Breaking News

പിണറായിക്ക് ഒത്ത പോരാളി: കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കുന്ന തീരുമാനം നെഞ്ചിലേറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകർ..!! സതീശൻ - സുധാകരൻ കൂട്ടുകെട്ടിൽ എതിർ ക്യാമ്പിൽ ആശങ്ക..

 


കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഹൈകമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നറിഞ്ഞതോടെ തീരുമാനം നെഞ്ചിലേറ്റാനൊരുങ്ങിയിരിക്കയാണ് കേരളത്തിനകത്തെയും പുറത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹൈകമാന്‍ഡ് തീരുമാനത്തോട് മുഖം തിരിച്ചുനില്‍ക്കുന്ന ഗ്രൂപ് നേതാക്കള്‍ക്ക് മുന്നില്‍ ഇടി തീയായാണ് സുധാകരന്‍്റെ വരവ്.


സുധാകരനോട് ഗ്രൂപുകള്‍ സഹകരിക്കില്ലെന്ന ആശങ്ക ഉണ്ടെങ്കിലും ഹൈകമാന്‍ഡ് അത് ഒട്ടും കാര്യമായെടുക്കുന്നില്ല. ഗ്രൂപ് നേതാക്കളെ ആരേയും പ്രകോപിപ്പിക്കാതെ ‌കരുതലോടെയാണ് സുധാകരന്റെയും നീക്കങ്ങള്‍.


തുടക്കത്തില്‍ ആരുമായും ഒരു ഏറ്റുമുട്ടല്‍ വേണ്ടെന്നാണ് സുധാകരന്‍്റെ തീരുമാനം.


പിന്നീട് പാര്‍ടിയില്‍ പിടിമുറുക്കി തന്‍്റെ ശൈലി നടപ്പാക്കാനായിരിക്കും അദ്ദേഹം തയ്യാറാകുക. പാര്‍ടിയില്‍ അച്ചടക്കം കൊണ്ടുവരാനായിരിക്കും ആദ്യം തീരുമാനിക്കുക.


വിമത ശബ്ദം ഉയര്‍ത്തുന്നവരെ മൂലയ്ക്കിരുത്താനും സുധാകരന്‍ തയ്യാറായേക്കും. പഴഞ്ചന്‍ രീതി മാറ്റി കോണ്‍ഗ്രസില്‍ ശക്തമായ, സമഗ്രമായ സംഘടനാ സംവിധാനം ഉണ്ടാക്കുകയെന്ന വെല്ലുവിളിയും സുധാകരന് ഏറ്റെടുക്കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഗാന്ധിയന്‍ മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ നീങ്ങുന്ന സ്വഭാവക്കാരനാണ് സുധാകരന്‍. കണ്ണൂരില്‍ അത് ഭംഗിയായി നടപ്പിലാക്കിയത് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു.


സി പി എമിനെയും മുന്നണിയെയും നയിക്കുന്ന പിണറായിക്ക് ഒത്ത പോരാളിയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെ കാണുന്നത്.


ഗ്രൂപിനതീതനായി വന്ന വി എം സുധീരന് പാതിവഴിയില്‍ പടിയിറങ്ങേണ്ടിവരികയും ഹൈകമാന്‍ഡ് നേരിട്ട് ഇറക്കിയ മുല്ലപ്പള്ളിക്ക് കാര്യമായി പ്രവര്‍ത്തിക്കാനുമാകാത്ത സാഹചര്യത്തിലാണ് സുധാകരന്‍്റെ വരവ്. ഗ്രൂപില്ലാതാക്കാന്‍ ഹൈകമാന്‍ഡ് നടത്തിയ മുന്‍ പരീക്ഷണങ്ങള്‍ പരാജയമായ സാഹചര്യത്തില്‍ സുധാകരന് അതേസ്ഥിതിയുണ്ടാകില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.


പരാജയത്തിന്‍്റെ പടുകുഴിയില്‍ വീണ പാര്‍ടിയെ രക്ഷിക്കാന്‍ ഗ്രൂപിന് അതീതനായ ഒരാള്‍ വരണമെന്ന ചിന്ത താഴെത്തട്ടിലെ ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ട്. ഗ്രൂപ് നേതാക്കള്‍ നിസഹകരണ മനോഭാവം സ്വീകരിച്ചാലും താഴേത്തട്ടില്‍ അത് ഫലിക്കില്ല. മാത്രമല്ല, അടുത്തെങ്ങും തിരഞ്ഞെടുപ്പ് നടക്കാനില്ലെന്നിരിക്കെ, ഗ്രൂപിസം ഇല്ലാതാക്കാന്‍ ഇതിലും നല്ലൊരു അവസരമില്ലെന്ന് ഹൈകമാന്‍ഡ് കണക്കുകൂട്ടുന്നു. ആരെ പ്രഖ്യാപിച്ചാലും അംഗീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിട്ടുണ്ട്.



ഗ്രൂപ് നേതൃത്വങ്ങളുടെ അതൃപ്തി സമയമെടുത്ത് പരിഹരിക്കാനാണ് ഹൈകമാന്‍ഡ് തീരുമാനം. അതേസമയം സുധാകരന്റ നീക്കങ്ങളും കരുതലയോടെയാണ്. തീരുമാനം പ്രഖ്യാപിക്കുന്നതുവരെ പരസ്യപ്രതികരണം പാടില്ലെന്ന് സുധാകരനോട് ഹൈകമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. അത് അതേപടി അനുസരിച്ച സുധാകരന്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് തങ്ങുന്ന സുധാകരന്‍ ആയുര്‍വേദ ചികില്‍സയിലായതിനാല്‍ കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തിലും പങ്കെടുത്തില്ല.


നല്ല പ്രതിപക്ഷ നേതാവിനെ കിട്ടിയ കോണ്‍ഗ്രസിന് കഴിവുള്ള കെ പി സി സി പ്രസിഡണ്ട് കൂടി വരുന്നതോടെ പുതിയ ടീം വര്‍കായിരിക്കും കോണ്‍ഗ്രസില്‍ കാണാന്‍ കഴിയുക. സുധാകരന്‍ വരുന്നതോടെ മറ്റു പാര്‍ടികളില്‍ ചേക്കേറിയ പലരും കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.

No comments