Breaking News

പ്രതിപക്ഷത്തെ രണ്ടു കസേരകള്‍ക്കും പിടിവലി ശക്തം..!! പ്രതിപക്ഷ നേതൃ സ്ഥാനത്തിനും കെപിസിസി അദ്ധ്യക്ഷനും വേണ്ടി എ,ഐ ഗ്രൂപ്പുകൾ..

 


തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തിനും കോണ്‍ഗ്രസില്‍ പിടിവലി. ഭരണം കിട്ടാതെ വന്നതോടെ പ്രതിപക്ഷത്തും പാര്‍ട്ടിയിലുമായുള്ള രണ്ടു നിര്‍ണ്ണായക കസേരകള്‍ക്ക് എ,ഐ ഗ്രൂപ്പുകള്‍ കച്ച മുറുക്കുകയാണ്. എ ഗ്രൂപ്പില്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും റെഡിയാകുമ്ബോള്‍ ഐയില്‍ രമേശ് ചെന്നിത്തലയ്ക്കും വി.ഡി.സതീശനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. നേരത്തേ മുതല്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് കണ്ണും നട്ടിരിക്കുന്ന കെ. സുധാകരനും അണിയറയില്‍ തയ്യാറെടുക്കുകയാണ്.


ഗ്രൂപ്പ് നീക്കങ്ങള്‍ ശക്തമായിരിക്കുന്ന കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.


പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയ്ക്ക് കീഴില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്യാനായില്ല എന്നതാണ് എ ഗ്രൂപ്പ് പ്രധാന വിഷയമായി എടുത്തു കാട്ടുന്നത്. അതേസമയം ​‍പാര്‍ട്ടിയുടെ പരാജയം മൊത്തത്തില്‍ ഏറ്റെടുക്കണമെന്ന് ഐ ഗ്രൂപ്പ് കരുതുന്നു. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല ഒട്ടേറെ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ പാര്‍ട്ടിക്കായില്ല. അതുകൊണ്ടു തന്നെ മൊത്തത്തിലുള്ള പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.


തോല്‍വിയുടെ ആഘാതത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുമ്ബോഴും ഗ്രൂപ്പ് യോഗങ്ങള്‍ നേതാക്കള്‍ ചേര്‍ന്നിരുന്നതായിട്ടാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുന്നോട്ട് വെക്കാന്‍ തീരുമാനമെടുത്തിട്ടുള്ളതായിട്ടാണ് വിവരം. പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും മാറ്റാന്‍ ഹൈക്കമാന്റിന്റെ നിര്‍ദേശം വരുന്നത് അനുസരിച്ച്‌ നീങ്ങാനാണ് എ ഗ്രൂപ്പ് സജ്ജമാകുന്നത്. അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറാന്‍ രമേശ് ചെന്നിത്തലയ്ക്കും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഇറങ്ങാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോ താല്‍പ്പര്യമില്ല.


പക്ഷേ ഹൈക്കമാന്‍ഡ് തീരുമാനം ഉണ്ടായാല്‍ ചെന്നിത്തലയ്ക്ക് സ്ഥാനം ഒഴിയേണ്ടി വരും. രമേശ് ചെന്നിത്തലയ്ക്ക് ഏതെങ്കിലും രീതിയില്‍ മാറേണ്ട സാഹചര്യം ഉണ്ടായാല്‍ യുവനേതാവും പ്രവര്‍ത്തിപരിചയവുമുളള വി.ഡി സതീശനെ നിര്‍ദേശിക്കാനാണ് ഐ ഗ്രൂപ്പിന് താല്‍പ്പര്യം. നേരത്തേ കെ മുരളീധരനും കെ. സുധാകരനും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടുപേരും കെപിസിസി അദ്ധ്യക്ഷപദവിയില്‍ തന്നെയാണ് കണ്ണു വെച്ചാണ് നീങ്ങുന്നത്. തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പളളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ മുറവിളിയുണ്ട്. യുവനേതാക്കള്‍ ഇക്കാര്യം പരസ്യമായി അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പള്ളി ഒഴിയാന്‍ തന്നെയാണ് സാധ്യത.


പ്രതിപക്ഷ നേതാവ് പദവി ലഭിച്ചാല്‍ കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പിന്തുണച്ചേക്കും. നേമത്ത് താന്‍ നേരിട്ട പരാജയം കെ. മുരളീധരന്റെ രൂക്ഷമായ പ്രതികരണത്തിന് കാരണമായിട്ടുണ്ട്. നേമത്ത് താന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ എന്ന അഭിപ്രായപ്പെടുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടായിരുന്നു ​ഇതെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച രാഷ്ട്രീയ കാര്യ സമിതി ചേരുന്നുണ്ട്. കെ.പി.സി.സി നേതൃത്വത്തിന് യോഗത്തില്‍ മറുപടി പറയേണ്ടി വരും.

No comments