകാരനായ കെ. സുധാകരന്റെ സാധ്യതകള്‍ക്കു തടസമാകും.


സുധാകരന്‍ അധ്യക്ഷനാകുന്നതിനോട്‌ എ ഗ്രൂപ്പിന്‌ ഒട്ടും യോജിപ്പില്ല. സമവായ സ്‌ഥാനാര്‍ഥിയായി കെ. മുരളീധരനെ പിന്തുണയ്‌ക്കാന്‍പോലും അവര്‍ മടിക്കില്ല. മുമ്ബ്‌ ഐ ഗ്രൂപ്പുകാരനായിരുന്നെങ്കിലും ഇപ്പോള്‍ മുരളീധരന്‍ ഒരുപക്ഷത്തുമില്ല.

മുരളിയെ പിന്തുണയ്‌ക്കുന്നതിനൊപ്പം യു.ഡി.എഫ്‌. കണ്‍വീനര്‍ സ്‌ഥാനത്തിനും പിടിമുറുക്കുകയാകും എ ഗ്രൂപ്പിന്റെ തന്ത്രം. എം.എം. ഹസനെ കണ്‍വീനര്‍ സ്‌ഥാനത്തുനിന്നു മാറ്റിയാല്‍ കെ.സി. ജോസഫാകും എ ഗ്രൂപ്പ്‌ നോമിനി.

No comments