കോണ്‍ഗ്രസ് അടിമുടി പരിഷ്കരിക്കപ്പെടണമെന്ന് കപില്‍ സിബല്‍..!! മാറ്റത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ..
ന്യൂഡല്‍ഹി: സംഘടനയുടെ എല്ലാതലത്തിലുമായി കോണ്‍ഗ്രസില്‍ സമൂലമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടി നിഷ്ക്രീയാവസ്ഥയിലല്ലെന്നു തെളിയിക്കുന്നതിനും ബിജെപിക്കുള്ള രാഷ്ട്രീയ ബദലായി സ്വയം അവതരിപ്പിക്കുന്നതിനും സമൂലമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാള്‍ കൂടിയാണ് സിബല്‍. പിടിഐക്ക് നല്കിയ അഭിമുഖത്തിലായിരുന്നു സിബലിന്റെ തുറന്നുപറച്ചില്‍.
നിലവില്‍ ബിജെപിക്ക് ശക്തമായ രാഷ്ട്രീയബദല്‍ ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശമില്ല. കോണ്‍ഗ്രസിന് മാത്രമാണ് ഒരു ബദല്‍സാധ്യത കാണുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ രാജ്യത്തിന് ഹാനികരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയ പ്പെട്ടതായും അതിന്റെ തെളിവാണ് അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജിതന്‍ പ്രസാദക്ക് ബിജെപിയില്‍നിന്ന് പ്രസാദം ലഭിച്ചതിനാലാണ് പാര്‍ട്ടി വിട്ടത്. പരിചയസമ്ബന്നതയുള്ള മുതിര്‍ന്നവരെയും യുവനേതൃത്വത്തെയും ഒരുമിച്ചുകൊണ്ടുപോകണം. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ മോദിസര്‍ക്കാറിന്റെ കഴിവില്ലായ്മ രാജ്യം കണ്ടതാണ്. ഇതില്‍ ജനങ്ങളുടെ വേദന പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments